കേരളത്തിന് കൈത്താങ്ങായി ലൈംഗികത്തൊഴിലാളികളും; ദുരിതാശ്വാസ നിധിയിലേക്ക് ഒന്നേകാൽ ലക്ഷം
അഹ്മദ് നഗർ: മഹാപ്രളയത്തിൽ നിന്നും കരകയറാൽ ലോകം മുഴുവൻ കേരളത്തിനായി കൈകോർക്കുകയാണ്. മനുഷ്യൻ ഇത്ര വലിയവനാണോയെന്ന് തോന്നിപ്പിക്കുന്നതാണ് കേരളത്തിന് നേരെ നീട്ടുന്ന സഹായ ഹസ്തങ്ങളിൽ പലതും.
വിൽക്കാനായി കൊണ്ടുവന്ന പുതപ്പുകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയ അന്യസംസ്ഥാനക്കാരനും കുടുക്ക പൊട്ടിച്ച് കേരളത്തിനായി നൽകിയ കുരുന്നുകളുമൊക്കെ നമ്മെ പലതും ചിന്തിപ്പിക്കുന്നുണ്ട്.
അക്കൂട്ടത്തിലേക്ക് ചേർത്ത് വയ്ക്കാവുന്നതാണ് മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ നൽകുന്ന സംഭാവനയും. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളീയർക്കായി ഒന്നേകാൽ ലക്ഷം രൂപയാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ലൈംഗിക തൊഴിലാളികൾ
സമൂഹം എപ്പോഴും വെറുപ്പോടെ മാത്രം നോക്കുന്ന ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികൾ. മഹാരാഷ്ട്രയിലെ അഹമദ് നഗറിലുള്ള ലൈംഗിക തൊഴിലാളികളാണ് പ്രളയ ദുരിതാശ്വാസത്തിനായി അവരുടെ സമ്പാദ്യത്തിലെ ഒരു പങ്ക് നീക്കി വെച്ചിരിക്കുന്നത്. 21,000 രൂപ അവർ കൈമാറിക്കഴിഞ്ഞു. ഒരു ലക്ഷം രൂപ കൂടി സമാഹരിച്ച് ഈ മാസം അവസാനത്തോടു കൂടി കേരളത്തിനായി നൽകുമെന്ന് അറിയിച്ചിട്ടുമുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക്
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി അഹമദ് നഗറിലെ ഡെപ്യൂട്ടി കളക്ടർ പ്രശാന്ത് പാട്ടിലിന് ചെക്ക് കൈമാറിയതായി ലൈംഗിക തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന എൻ ജി ഒ പ്രതിനിധികൾ അറിയിച്ചു. ലൈംഗികത്തൊഴിലാളികളുടെ ക്ഷേമത്തിനായി 30 വർഷമായി പ്രവർത്തിക്കുന്ന സ്നേഹാലയ എന്ന എൻ ജി ഒയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഉടൻ തന്നെ ഒരു ലക്ഷം രൂപകൂടി സമാഹരിച്ച് കൈമാറുമെന്ന് എൻ ജി ഒ ഭാരവാഹി ദീപക് ബുറം അറിയിച്ചിട്ടുണ്ട്.

27 ലക്ഷം
ഇതാദ്യമായല്ല അഹ്മദ് നഗറിലെ ലൈംഗികത്തൊഴിലാളികൾ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്കായി തങ്ങളുടെ സമ്പാദ്യത്തിലെ ഒരു പങ്ക് നൽകുന്നത്. 2015 ഡിസംബറിലുണ്ടായ ചെന്നൈ പ്രളയബാധിതരെ സഹായിക്കാനായി ഒരു ലക്ഷം രൂപ നൽകിയിരുന്നു. ഗുജറാത്ത് ഭൂമികുലുക്കം, സുനാമി, കശ്മീരിലെയും ബിഹാറിലെയും പ്രളയങ്ങൾ, മഹാരാഷ്ട്രയിലെ വരൾച്ച, തുടങ്ങി നിരവധി പ്രകൃതി ദുരന്തങ്ങളിൽപെട്ടവരെ സഹായിക്കാനായി ഇതുവരെ 27 ലക്ഷം രൂപയാണ് ഈ ലൈംഗികത്തൊഴിലാളികൾ കൈമാറിക്കഴിഞ്ഞത്.
Recommended Video


നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications