സിആർപിഎഫ് സുരക്ഷയിലും ഗവർണ്ണറെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവർത്തകർ
കൊച്ചി: സി ആർ പി എഫ് സുരക്ഷയിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. കളമശ്ശേരിയിൽ വച്ചാണ് എസ് എഫ് ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചത്. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ഗവർണ്ണർ അവിടെനിന്ന് റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയിലായിരുന്നു. ഈ യാത്രക്കിടെ കളമശ്ശേരിയില്‍ വെച്ചാണ് എസ് എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാകുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു കൊച്ചിയിലേത്. ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സി ആർ പി എഫ് സുരക്ഷയൊരുക്കിയിരുന്നു. കളമശ്ശേരിയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ വലിയ തോതില്‍ എസ് എഫ് ഐ പ്രവർത്തകർ സ്ഥലത്തേ എത്തിയിരുന്നു. പിരിഞ്ഞു പോയില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് പ്രതിഷേധിക്കാനെത്തിയവരെ അറിയിക്കുകയും ഇവരെ പറഞ്ഞ് വിടുകയുമായിരുന്നു. എന്നാല്‍ എസ് എഫ് ഐ പ്രവർത്തകർ വീണ്ടുമെത്തി ഗവർണർക്കെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു.
റോഡരികിൽ 'സംഘി ഗവർണർ ഗോ ബാക്ക്' എന്ന ബാനർ കാണിച്ചായിരുന്നു എസ് എഫ് ഐ പ്രതിഷേധം. സർവകലാശാലകളിലെ സംഘപരിവാർവത്കരണത്തിന് എതിരെയുള്ള എസ് എഫ് ഐ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു കളമശ്ശേരിയിലേയും പ്രതിഷേധം. ഗവർണർ തിരിച്ചുപൊകുന്നതിനിടെ വീണ്ടും എസ്എഫ്ഐ പ്രവർത്തകർ റോഡരികിൽനിന്ന് കരിങ്കൊടി കാണിച്ചു.












Click it and Unblock the Notifications