യൂണിയൻ ഓഫീസ് പൂട്ട് പൊളിച്ച് എസ്എഫ്ഐ, മഹാരാജാസിൽ എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘർഷം!
കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിവാദം കെട്ടടങ്ങും മുന്‍പ് എറണാകുളം മഹാരാജാസ് കോളേജില്‍ സംഘര്‍ഷം. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. കോളേജിലെ യൂണിയന്‍ ഓഫീസ് പൂട്ടിയതുമായി ബന്ധപ്പെട്ട് ഇരു സംഘടനയിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം കോളേജ് പ്രിന്‍സിപ്പല്‍ യൂണിയന്‍ ഓഫീസ് അടച്ചിടാന്‍ ഉത്തരവിട്ടിരുന്നു. കോളേജ് യൂണിയന്റെ കാലാവധി കഴിഞ്ഞെന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിന് തുടര്‍ന്നാണ് ഓഫീസ് അടപ്പിച്ചത്. എന്നാല്‍ ഇന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ട് പൊളിച്ച് യൂണിയന്‍ ഓഫീസ് തുറക്കുകയായിരുന്നു.

കോളേജ് മാഗസിന്റെ ജോലികള്‍ അവസാനിച്ചിട്ടില്ലെന്നും അതിനാല്‍ മാഗസിന്‍ എഡിറ്റര്‍ക്ക് യൂണിയന്‍ ഓഫീസ് ഉപയോഗിക്കാമെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു. എസ്എഫ്‌ഐക്കാര്‍ യൂണിയന്‍ ഓഫീസ് തുറന്നതോടെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ജാഥയായി വന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും പിന്നാലെ അത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.
വൈകിട്ട് മൂന്നരയോടെയാണ് ഇരുകൂട്ടരും ചേരി തിരിഞ്ഞ് കോളേജില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികള്‍ അടക്കം നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ക്യാംപസ്സില്‍ എത്തിയാണ് സ്ഥിതി ഗതികള്‍ ശാന്തമാക്കിയത്. പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സ തേടി.












Click it and Unblock the Notifications