ഒത്തുതീര്‍പ്പിന് പ്രേരിപ്പിക്കാനുള്ള ശ്രമം; ആരോപണങ്ങള്‍ തള്ളി ഷാന്‍ റഹ്‌മാന്‍
കൊച്ചി: സംഗീതനിശയുടെ മറവില്‍ താന്‍ 38 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത് എന്നും താന്‍ കൊടുത്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് ഷോ മാനേജരും അറോറ എന്റര്‍ടെയ്ന്‍മെന്റ്സ് ഉടമയുമായ നിജു രാജ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും ഷാന്‍ പറഞ്ഞു.
ഷാനും ഭാര്യ സൈറ ഷാനും ചേര്‍ന്ന് സംയുക്ത പ്രസ്താവനയാണ് പുറത്തുവിട്ടിരിക്കുന്നത്. നിജുരാജിന്റെ പരാതിയില്‍ ഷാന്‍ റഹ്‌മാനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജനുവരിയില്‍ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടത്തിയ പരിപാടിയ്ക്കായി ചെലവാക്കിയ പണം തരാതെ ഷാന്‍ റഹ്‌മാനും ഭാര്യയും കബളിപ്പിച്ചു എന്നായിരുന്നു നിജുവിന്റെ പരാതി. ഇതിന് പിന്നാലെയാണ് ഷാനിന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.

ഷാന്‍ റഹ്‌മാന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം
ജനുവരി 25ന് നടന്ന ഉയിരേ - ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കോണ്‍സെര്‍ട് പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്തുതകളെ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റര്‍ നിജു രാജ് അബ്രഹാം (അറോറ എന്റര്‍ടൈന്‍മെന്റ്) എന്നയാളുമായി ഉണ്ടായ തര്‍ക്കമാണ്.
ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലൈന്റ്റ് ഫയല്‍ ചെയ്തു എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
എങ്കിലും മിസ്റ്റര്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്.
ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു. നിയമവിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രേക്ഷകരും, ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.
വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കുക, എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ഷാന്‍ റഹ്‌മാന് എതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടെങ്കിലും പരിപാടി കഴിഞ്ഞ ശേഷം ആ തുകയൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ല എന്നാണ് നിജുരാജ് പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications