ഫാറൂഖ് കോളേജിൽ എസ്എഫ്ഐയുടെ വത്തക്കാ മാർച്ചും പ്രതിഷേധ ഹോളിയും; അണിനിരന്നത് നൂറിലധികം പെണ്‍കുട്ടികൾ
ഫാറൂഖ് കോളേജിലും മറ്റു ക്യാമ്പസുകളിലെയും നൂറു കണക്കിന് പെൺകുട്ടികളടക്കം നിരവധി വിദ്യാർത്ഥികൾ മാർച്ചിൽ അണിനിരന്നു.
കോഴിക്കോട്: ഫാറൂഖ് കോളേജിലെ അദ്ധ്യാപകൻ പെൺകുട്ടികളെ അശ്ലീലരീതിയിൽ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വത്തക്കയുമേന്തിയാണ് 'വത്തക്ക മാർച്ച്' സംഘടിപ്പിച്ചത്. ഫാറൂഖ് കോളേജിലും മറ്റു ക്യാമ്പസുകളിലെയും നൂറു കണക്കിന് പെൺകുട്ടികളടക്കം നിരവധി വിദ്യാർത്ഥികൾ മാർച്ചിൽ അണിനിരന്നു.
മേലെവാരത്ത് നിന്ന് ആരംഭിച്ച വത്തക്ക മാർച്ച് ഫാറൂഖ് ട്രെയിനിങ് കോളേജിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. എസ്എഫ്ഐ സംസ്ഥാന, ജില്ലാ നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വത്തക്ക പരാമർശത്തിന് പുറമേ ക്യാമ്പസിൽ ഹോളി ആഘോഷിച്ച വിദ്യാർത്ഥികളെ അദ്ധ്യാപകർ തല്ലിച്ചതച്ച സംഭവത്തിലും എസ്എഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി. ഫാറൂഖ് കോളേജ് ഗേറ്റിന് മുന്നിൽ വർണങ്ങൾ വാരിവിതറി സമാന്തര ഹോളി ആഘോഷം സംഘടിപ്പിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഫാറൂഖ് കോളേജിന് മുന്നിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനാണ് പ്രസംഗത്തിനിടെ പെൺകുട്ടികളെ അശ്ലീലരീതിയിൽ പരാമർശം നടത്തി അപമാനിച്ചത്. മുസ്ലീം പെൺകുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചാണ് അദ്ധ്യാപകൻ അശ്ലീലച്ചുവയോടെ സംസാരിച്ചത്. പെൺകുട്ടികളുടെ മാറിടത്തെ വത്തക്കയോട് ഉപമിച്ച അദ്ധ്യാപകൻ, മുസ്ലീം പെൺകുട്ടികൾ ഷാൾ കൊണ്ട് മാറിടം മറയ്ക്കാതെ അത് പ്രദർശിപ്പിച്ച് നടക്കുകയാണെന്നും പറഞ്ഞിരുന്നു. അദ്ധ്യാപകന്റെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നതോടെ വൻ പ്രതിഷേധമാണുയരുന്നത്.












Click it and Unblock the Notifications