നാളെ പഠിപ്പ് മുടക്ക് സമരം: സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ
തിരുവനന്തപുരം: എസ് എഫ് ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് എസ് എഫ് ഐ പഠിപ്പി മുടക്ക്. കേരളത്തിലെ സർവകലാശാലകളെ സംഘപരിവാരത്തിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നേരത്തെ വിമർശിച്ചിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പുറമെ കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്കും സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്തിരിക്കുകയാണ് ഗവർണർ. വിദ്യാർത്ഥി മണ്ഡലത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മുഴുവൻ പേരും എ ബി വി പി പ്രവർത്തകരാണ്. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യുന്നതിന് പകരം, എ ബി വി പി പ്രവർത്തകരെ തെരഞ്ഞ്പിടിച്ച് നോമിനേറ്റ് ചെയ്തിരിക്കുകയാണ്. മറ്റ് മണ്ഡലങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവകലാശാല സെനറ്റുകളിൽ തങ്ങളുടെ പ്രതിനിധികളെ കുത്തിക്കയറ്റി കേരളത്തിലെ സർവകലാശാലകളിലും വിദ്യാഭ്യാസത്തിൻ്റെ കാവിവത്കരണം നടപ്പിലാക്കാനുള്ള ഗവർണറെ മുൻനിർത്തിയുള്ള സംഘപരിവാർ നീക്കം വിദ്യാർത്ഥി പ്രതിരോധം തീർത്ത് ചെറുത്ത് തോൽപ്പിക്കുമെന്നും, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ വിട്ട് പുറത്തിറങ്ങാനാവാത്ത നിലയ്ക്കുള്ള ശക്തമായ സമരങ്ങൾക്ക് എസ് എഫ് ഐ നേതൃത്വം നൽകുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ നേരത്തെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.












Click it and Unblock the Notifications