ഷാഫി പറമ്പില്‍ എംപിയെ ആക്രമിച്ച പോലീസുകാര്‍ കുടുങ്ങും; ഡല്‍ഹിയില്‍ പോകേണ്ടി വരും, കെണി വരുന്നു
കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെ ആക്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് കുരുക്ക്. പാര്‍ലമെന്റ് അംഗത്തെ ആക്രമിച്ചതില്‍ കടുത്ത നടപടി നേരിടേണ്ടി വന്നേക്കും. കോഴിക്കോട് എംപി എംകെ രാഘവന്‍ ഇതുസംബന്ധിച്ച് സൂചന നല്‍കി. പാര്‍ലമെന്റിന്റെ പ്രവിലേജ് കമ്മിറ്റിക്ക് പരാതി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. അങ്ങനെ ചെയ്താല്‍ പോലീസുകാര്‍ക്ക് കുരുക്ക് മുറുകും.
കോളജ് തിരഞ്ഞെടുപ്പും പിന്നീടുണ്ടായ സംഭവങ്ങളുമാണ് ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തിലേക്ക് നയിച്ചത്. എംപിയെ പോലീസുകാരന്‍ ലാത്തി ഉപയോഗിച്ച് ആവര്‍ത്തിച്ച് അടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഷാഫിയുടെ മൂക്കിന് കാര്യമായ പരിക്കുണ്ട്. അദ്ദേഹം കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കെസി വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഷാഫിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

എംപി ആക്രമിക്കപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ അവകാശ ലംഘന സമിതിക്ക് ഇടപെടാന്‍ സാധിക്കും. ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി ലഭിച്ചാല്‍ പരിശോധനയ്ക്ക് ശേഷം പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറും. കമ്മിറ്റിയുടെ വിശദമായ പരിശോധയില്‍ കുറ്റം തെളിഞ്ഞാല്‍ കടുത്ത നടപടിക്ക് സാധ്യതയുണ്ട്. പോലീസുകാരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനും കമ്മിറ്റിക്ക് സാധിക്കും.
എംപിയെ അപമാനിച്ച സംഭവത്തില്‍ തിരുവനന്തപുരം കമ്മീഷണറായിരുന്ന ഓഫീസറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിട്ടുണ്ട് എന്ന് നിയമ വിദ്ഗധര്‍ സൂചിപ്പിക്കുന്നു. എംപിയെ അപമാനിച്ചുവെന്നും ലാത്തിവച്ച് കുത്തി എന്നുമായിരുന്നു പരാതി. അവകാശ ലംഘനം നടന്നുവെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് പോലീസ് ഓഫീസര്‍മാരെ അന്ന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതത്രെ.
കഴിഞ്ഞ ദിവസം ബംഗാളില്‍ ബിജെപി എംപി ഖഗന്‍ മുര്‍മു ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ റിപ്പോര്‍ട്ട് തേടി നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം വസ്തുതാ റിപ്പോര്‍ട്ട് കൈമാറാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കൃത്യമായ സമയം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റജിജു പറഞ്ഞു.
അതേസമയം, ഷാഫി പറമ്പിലിനെ ആക്രമിച്ചിട്ടില്ല എന്നാണ് പോലീസ് പ്രതികരിച്ചത്. എന്നാല്‍ വീഡിയോ പുറത്തുവന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. മൂക്കിന്റെ ഇടത്-വലത് അസ്ഥിരകളില്‍ രണ്ട് പൊട്ടലുണ്ട് എന്നണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയതിനാലാണ് സര്‍ജറി ചെയ്തത്. ആരോഗ്യനില തൃപ്തികരമാണെന്നും ഷാഫി പറമ്പിലിന് വിശ്രമം വേണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications