'റോജി എം ജോണിനോടാണ്, എന്താണ് മാനേജ്മെൻ്റുകളുമായുള്ള ഡീൽ?';ചോദ്യങ്ങളുമായി എസ്എഫ്ഐ
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ വിദ്യാഭ്യാസ കച്ചവടത്തിനും അത് വഴി അഴിമതിക്കും പുതുവഴികൾ തേടിയുള്ള ഗവേഷണത്തിലാണ് യുഡിഎഫ് എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. സ്വയംഭരണ പദവിയുടെ മറവിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്നതാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ.ഒരു ആവശ്യകതാ പഠനവും നടത്താതെ റെഗുലേറ്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സീറ്റുകൾ തോന്നിയപോലെ വർദ്ധിപ്പിക്കാൻ നൽകുന്ന ഈ അനുമതി വിദ്യാഭ്യാസ കച്ചവടത്തിനാണ് വഴിതുറക്കുന്നതെന്നും ശിവപ്രസാദ് ആരോപിച്ചു.

'ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോടാണ്, എന്താണ് മാനേജ്മെൻ്റുകളുമായുള്ള ഡീൽ? വമ്പൻ കമ്മീഷനുകൾ അടിച്ചെടുക്കാൻ സാധ്യത ഉള്ള വകുപ്പുകൾ കൂടെയുള്ളവർ കൊണ്ടുപോയപ്പോൾ ഉന്നത വിദ്യാഭ്യാസത്തിൽ ഒട്ടും തൃപ്തി റോജി എം. ജോണിന് ഉണ്ടായിരുന്നില്ല. അധികാരം അഴിമതിക്കുള്ള വഴിയായി കാണുന്ന കോൺഗ്രസിന് സ്വയം ഭരണാധികാരമുള്ള യൂണിവേഴ്സിറ്റികളും ഗവർണ്ണറും സംഘപരിവാറും കൂടി പങ്ക് പറ്റാൻ ശ്രമിക്കുന്ന ഉന്നത വിദ്യാഭ്യാസവും അത്ര സ്റ്റാർ വാല്യു ഉള്ളതാവാൻ സാധ്യത ഇല്ല. എന്നാൽ ആ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ വിദ്യാഭ്യാസ കച്ചവടത്തിനും അത് വഴി അഴിമതിക്കും പുതുവഴികൾ തേടിയുള്ള ഗവേഷണത്തിലാണ് UDF .
സ്വയംഭരണ പദവിയുടെ മറവിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്നതാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ. 2026 സെപ്റ്റംബർ 11-ന് ഇറക്കിയ സർക്കുലർ പ്രകാരം സർക്കാർ/എയ്ഡഡ്, ഓട്ടോണോമസ് കോളേജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകൾക്കും നിലവിലെ കോഴ്സുകളിലെ സീറ്റ് വർദ്ധനവിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം വാങ്ങേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ തലത്തിലുള്ള ഈ കർശന പരിശോധനയെയും നിയന്ത്രണത്തെയും അട്ടിമറിച്ചിരിക്കുകയാണ്.
നവംബർ 6-ന് പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം സ്വാശ്രയ ഓട്ടോണോമസ് കോളേജുകളിലോ ഓട്ടോണോമസ് (എയ്‌ഡഡ്) കോളേജുകളിലെ അൺഎയ്ഡഡ്/സ്വാശ്രയ സ്ട്രീമിലോ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ സ്ഥിരമായി വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ നിരാക്ഷേപ പത്രം (NOC) ആവശ്യമില്ല. കൂടാതെ, അഡ്മിഷൻ നടപടികൾ പൂർത്തിയായതിന് ശേഷം മാത്രം പുതിയ കോഴ്സുകളുടെയും സീറ്റ് വർദ്ധനവിന്റെയും വിവരം സർക്കാരിനെ അറിയിച്ചാൽ മതിയാകുമെന്ന വ്യവസ്ഥയും സർക്കുലറിലുണ്ട്.
ഒരു ആവശ്യകതാ പഠനവും നടത്താതെ റെഗുലേറ്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സീറ്റുകൾ തോന്നിയപോലെ വർദ്ധിപ്പിക്കാൻ നൽകുന്ന ഈ അനുമതി വിദ്യാഭ്യാസ കച്ചവടത്തിനാണ് വഴിതുറക്കുന്നത്. മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വിൽക്കാൻ മാനേജ്‌മെന്റുകൾക്ക് പരസ്യമായ ഒത്താശ ചെയ്യുകയാണ് സർക്കാർ. എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ വ്യാപകമായി അനുവദിക്കില്ലെന്ന് പരമോന്നത നീതിപീഠത്തിന് മുൻപിൽ നൽകിയ ഉറപ്പുകൾ പോലും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ ഒത്തുകളി നടക്കുന്നത്.
മാനേജ്‌മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഇത്തരം വൻ ഇളവുകൾ പ്രഖ്യാപിച്ചത് കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ താല്പര്യം സംരക്ഷിക്കാനാണെന്നത് വ്യക്തമാണ്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകർക്കുന്ന പുതിയ സർക്കുലർ പിൻവലിച്ച്, അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്താൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് എസ് എഫ് ഐ നേതൃത്വം നൽകും.


Click it and Unblock the Notifications
