ബുധനാഴ്ച എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം: കലോത്സവങ്ങൾ സംഘർഷ കേന്ദ്രങ്ങളാക്കി മാറ്റുന്നുവെന്ന് നേതൃത്വം
തിരുവനന്തപുരം: നാളെ എസ് എഫ് ഐ പഠിപ്പ് മുടക്ക് സമരം. കലോത്സവങ്ങൾ സംഘർഷ വേദികളാക്കുന്ന യൂണിവേഴ്സിറ്റി യൂണിയനെതിരെ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നാളെ പഠിപ്പ് മുടക്കുമെന്ന് എസ് എഫ് ഐ നേതൃത്വം അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന സോണൽ കലോത്സവങ്ങൾ സംഘർഷ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് എം എസ് എഫ് - കെ എസ് യു സഖ്യം നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി യൂണിയനെന്നും സംഘടന ആരോപിക്കുന്നു.
മലപ്പുറം സോണൽ കലോത്സവത്തിന് അപ്പീൽ നൽകാൻ വേണ്ടി പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ പോയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ്സ് യൂണിയൻ ഭാരവാഹികളായ പെൺകുട്ടികളുൾപ്പെടെയുള്ളവരെ സംഘാടകരായ എം എസ് എഫ് നേതാക്കൾ ഭീകരമായി മർദ്ദിച്ചത് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ്. തൃശൂർ സോണൽ കലോത്സവത്തിൻ്റെ സ്ഥിതിയും മറ്റൊന്നല്ല. വിധിനിർണ്ണയത്തിലുണ്ടായ പാളിച്ച ചൂണ്ടിക്കാണിച്ച വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെയാണ് കെ എസ് യു ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അതിഭീകരമായി മർദ്ദിച്ചത്.

കലോത്സവങ്ങൾ കൃത്യമായി സംഘടിപ്പിക്കാൻ അറിയാതെ അപ്പീലും പരാതികളും വരുമ്പോഴേക്കും വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് യൂണിവേഴ്സിറ്റി യൂണിയൻ്റെ കഴിവ് കേടാണ് വിളിച്ചോതുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കെ എസ് യു കുത്തകയായിരുന്ന കാലത്താണ് ഇതുപോലൊരു യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിൽ വെച്ച് തൃശൂർ കുട്ടനെല്ലൂർ ഗവണ്മെൻ്റ് കോളേജിലെ യൂണിയൻ ഭാരവാഹിയും എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന കൊച്ചനിയനെ കെ എസ് യു ഗുണ്ടകൾ കുത്തിക്കൊന്നതെന്നും എസ് എഫ് ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സമാനമായ രീതിയിൽ കോളേജ് യൂണിയൻ ഭാരവാഹികളെയും, എസ് എഫ് ഐ പ്രവർത്തകരെയും കലോത്സവ വേദികളിൽ വെച്ച് തെരഞ്ഞ്പിടിച്ച് ആക്രമിക്കുകയാണ് എം എസ് എഫ് - കെ എസ് യു ഗുണ്ടാസംഘം. വിദ്യാർത്ഥികളുടെ കൈയ്യിൽ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി യൂണിയൻ്റെ കലോത്സവങ്ങൾ ഗുണ്ടാ വിളയാട്ടത്തിൻ്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനും, അതിനെ നിയന്ത്രിക്കുന്ന എം എസ് എഫ് - കെ എസ് യു സംഘടനകളും കലോത്സവ വേദികളിൽ നടത്തുന്ന ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ നാളെ എസ് എഫ് ഐ പഠിപ്പ് മുടക്കുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അറിയിച്ചു.
അതേസമയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡിസോൺ കലോത്സവ നഗരിയിൽ എസ് എഫ് ഐ നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കെ എസ് യു നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയും പ്രതികരിച്ചു.
തൃശ്ശൂർ മാള ഹോളി ഗ്രേസിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനായി വിവിധ ക്യാമ്പസുകളിൽ നിന്ന് എത്തിയിട്ടുള്ള വിദ്യാർത്ഥികളെ കെഎസ്‌യു -എംഎസ്എഫ് സംഘവും സംഘാടകരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കലോത്സവത്തിന്റെ നടത്തിപ്പിൽ തുടക്കത്തിൽ തന്നെ വലിയ അപാകത ആണ് ഉണ്ടായത്. മത്സരങ്ങൾ കൃത്യസമയത്ത് നടക്കാതിരിക്കുകയും വിധി നിർണ്ണയങ്ങൾ പലതും വലിയ പരാതികൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇവ ചോദ്യം ചെയ്ത വിദ്യാർഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് കെ എസ് യു ഗുണ്ടാസംഘം അക്രമിച്ചു.
കേരളവർമ്മ കോളേജിലെ എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറിയും മത്സരാർത്ഥികളും ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കേറ്റു ചികിത്സയിൽ കഴിയുകയാണ്. അക്രമം തുടർന്നാൽ വിദ്യാർഥികളെ സംരക്ഷിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങും. കെഎസ്‌യു തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്നും ഡി വൈ എഫ് ഐ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications