'ഞാനപ്പഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്', ലൈവിനിടെ ഷാഫി പറമ്പിൽ; ട്രോൾപ്പൂരം
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിന് എതിരെ പ്രതിഷേധ സൈക്കിള്‍ റാലിക്കിറങ്ങി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വാങ്ങിക്കൂട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും എംഎല്‍എയുമായ ഷാഫി പറമ്പില്‍. രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് നൂറ് കടന്നതിന് പിന്നാലെയാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഇറങ്ങിയത്. 100 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് പ്രതിഷേധം.
സൈക്കിള്‍ ചവിട്ടിയുളള പ്രതിഷേധ യാത്ര ഫേസ്ബുക്കില്‍ ലൈവായി പോകുന്നതിനിടെ ഷാഫി പറമ്പിലിന് പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൈക്കിള്‍ യാത്ര ലൈവ് ആണ് എന്നറിയാതെ ഒപ്പമുളള സഹപ്രവര്‍ത്തകരോട് ഷാഫി പറമ്പില്‍ പറഞ്ഞ ഡയലോഗ് ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

ഞാനപ്പഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന് എന്നാണ് സൈക്കിള്‍ ചവിട്ടി ഒരു പരുവമായ ഷാഫി പറമ്പില്‍ സഹപ്രവര്‍ത്തകരോട് പറയുന്നത്. ആരാ ഈ ഐഡിയ സജസ്റ്റ് ചെയ്തത് എന്ന് കൂട്ടത്തിലൊരു യൂത്ത് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതിനിടെ പണി പാളിയെന്ന് മനസ്സിലായപ്പോള്‍ ഇത് ലൈവാണെന്ന് ആരോ പറയുന്നതും കേള്‍ക്കാം. ഇതോടെ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും കയ്യില്‍ നിന്ന പോയിരുന്നു.. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇടത് സൈബര്‍ സഖാക്കള്‍ ഈ അബദ്ധത്തിന്റെ പേരില്‍ ഷാഫി പറമ്പിലിനേയും കോണ്‍ഗ്രസിനേയും ട്രോളുകളില്‍ മുക്കുകയാണ്. ആത്മാര്‍ത്ഥത ഇല്ലാത്ത വെറും ഷോ മാത്രമാണ് ഈ പ്രതിഷേധ സൈക്കിള്‍ യാത്ര എന്നാണ് ഷാഫി പറമ്പിലിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത് എന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications