'എസ് എഫ് ഐക്ക് കൈ കൊടുക്കണം'; പിന്തുണച്ച് മന്ത്രിമാർ; ഗവർണറുടെ വാഹനം ആരും തടഞ്ഞില്ലെന്ന് ആർഷോ
തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ എസ് എഫ് ഐയെ പിന്തുണച്ച് മന്ത്രിമാർ. ക്യാമ്പസിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് എസ് എഫ് ഐ ചെയ്തതെന്നും എസ് എഫ് ഐക്ക് കൈ കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി റിയാസ് പറഞ്ഞു. പ്രതിഷേധങ്ങളെ ഒരേ തട്ടിൽ കാണരുതെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്.
ഗവണർക്കെതിരായ എസ് എഫ് ഐ സമരം ഏത് തരത്തിലുള്ളതായിരുന്നുവെന്ന് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാൻ സാധിക്കൂ, പ്രതിഷേധത്തിനിടെ ഗവർണർ വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടോ എന്നും രാജിവ് ചോദിച്ചു. ഗുണ്ടായിസം കാണിച്ചത് ഗവർണറല്ലേ എന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ ചോദിച്ചത്. ഗവർണർ പ്രകോപനം സൃഷ്ടിക്കുന്നുവെന്നും ശശീന്ദ്രൻ പറഞ്ഞു.

അതേ സമയം, ഗവർണറുടെ വാഹനം ആരും തടഞ്ഞില്ലെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റെ പി എം ആർഷോ പറഞ്ഞു. വഴിയരികിൽ നിന്നാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ഗവർണറാണ് പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങി എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തത്. വാഹനത്തിന് മുന്നിലേക്ക് ചാടുന്ന നില എസ് എഫ് ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ആർഷോ പറഞ്ഞു.
കേരളത്തിലെ സർവകലാശാലകളെ സംഘപരിവാറിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി ഭരണസമിതിയിലേക്ക് സംഘപരിവാർ അനുകൂലികളെ തിരികി കയറ്റുന്നതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ക്യാമ്പസുകളുടെ ഉള്ളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ചാൻസലറെ ഒരു ക്യാമ്പസിലും പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ആർഷോ പറഞ്ഞു.
രാജ്യത്തെ പ്രധാന സർവകലാശാലകളെ കീഴടക്കുന്നതിനും സംഘപരിവാറിന്റെ തൊഴുത്തുകളാക്കി മാറ്റുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിയതിന്റെ തുടർച്ച ആയാണ് കേരളത്തിലെ സർവ്വകലാശാലകളിലും സമാനമായ ഇടപെടലുകൾ നടത്തുന്നതെന്നും ആർഷോ പറഞ്ഞു. സംഘപരിവാറിന്റെ ഏജന്റായ ചാൻസലർ ഇട്ടുകൊടുക്കുന്ന അപ്പക്കഷണം ഭക്ഷിച്ച് അദ്ദേഹത്തിനും ആർ എസ് എസ്സിനും പാദസേവ ചെയ്യുന്ന നിലയിലേക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം അധ:പതിച്ചെന്നും ആർഷോ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവന്തപുരത്ത് വെച്ച് ഗവർണർക്ക് എതിരെ എസ് എഫ് ഐ കരിങ്കൊടി കാണിച്ചത്. വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു ഗവർണർക്ക് നേരെ പ്രതിഷേധം നടന്നത്. ഇതിനിടെ കാറിൽ നിന്ന് ഗവർണർ പുറത്തിറങ്ങി. പ്രതിഷേധക്കാരെ ഗുണ്ടകൾ ആക്രമികൾ എന്ന് വിളിച്ചായിരുന്നു ഗവർണർ വാഹനത്തിന് പുറത്തിറങ്ങിത്.
അതേ സമയം പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നും ഗവർണർ പ്രതികരിച്ചു.












Click it and Unblock the Notifications