സിപിഎം ലൈംഗിക വിവാദം: മാധ്യമപ്രവര്‍ത്തകന് വധഭീഷണി
കണ്ണൂര്‍: സിപിഎമ്മിന്റെ ഉന്നത നേതാവിനെ അവിഹിത ബന്ധത്തിന് നാട്ടുകാര്‍ പിടികൂടി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച പത്ര ലേഖകന് വധ ഭീഷണിയെന്ന് പരാതി. കേരള കൗമുദി ഫ്ളാഷ് കണ്ണൂര്‍ ബ്യൂറോ ചീഫ് മഹേഷ് ബാബുവിനെയാണ് ഭീഷണിപ്പെടുത്തിയത്.
സിപിഎം പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ടുവരാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മഹേഷ് ബാബു പറയുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.സിപിഎമ്മിന്റെ സംസ്ഥാന നേതാവിനെതിരെയാണ് പേര് പറയാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. കണ്ണൂരിലെ പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ സാരഥികൂടിയാണ് ഇദ്ദേഹം എന്ന് പറയുന്നു.

മഹേഷ് ബാബുവിനെ ഫോണില്‍ വിളിച്ച് നിരവധി തവണ ഭീഷണിപ്പെടുത്തി. ലേഖകന്റെ വീട്ടിലും ഭാര്യ വീട്ടിലും കയറി പലതവണ ഭീഷണി മുഴക്കിയതായും പറയുന്നു. വധ ഭീഷണിയുടെ കാര്യം പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ കോട്ടയായ പെരളശ്ശേരിയിലെ ഒരു വീട്ടില്‍ വച്ചാണ് പാതിരാത്രിയില്‍ നേതാവിനെ നാട്ടുകാരും പാര്‍ട്ടിക്കാരും തടഞ്ഞുവച്ചത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പലതവണ ഈ വീട്ടില്‍ നേതാവിന്റെ അസമയത്തുള്ള പോക്കുവരവുകള്‍ ഉണ്ടായിരുന്നു എന്നും ആരോപണം ഉണ്ട്.
വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സേവ് സിപിഎം ഫോറം എന്ന പേരില്‍ കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും നേതാവിന്റെ പേര് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പാര്‍ട്ടിക്കെതിരെ അപവാദ പ്രചാരണനമാണ് ചില മാധ്യമങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സിപിഎം ആരോപിച്ചിരുന്നു. അപവാദ പ്രചാരണത്തിനെതിരെ നിയനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications