അതേ നാണയത്തില്‍ മറുപടിക്ക് അറിയാമെന്ന് വിഡി സതീശന്‍; തിരിച്ചടിക്കാന്‍ ശേഷിയുണ്ടെന്ന് ചെന്നിത്തല
കൊച്ചി: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിലിനെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ തടഞ്ഞ് തെറി വിളിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളോട് കൈയ്യും കെട്ടി നോക്കിയിരിക്കും എന്ന് വിചാരിക്കരുത് എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അടിച്ചാല്‍ തിരിച്ചടിക്കാന്‍ ശേഷിയുള്ളവര്‍ തന്നെയാണ് കോണ്‍ഗ്രസുകാര്‍ എന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും സിപിഎമ്മും അകപ്പെട്ട ഗുരുതര ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം ഗൂഢനീക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അറിയാം. ഇത് തുടര്‍ന്നാല്‍ സിപിഎം മന്ത്രിമാരും മുഖ്യമന്ത്രിയും റോഡില്‍ ഇറങ്ങില്ലെന്നും ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്നും സതീശന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍: ''ഷാഫി പറമ്പിലിനു നേരെ സിപിഎം ഗുണ്ടകള്‍ നടത്തിയ അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. കോണ്‍ഗ്രസിന്റെ നേതാക്കളെ വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കും എന്ന് വിചാരിക്കരുത്. ഗുണ്ടായിസം കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്താമെന്നും കരുതണ്ട.
തെരുവ് യുദ്ധം ആരംഭിക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില കൊടുക്കേണ്ടി വരും. കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. പക്ഷേ അത് ദൗര്‍ബല്യമായി ആരും കാണണ്ട. അടിച്ചാല്‍ തിരിച്ചടിക്കാന്‍ ശേഷിയുള്ളവര്‍ തന്നെയാണ് ഞങ്ങള്‍. സിപിഎമ്മിന്റെ ഗുണ്ടാ സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി അടിയന്തര നടപടികള്‍ എടുക്കണം.''
വിഡി സതീശന്റെ വാക്കുകള്‍: ''ഷാഫി പറമ്പില്‍ എം.പിക്കെതിരെ സി.പിഎം- ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ നടത്തിയ അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യവിരുദ്ധവും മര്യാദകേടുമാണ്. സി.പി.എമ്മിന്റെ നുണപ്രചരണങ്ങളും വ്യാജസ്‌ക്രീന്‍ ഷോട്ടുകളും തള്ളിക്കളഞ്ഞ വടകരയിലെ ജനങ്ങള്‍ ഉജ്ജ്വല ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാണ് ഷാഫി പറമ്പില്‍.
പിണറായി വിജയന്‍ സര്‍ക്കാരും സി.പി.എമ്മും അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഡനീക്കമാണ് ഇത്തരം സമരാഭാസങ്ങള്‍ക്ക് പിന്നില്‍. ഇതിനൊക്കെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും അറിയാമെന്നതു മറക്കരുത്. ഷാഫിക്കെതിരെ സി.പി.എം നടത്തുന്ന മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍.ഡി.എഫ് നേതാക്കളും റോഡിലിറങ്ങില്ല.
ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായി വിജയനു നേരെയാണ് സി.പി.എം ക്രിമിനലുകള്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ക്ഷമയും ജനാധിപത്യ ബോധ്യവും ദൗര്‍ബല്യമായി കണരുത്. ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി പ്രതിരോധിക്കും.''












Click it and Unblock the Notifications