
'സമരവും ആക്രമണവും അംഗീകരിക്കാനാവില്ല', രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം തള്ളിപ്പറഞ്ഞ് എസ്എഫ്ഐ
തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെ തള്ളിപ്പറഞ്ഞ് എസ്എഫ്ഐ. വയനാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്ന് എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കി. 'രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ല, ഇതിനെ തള്ളിപ്പറയുന്നു'.
'സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും'.
എസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന, ആക്രമണം ശരിയായ പ്രവണതയല്ല: സീതാറാം യെച്ചൂരി
ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം. അവസരം മുതലെടുത്ത് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
കല്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന അക്രമത്തെ അതിശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. ഇത്തരം അക്രമങ്ങൾക്ക് സിപിഐ എം ഒരിക്കലും കൂട്ടുനിൽക്കില്ല. ഈ അക്രമസംഭവത്തിൽ ഏതെങ്കിലും എസ് എഫ് ഐ - സിപിഐ എം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അവർക്കെതിരെ കർശന നടപടി എടുക്കും. ഇത് ഒരു അവസരമാക്കി കേരളമാകെ സിപിഐ എം ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ കോൺഗ്രസുകാർ നടത്തുന്ന അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നു. അക്രമം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടണം എന്നും എംഎ ബേബി പ്രതികരിച്ചു.
ധ്യാന്‍ ശ്രീനിവാസന് പ്രസ്താവന തിരുത്താന്‍ തയ്യാറാവണം: നടനെതിരെ രൂക്ഷ വിമർശനവുമായി ലിന്റോ ജോസഫ്