ഇസ്രായേലിലേക്ക് പോയ മലയാളി തീര്‍ത്ഥാടക സംഘത്തിലെ 7 പേരെ കാണാനില്ല; മനപൂര്‍വം മുങ്ങിയതെന്ന് പരാതി
മലപ്പുറം: ഇസ്രായേലിലേക്ക് പോയ മലയാളി തീര്‍ത്ഥാടക സംഘത്തിലെ ഏഴ് പേരെ കാണാതായതായി പരാതി. തിരുവനന്തപുരം, കൊല്ലം സ്വദേശികളെയാണ് കാണാതായിരിക്കുന്നത്. ഇസ്രായേലിലേക്ക് യാത്രയൊരുക്കിയ മലപ്പുറം ജില്ലയിലെ ട്രാവല്‍ ഏജന്‍സി മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പിക്കും മലപ്പുറം എസ് പിക്കും ഇത് സംബന്ധിച്ച പരാതി നല്‍കി.
ജൂലൈ 25 ന് ആണ് സംഘം യാത്ര പുറപ്പെട്ടത്. കാണാതായലവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവര്‍ മനപൂര്‍വം മുങ്ങിയതാണെന്നും കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നുമാണ് മലപ്പുറത്തെ ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ പരാതിയില്‍ പറയുന്നത്. ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കായിരുന്നു ട്രാവല്‍ ഏജന്‍സി യാത്ര സംഘടിപ്പിച്ചിരുന്നത്.

നസീര്‍ അബ്ദുല്‍ റസാഖ് (കുന്നില്‍ വീട്, കുളമുട്ടം, പി.ഒ മൂങ്ങോട്), ഷാജഹാന്‍ അബ്ദുല്‍ ഷുക്കൂര്‍ (പാകിസ്താന്‍മുക്ക്, പി.ഒ മിതിര്‍മല, തിരുവനന്തപുരം), ഹകീം അബ്ദുല്‍ റസാഖ് (അഹമ്മദ് മന്‍സില്‍, കുളമുട്ടം, മണമ്പൂര്‍, തിരുവനന്തപുരം), ഷാജഹാന്‍ കിതര്‍ മുഹമ്മദ് (ഒലിപ്പില്‍ കുളമുട്ടം തിരുവനന്തപുരം), ബീഗം ഫന്റാസിയ (ഷഫീഖ് മന്‍സില്‍ പാലക്കല്‍, കടയ്ക്കല്‍, കൊല്ലം), നവാസ് സുലൈമാന്‍ കുഞ്ഞ് (ഷാഹിനാസ് സ്‌ന്നേഹതീരം പുനുകന്നൂര്‍ ചിറയടി, പെരുമ്പുഴ കൊല്ലം), ഭാര്യ ബിന്‍സി ബദറുദ്ദീന്‍ ഷാഹിനാസ് (സ്‌ന്നേഹതീരം പുനുകന്നൂര്‍ ചിറയടി, പെരുമ്പുഴ കൊല്ലം) എന്നിവരെയാണ് കാണാതായിരിക്കുന്നത്.
വെള്ളിയാഴ്ച സംഘം ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദിസ് സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് ഏഴ് പേരെ കാണാതായത് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഏഴ് പേരും അനധികൃതമായി കടന്നുകളഞ്ഞതാണ് എന്നാണ് ട്രാവല്‍സ് അധികൃതര്‍ ആരോപിക്കുന്നത്. യാത്രാസംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂര്‍ ഏജന്റ് തടഞ്ഞ് വെച്ചിരിക്കയാണ്. കാണാതായവരെ കണ്ടെത്തിയില്ലെങ്കില്‍ പിഴയായി ഓരോ അംഗത്തിനും 15000 ഡോളര്‍ വീതം അടക്കേണ്ടി വരും.
ഷെഡ്യൂള്‍ പ്രകാരം നാളെയാണ് സംഘം ഇസ്രായേലില്‍ നിന്ന് മടങ്ങേണ്ടത്. നാളെ കൂടി മാത്രമെ ഹോട്ടലില്‍ താമസിക്കാന്‍ സാധിക്കൂ. ടൂര്‍ ഏജന്‍സി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു എന്നും ട്രാവല്‍സ് ഉടമകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതായ ഏഴ് പേര്‍ക്കും വേണ്ടി പണമടച്ചത് സുലൈമാന്‍ എന്നയാളാണ്. ഫെഡറല്‍ ബാങ്ക് അടൂര്‍ ശാഖയില്‍ നിന്നാണ് ഓണ്‍ലൈനായി പണമടച്ചത്.
എന്നാല്‍ സുലൈമാനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കുന്നില്ല എന്നാണ് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ ജലീല്‍ മങ്കരത്തൊടി പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായി സംഘടിപ്പിച്ച യാത്രയില്‍ നാല് പേരെ ഇതുപോലെ കാണാതായിരുന്നു എന്നും അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications