'തല്ലാൻ തീരുമാനിച്ചാൽ ക്ലാസിനകത്ത് കയറിയും തല്ലും'; നേതാവ് തന്നെ പറയുന്നു എസ്എഫ്ഐ ഇങ്ങനാണെന്ന്....
കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് ചെയർമാൻ ആഷിഷിന്റെ പ്രസംഗം വിവാദത്തിൽ. അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണ് പ്രസംഗം എന്നാണ് ആരോപണം ഉയരുന്നത്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. എസ്.എഫ്.ഐ അടിക്കാന്‍ തീരുമാനിച്ചാല്‍ ഏത് നേതാവാണെങ്കിലും ക്ലാസില്‍ കയറി അടിക്കുമെന്നാണ് ആശിഷ് പ്രസംഗത്തില്‍ പറഞ്ഞത്.
ഇതിനെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്. കെഎസ്യു നേതാക്കൾക്കെതിരെയാണ് എസ്ഐഫ്ഐ നേതാവും ലോ കോളേജ് ചെയർമാനുമായ ആഷിഷ് ഇത്തരത്തിൽ പ്രസംഗിച്ചത്. പ്രസംഗം കേട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യടിക്കുന്നത് വീഡിയോയില്‍ കാണാം.

അധ്യാപികയ്ക്കെതിരെ പരാതി
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കൊണ്ട് ചോദ്യം ചോദിച്ചുവെന്ന് ആരോപിച്ച് ലോ കോളേജ് അധ്യാപികയ്‌ക്കെതിരെ ചെയര്‍മാന്‍ ആശിഷ് നേരത്തേ പരാതി നല്‍കിയിരുന്നു. മീഡിയ സെന്‍സര്‍ഷിപ്പ് എന്ന സെമിനാറിലെ ചോദ്യത്തിനെതിരെയാണ് പരാതി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസംഗവും വിവാദത്തിലായിരിക്കുന്നത്.

കടക്ക് പുറത്ത് പരാമർശം
അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ‘കടക്ക് പുറത്ത്' എന്ന് പറഞ്ഞത് ആരാണെന്നായിരുന്നു അധ്യാപികയുടെ ചോദ്യം. ഇത് മീഡിയ സെന്‍സര്‍ഷിപ്പുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും സര്‍ക്കാരിനെയും ഭരണാധികാരികളെയും താറടിച്ചു കാണിക്കാന്‍ വേണ്ടിയുള്ളതാണെന്നുമാണ് എസ്എഫ്ഐയുടെ ആരോപണം.

കോളേജിൽ സംഘർഷം നിലനിൽക്കുന്നു
കഴിഞ്ഞ കുറേ ദിവസങ്ങളിലായി കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം നിലനിൽക്കുന്നുണ്ട്. കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്എഫ്ഐ ഏരിയ സെക്രട്ടറി അടക്കം പത്തു പേരെ നേരത്തേ കോളേജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാവിന്റെ പ്രകോപന പരമായ പ്രസംഗവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയല്ല, നിങ്ങളുടെ ഏതു നേതാവിനേയും തല്ലും
എസ്എഫ്ഐ അടിക്കാന്‍ വേണ്ടി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇവിടുത്തെ സംസ്ഥാന സെക്രട്ടറിയല്ല, നിങ്ങളുടെ ഏതു നേതാവിനേയും ക്ലാസ് റൂമിനകത്താണെങ്കില്‍ ക്ലാസ് റൂമിലേക്ക് കേറിയും അടിക്കും....' എന്നതാണ് വീഡിയോയിലുള്ള വിവാദപരമായ പരാമർശം. സാധാരണ രീതയിൽ എല്ലാ വിദ്യാർത്ഥി നേതാക്കളും സാധാരണയായി സംഘർഷം നിലനിൽക്കുന്ന സന്ദർഭങ്ങളിൽ ഇത്തരത്തിൽ പ്രകോപനപരമായി സംസാരിക്കാറുണ്ട്. വീഡിയോ പേസ്ബുക്കിൽ വൈറലായതോടെയാണ് വിവാദത്തിലായത്.
വീഡിയോ
ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന എസ്എഫ്ഐ നേതാവിന്റെ പ്രസംഗം. കോളേജിൽ എസ്എഫ്ഐ അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ്. ഒരു ഉത്തരവാദിത്തപ്പെട്ട നേതാവിന്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ പരാമർശമുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications