സമരവും ചെയ്യും, വേൾഡ് കപ്പും കാണും, ആക്ഷേപങ്ങൾക്ക് മറുപടി നൽകി ഷാഫി പറമ്പിൽ
തിരുവനന്തപുരം: പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങി ജയിലിലായിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖത്തറില്‍ വേള്‍ഡ് കപ്പ് കാണാന്‍ പോയെന്ന ആക്ഷേപങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി ഷാഫി പറമ്പില്‍. ഫുട്‌ബോള്‍ കാണാന്‍ പോയി എന്നത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അര്‍ജന്റീന ഫൈനലില്‍ എത്തുകയാണെങ്കില്‍ ഖത്തറില്‍ പോയി മത്സരം കാണുമെന്നും ഷാഫി പറഞ്ഞു..
''സമരം നടത്തേണ്ടപ്പോള്‍ സമരം നടത്തും, സിനിമ കാണേണ്ടപ്പോള്‍ സിനിമ കാണും, സമ്മേളനം നടത്തേണ്ടപ്പോള്‍ സമ്മേളനം നടത്തും. ഒരു വ്യക്തി മാറി നിന്നാല്‍ നിശ്ചലമായി പോകുന്ന ഒരു സംവിധാനമല്ല. താനൊരു ശരാശരി മലയാളി എന്ന നിലയ്ക്ക് സ്‌പോര്‍ട്‌സിനേയും ഫുട്‌ബോളിനേയും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്. ഇത് ഇങ്ങനെ ആകും എന്ന് മുന്‍കൂട്ടി ഗണിച്ചിട്ടല്ല ഖത്തറിലേക്ക് പോകുന്നത്''. സമരം തുടര്‍ച്ചയായി നടന്ന് കൊണ്ടിരിക്കുകയായിരുന്നു, ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

''സെന്‍ട്രല്‍ ജയിലില്‍ രണ്ട് തവണയായിട്ട് രണ്ടാഴ്ച കിടന്നിട്ടുളള ആളാണ് താന്‍. ഞങ്ങളാരും സമരത്തില്‍ നിന്ന് ഒളിച്ചോടുന്ന ആളുകളല്ല. ഫുട്‌ബോള്‍ കാണുന്നതിന് ഉല്ലസിക്കുകയാണ് എന്നുളള ഭാഷയുടെ ആവശ്യമില്ല. തങ്ങള്‍ ഈ കാലത്തെ പുതിയ ചെറുപ്പക്കാരെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ്. ഇത്ര തൊട്ടടുത്ത് ഒരു ലോകകപ്പ് വന്നപ്പോള്‍ അത് കാണണം എന്ന് ആഗ്രഹിച്ചു. സംഘടനയില്‍ ചര്‍ച്ച ചെയ്താണ് പോകാന്‍ തീരുമാനിച്ചത്. തുടര്‍ച്ചയായി സമരം നടക്കുകയായിരുന്നു. വളരെ പ്രകോപനപരമായി പോലീസ് സമരത്തെ നേരിട്ടു. സ്ഥലത്ത് ഇല്ലാതിരുന്നെങ്കിലും എല്ലാ കാര്യങ്ങളും കൃത്യമായി കോര്‍ഡിനേറ്റ് ചെയ്തിരുന്നു. തങ്ങള്‍ സമരവുമായി മുന്നോട്ട് പോകുന്നു. ചിലപ്പോള്‍ തങ്ങള്‍ വേള്‍ഡ് കപ്പ് കാണും, ഫുട്‌ബോള്‍ കളിക്കും''.
''മലയാളി സമൂഹം ഇത് പോലെ പങ്കാളിത്തം വഹിച്ച മറ്റൊരു അന്താരാഷ്ട്ര വേദിയുണ്ടായിട്ടില്ല ലോകത്ത്. ഫുട്‌ബോള്‍ മത്സരം കാണുക എന്നുളളത് മോശപ്പെട്ട കാര്യമാണ് എന്ന തരത്തില്‍ എന്തിനാണ് ഒരു പ്രധാനപ്പെട്ട ചാനലൊക്കെ വിശേഷിപ്പിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല. അതില്‍ എന്താണ് തെറ്റും കുറ്റവും എന്ന്. സംഘടനയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ഒരാള്‍ മാറിയാല്‍ നിശ്ചലമാകുന്ന പ്രസ്ഥാനമല്ല യൂത്ത് കോണ്‍ഗ്രസ്''. ആറാം തിയ്യതി തിരുവനന്തപുരം കോര്‍പറേഷന്‍ വിഷയത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications