'ഞങ്ങളെ തല്ലിയിട്ട് സ്വസ്ഥമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട'; ഷാഫി പറമ്പില്‍
ധിക്കാരവും ധാര്‍ഷ്ട്യവും മുഖ്യമന്ത്രിയെ പോലെ പൊലീസും കൊണ്ടു നടക്കുകയാണെന്ന് വച്ചാല്‍ ഞങ്ങള്‍ വെറുതെ ഇരിക്കില്ല, സമരങ്ങള്‍ ഇനിയും നിങ്ങള്‍ കാണേണ്ടിവരുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ നേടിരുന്ന പൊലീസ് നടപടി അതിര് കടക്കുന്നെന്ന് ആരോപിച്ച് കളമശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കളമശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ എത്തയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എയെയും പൊലീസ് അതിക്രമിച്ചെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തി. ഞങ്ങളുടെ പ്രവര്‍ത്തകരുടെ കയ്യും തലയുമൊക്കെ അടിച്ചു പൊട്ടിച്ചിട്ട് നിങ്ങള്‍ ഇവിടെ സ്വസ്ഥമായി ഭരണം നടത്താമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ധിക്കാരവും ധാര്‍ഷ്ട്യവും മുഖ്യമന്ത്രിയെ പോലെ പൊലീസും കൊണ്ടു നടക്കുകയാണെന്ന് വച്ചാല്‍ ഞങ്ങള്‍ വെറുതെ ഇരിക്കില്ല, സമരങ്ങള്‍ ഇനിയും നിങ്ങള്‍ കാണേണ്ടിവരുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. ജനങ്ങളോടും മാധ്യമങ്ങളോടും യൂത്ത് കോണ്‍ഗ്രസിന് പറയാനുള്ളത്, ഈ പ്രശ്‌നം പൊലീസ് അതിക്രമങ്ങളില്‍ മാത്രെമൊതുക്കി ഒരു ചര്‍ച്ചയാക്കി കൊണ്ടു പോകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇതൊക്കെ നടക്കുന്നത് നികുതി ഭീകരതയ്‌ക്കെതിരെയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
സമാധാനപരമായി സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയാണ ചെയ്തതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയത്. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന പ്രവര്‍ത്തകന്റെ തല ബസില്‍ വച്ച് അടിച്ചുപൊട്ടിച്ചെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പൊലീസും തയ്യാറായിരുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം തുടങ്ങി. ഹൈബി ഈഡന്‍ എം പി, ഷാഫി പറമ്പില്‍, എറണാകുളം ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്. എം എല്‍ എമാരായ ടി ജെ വിനോദ്, ഉമ തോമസ്, കളമശേരി നഗരസഭ ചെയര്‍മാന്‍ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications