ഗവർണർക്കെതിരായ എസ്എഫ്ഐ ആക്രമണം പൊലീസിൻ്റെ ആസൂത്രണം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന ഗവർണർക്കെതിരായ ആക്രമണം പൊലീസിൻ്റെ ആസൂത്രണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് എസ് എഫ് ഐ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുത്തത്. ഗവർണർ വരുന്ന വിവരങ്ങളും റൂട്ടും പൊലീസ് ഗുണ്ടകൾക്ക് ചോർത്തി കൊടുത്തുവെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പൊലീസിൻ്റെ സഹായത്തോടെയാണ് എസ് എഫ് ഐ - ഡി വൈ എഫ് ഐ സംഘം ഗവർണറെ ആക്രമിക്കുന്നത്. പൈലറ്റ് വാഹനങ്ങൾ അക്രമികൾക്ക് നിർത്തികൊടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഗവർണറെ ആക്രമിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണം. സർക്കാർ അറിഞ്ഞു കൊണ്ടാണ് പൊലീസ് ഈ പണി ചെയ്യുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസിന് ഗവർണർക്ക് സുരക്ഷയൊരുക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി അത് തുറന്ന് പറയണം. ഗുരുതരമായ ക്രമസമാധാന തകർച്ചയാണ് സംസ്ഥാനത്തുള്ളത്. ഭരണതലവനായ ഗവർണർക്ക് സഞ്ചരിക്കാൻ വയ്യെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അടുത്ത് പോയ മാദ്ധ്യമപ്രവർത്തകനെ പൊലീസ് മർദ്ദിച്ചു.
കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ സംഭവിക്കുന്നത്. അട്ടക്കുളങ്ങര ജയിലിൽ പോയി കേസ് അട്ടിമറിച്ച അതേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഗവർണർക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും പിന്നിൽ. സംസ്ഥാന ഗവർണറെ അപായപ്പെടുത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ഇന്ത്യാ ചരിത്രത്തിൽ തന്നെ ആദ്യമാണ്. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും പ്രതിഷേധിച്ചാൽ അവരെ നേരിടുന്നത് ഗുണ്ടകളാണ്.
പ്രതിഷേധക്കാർക്കെതിരെ വധശ്രമത്തിന് കേസെടുക്കും. എന്നാൽ ഗവർണറുടെ വാഹനത്തിന് നേരെ അടിക്കാനുള്ള സംവിധാനം അക്രമികൾക്ക് ചെയ്തു കൊടുക്കുന്നു. ഇതിനെതിരെ സ്വാഭാവിക പ്രതിഷേധമുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കേരള ഗവര്‍ണറെ തെരുവില്‍ തടഞ്ഞു നിര്‍ത്തി ശല്യപ്പെടുത്തുന്ന രാഷ്‌ട്രീയം പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് മുന്‍ മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്നില്‍ നിക്ഷിപ്തമായ ഭരണഘടനാപരമായ ഉത്തവാദിത്ത്വം നിര്‍വഹിക്കുകമാത്രമെ ഗവര്‍ണര്‍ ചെയ്യുന്നുള്ളു. തങ്ങള്‍ക്ക് അഹിതമായതും പ്രതികൂലമായതുമായ യാതൊന്നും ചെയ്യാന്‍ ഗവര്‍ണറെ അനുവദിക്കില്ലെന്നും, തങ്ങളുടെ വരുതിയില്‍ അദേഹം നിന്നുകൊടുക്കണമെന്നുമുള്ള സി പി എമ്മിന്റെ മുന്നറിയിപ്പും ദുശ്ശാഠ്യവും സമ്മര്‍ദ്ദതന്ത്രവുമാണ് തിങ്കളാഴ്ച ഗവര്‍ണര്‍ക്കെതിരെ നടന്ന അതിക്രമത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications