ദേവനന്ദ എവിടെ? പ്രാർത്ഥനയോടെ കേരളം, അന്വേഷണം ഊർജ്ജിതം
കൊല്ലത്ത് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരി ദേവനന്ദയെ കാണാതായിട്ട് 10 മണിക്കൂർ പിന്നിട്ടു. കുട്ടി എവിടെയാണെന്നതിനെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പോലീസും നാട്ടുകാരും ഒരുമിച്ച് ദേവനന്ദയെ തിരയുകയാണ്. വീടിന് സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇവിടെ നിന്നും സൂചനകളൊന്നും ലഭിച്ചില്ല.
ദേവനന്ദയ്ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. സംസ്ഥാന , ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിനായി ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. സൈബർ വിദഗ്ധർ അടക്കം 50 പേരാണ് സംഘത്തിലുള്ളത്.
പോലീസ് നായ മണം പിടിച്ച് പുഴ കടന്ന് പോവുകയും വള്ളക്കടവിൽ എത്തുകയും ചെയ്തിരുന്നു. അവിടെ നിന്നും നായ തിരികെ കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ദേവനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രം വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്.

രാവിലെ 11 മണിയോടെയാണ് ദേവനന്ദയെ കാണാതാകുന്നത്. അമ്മ ധന്യ തുണി കഴുകാൻ പോയപ്പോൾ വീടിനകത്ത് പോയിരിക്കാൻ അമ്മ ആവശ്യപ്പെട്ടു. കുഞ്ഞ് അകത്തേയ്ക്ക് പോകുന്നത് കണ്ട ശേഷമാണ് അമ്മ പോയത്. എന്നാൽ തിരികെയെത്തിയപ്പോൾ കുട്ടിയെ കണ്ടില്ല. കുട്ടിയുടെ അച്ഛൻ പ്രദീപ് ഗൾഫിലാണ്.












Click it and Unblock the Notifications