ഗവർണർക്കെതിരായ പ്രതിഷേധം: അറസ്റ്റ് ചെയ്ത 19 എസ്എഫ്ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: ഗവർണർക്കെതിരെ ഉണ്ടായ പ്രതിഷേധത്തിൽ പോലീസ് അറസ്റ്റ് ചെയ്ത 19 എസ് എഫ് ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം കന്റോൺമെന്റ്, പേട്ട, വഞ്ചിയൂര് സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയവരെ ആണ് തുടർ നടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.
ഇതിൽ 7 പേർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 7 പേർക്കെതിരെ രണ്ട് കേസുകളും മറ്റുള്ളവർക്കെതിരെ ഓരോ കേസുകളുമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് ഡി ജി പിയും ക്രമസമാധാനച്ചുമതലയുള്ള എ ഡി ജി പിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ട് തയ്യാറാക്കാൻ കമ്മീഷണർ സിറ്റി ഡി സി പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗവർണർ ആരിഫ് ഖാനെതിരെ കരിങ്കോടി കാണിച്ചായിരുന്നു എസ് എഫ് ഐയുടെ പ്രതിഷേധം. വൈകീട്ട് കേരള സർവ്വകലാശാല ക്യാമ്പസിന് മുന്നിലായിരുന്നു സംഭവം. പ്രതിഷേധത്തിൽ ക്ഷുഭിതനായി ഗവർണർ കാറിൽ നിന്ന് ഇറങ്ങിയിരുന്നു.എസ് എഫ് ഐ പ്രവർത്തകർ ആദ്യം പ്രതിഷേധിച്ചത് യൂണിവേഴ്സിറ്റി കോളജിന് സമീപമാണ്.
അത് കഴിഞ്ഞ് ജനറല്‍ ആശുപത്രിയ്ക്ക് സമീപവും പ്രതിഷേധം നടന്നു. പേട്ടയിൽ എത്തിയപ്പോൾ ഗവർണറുടെ വാഹനത്തിന് അടുത്തേയ്ക്ക് കരിങ്കൊടിയുമായി പ്രതിഷേധക്കാരെത്തി. ഇതോടെ ഗുണ്ടകൾ ക്രിമിനലുകൾ എന്ന് വിളിച്ച് ഗവർണർ കാറിൽ നിന്ന് ഇറങ്ങി.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ ആക്രമണം എന്ന് ആരോപിച്ച ഗവർണർ തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തകർ പാഞ്ഞടുത്തത് എന്നും പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഗുണ്ടാപ്രവർത്തനങ്ങളിലൂടെ തന്നെ സമ്മർദ്ദത്തിൽ ആക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ലെന്നും ഗവർണർ പറഞ്ഞു. വിമനത്താവളത്തിൽ എത്തിയ ഗവർണർ മുഖ്യമന്ത്രിയെ വിമർശിച്ചു. ഇതാണോ സുരക്ഷ എന്ന് ഗവർണർ ചോദിച്ചു. ഇതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ പൊതുനിരത്തിൽ തടയുന്നത് ഉൾപ്പെടയുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് എസ് എഫ് ഐ നേരത്തെ പറഞ്ഞിരുന്നു. അതേ സമയം, വിമാനത്താവളത്തിലേക്ക് ഗവർണർ പോകുമ്പോൾ വാഹനം തടഞ്ഞുനിർത്തി എസ് എഫ് ഐ പ്രവർത്തകർ നടത്തിയത് പ്രതിഷേധമല്ല ആക്രമണം ആണെന്ന് രാജ്ഭവൻ പറഞ്ഞു. എസ് എഫ് ഐ പ്രവർത്തകർ ഗ്ലാസിൽ ഇടിച്ചത് അടക്കമുള്ള സംഭവങ്ങളിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായും രാജ്ഭവൻ ആരോപിച്ചു.












Click it and Unblock the Notifications