ഇന്ന് എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ്; പ്രതിഷേധത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് നേതാക്കൾ
നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ. നീറ്റ് പരീക്ഷ അട്ടിമറിക്ക് ഉത്തരവാദിയായ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും എസ്എഫ്ഐ ഉന്നയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നും നേതാക്കൾ പ്രതികരിച്ചു.
അതേസമയം രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരം 35ാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. ഇന്ന് കേന്ദ്രസർക്കാർ സിജെപി പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ വച്ചായിരിക്കും ചർച്ചയെന്നാണ് സിജെപി വക്താവ് സൗരവ് ദാസ് നൽകുന്ന സൂചന. ഇനി മന്ത്രി ജെപി നദ്ദയുടെ വസതിയിലേക്ക് ചർച്ചക്കില്ലെന്ന് നേരത്തേ സിജെപി പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ ഇനി ജന്തർ മന്തറിലേക്ക് വരട്ടെയെന്നായിരുന്നു സിജെപി നിലപാട്. എന്നാൽ ഇരുകൂട്ടർക്കും സ്വീകാര്യമായ സ്ഥലത്ത് ചർച്ച നടത്താമെന്ന നിലപാട് സർക്കാർ അറിയിച്ചതിനെ തുടർന്ന് സിജെപി പ്രതിനിധികൾ അയയുകയായിരുന്നു.

അതിനിടെ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് 26 ിവസം നീണ്ടുനിന്ന സമരം അദ്ദേഹം അവസാനിപ്പിച്ചത്. അതിനിടെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിന് കൂടുതൽ കർശനമായ നടപടികൾ വെള്ളിയാഴ്ചത്തെ കേന്ദ്ര കാബിനറ്റ് യോഗം ചർച്ച ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് രാത്രി വൈകി ഇൻസ്റ്റ്ഗ്രാം പോസ്റ്റിലൂടെയും പ്രധാനമന്ത്രി അറിയിച്ചു.
പ്രധാൻ രാജിവെയ്ക്കുമോ
കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആവർത്തിച്ച ്പറയുമ്പോഴും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കുമോയെന്ന കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. എന്നാൽ മന്ത്രിയുടെ രാജിയിൽ കുറഞ്ഞ ഒരു നിർദേശങ്ങളും അംഗീകരിക്കാൻ ഒരുക്കമല്ലെന്ന നിലപാട് കടുപ്പിക്കുകയാണ് സിജെപി. ഇന്ന് 12 മണിക്ക് ശേഷമാണ് സിജെപിയും സർക്കാരും തമ്മിൽ ചർച്ച നടക്കുന്നത്. ചർച്ചയിലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രതിഷേധത്തിൻ്റെ മുന്നോട്ടുള്ള പോക്ക്.


Click it and Unblock the Notifications