ഷാഫി പറമ്പില്‍ തിരിച്ചെത്തിയാല്‍ പഴി കേള്‍ക്കും; കെ മുരളീധരന്‍ വരുമോ? സന്ദീപ് വാര്യരും ചര്‍ച്ചയില്‍
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് അനൗദ്യോഗികമായി തുടക്കം കുറിച്ചിരിക്കെ പാലക്കാട് ശ്രദ്ധാകേന്ദ്രമാകും. കുറഞ്ഞ കാലത്തിനിടെ കുതിച്ചുയര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അതേപടി തകര്‍ന്നടിഞ്ഞതിനാല്‍ പാലക്കാട്ടെ സീറ്റില്‍ യുഡിഎഫ് ആരെ മല്‍സരിപ്പിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്ന ഒരുകൂട്ടം കോണ്‍ഗ്രസുകാര്‍ പാലക്കാടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനി മല്‍സരിപ്പിക്കരുത് എന്ന നിലപാടാണ് പിജെ കുര്യനുള്ളത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ നിലപാടാണ് എന്നാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വേണ്ട എന്ന് ഉപതിരഞ്ഞെടുപ്പ് വേളയില്‍ തന്നെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഡിസിസി അധ്യക്ഷന്‍ തങ്കപ്പന്‍. അദ്ദേഹം അതേ നിലപാട് തുടരുമ്പോള്‍ രാഹുലിന് മുന്നില്‍ പാലക്കാട്ടെ കോട്ടവാതില്‍ അടയുകയാണ്. പകരം ചില പേരുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്...

ഡിസിസി നേരത്തെ താല്‍പ്പര്യം കാണിച്ചത് കെ മുരളീധരന്‍ മല്‍സരിക്കണം എന്നായിരുന്നു. ഇത്തവണ അദ്ദേഹം തിരുവനന്തപുരത്ത് കച്ചമുറുക്കിയ സാഹചര്യത്തില്‍ പാലക്കാട്ടേക്ക് വരുമോ എന്ന് വ്യക്തമല്ല. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വേളയില്‍ അണിയറയില്‍ പ്രധാന റോളില്‍ കെ മുരളീധരന്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ തിരുവനന്തപുരത്തേക്ക് മാറി.
ഷാഫി വരുമോ, രമ്യ ഹരിദാസ് എത്തുമോ
ഷാഫി പറമ്പില്‍ താല്‍പ്പര്യമെടുത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിച്ചത്. രാഹുല്‍ മാറുമ്പോള്‍ ഷാഫി പറമ്പില്‍ തിരിച്ചുവരട്ടെ എന്ന നിലപാട് ചില നേതാക്കള്‍ക്കുണ്ട്. ഷാഫി വന്നാല്‍ പാലക്കാട് സീറ്റ് ഉറപ്പിക്കാമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ വടകരയില്‍ നിന്ന് ഷാഫിയെ പിന്‍വലിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
സന്ദീപ് വാര്യര്‍ക്ക് ജയസാധ്യതയുള്ള സീറ്റ് ലഭിക്കുമെന്നാണ് നിലവിലെ വിവരം. അത് പാലക്കാട് ആകുമോ എന്ന് വ്യക്തമല്ല. എന്നാല്‍ പാലക്കാട് അദ്ദേഹത്തിന് ബന്ധമുള്ള മണ്ഡലമാണ്. ആവേശത്തോടെ കളം നിറയാന്‍ സന്ദീപ് വാര്യര്‍ക്ക് സാധിക്കുകയും ചെയ്യും. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഇക്കാര്യത്തില്‍ അത്ര താല്‍പ്പര്യമില്ല. എന്നാല്‍ കെപിസിസിയുടെ തീരുമാനം നിര്‍ണായകമാകും.
രമ്യ ഹരിദാസ് പാലക്കാട് മല്‍സരിക്കാനുള്ള സാധ്യത തള്ളാനാകില്ല. എഐസിസിക്ക് താല്‍പ്പര്യമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ വലിയ ഓളമുണ്ടാക്കാന്‍ കഴിയുന്ന നേതാവാണ്. കെപിസിസി നിര്‍ദേശിക്കുന്ന ആര്‍ക്കും പിന്തുണ നല്‍കുമെന്നാണ് ഡിസിസി അധ്യക്ഷന്‍ പറയുന്നത്.
ഈ പേരുകള്‍ക്കെല്ലാം പുറമെ സര്‍പ്രൈസ് സ്ഥാനാര്‍ഥി വരുമെന്നാണ് പാലക്കാട്ടെ ചില യുഡിഎഫ് നേതാക്കള്‍ പറയുന്നത്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാ കേന്ദ്രമാകുന്ന മണ്ഡലങ്ങളില്‍ ഒന്നായി പാലക്കാട് മാറും. ആര് വന്നാലും ജയം ഉറപ്പാണ് എന്ന് ഡിസിസി അധ്യക്ഷന്‍ തങ്കപ്പന്‍ പറയുന്നു.












Click it and Unblock the Notifications