കൊവിഡ് പോസിറ്റീവായാല്‍ പ്രത്യേക അവധിയില്ല; പകരം വര്‍ക്ക് ഫ്രം ഹോം, മാനദണ്ഡങ്ങള്‍ പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്‌പെഷ്യല്‍, ക്യാഷ്വല്‍ ലീവുകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. കൊവിഡ് പോസിറ്റീവായ, വര്‍ക്ക് ഫ്രം ഹോം സംവിധാനമുള്ള ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ അവധിക്ക് പകരം ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പൊതുഖേലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ് . വര്‍ക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാര്‍ക്ക് 5 ദിവസത്തെ സ്‌പെഷ്യല്‍ ലീവ് ഫോര്‍ കോവിഡ് - 19 അനുവദിക്കാം . അവധി ദിവസങ്ങള്‍ ഉള്‍പ്പെടെയാകുമിത്. അഞ്ചു ദിവസം കഴിഞ്ഞു ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ച് ഓഫീസില്‍ ഹാജരാകണം. അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കില്‍ അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിള്‍ ലീവ് എടുത്ത ശേഷം ഓഫിസില്‍ ഹാജരാകേണ്ടതാണ്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ആലോചനയുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 922 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1329 പേര്‍ രോഗമുക്തി നേടി. ഇതോടെ 6998 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,50,028 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കൂടാതെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും ( 2,69,24,162 ), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,32,39,061) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 78 ശതമാനം ( 12,02,339 ) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 44 ശതമാനം ( 6,82,081 ) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് ( 14,86,189 ).
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ് - 19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 123 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,138 ആയി.












Click it and Unblock the Notifications