നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം അറിയിച്ചുവെന്ന വാർത്തകൾ തള്ളി ഷാഫി പറമ്പിഷ എംപി. മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അനിവാര്യമായ സ്ഥാനാർത്ഥി പട്ടിക കേരളത്തിൽ ഉണ്ടാകുമെന്നും ഷാഫി പറഞ്ഞു. മത്സരിക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എംപി.
'കേരളത്തിലെ എല്ലാ എംപിമാരും വരിവരിയായിട്ട് മത്സരിക്കാൻ നിൽക്കുന്നില്ല. അങ്ങനെ ഒരു തീരുമാനം കോൺഗ്രസ് പാർട്ടി എടുത്തിട്ടുമില്ല. ഞാനിപ്പോൾ ഒന്ന് മത്സരിച്ചു കഴിഞ്ഞിട്ടാണല്ലോ നിക്കുന്നത്. തൽക്കാലം ഇപ്പോൾ അവിടുത്തെ ഉത്തരവാദിത്വം നിറവേറ്റട്ടെ.പാർലമെന്റ് മെമ്പറായി ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അനാവശ്യമായിട്ടുള്ള ചർച്ചകൾക്ക് വേദികൾ ഉണ്ടാക്കരുത്. ഊഹാപൂഹങ്ങൾ ഉണ്ടാക്കിയിട്ട് തെരഞ്ഞെടുപ്പിന്റെ ചർച്ചകൾ ആ ദിശയിലേക്ക് വഴിമാറ്റേണ്ടതില്ല. അതിനകത്ത് ഉചിതമായിട്ടുള്ള തീരുമാനം പാർട്ടി എടുക്കും.

കേരളത്തിലെ യുഡിഎഫിന്റെ നല്ല സ്ഥാനാർത്ഥി പട്ടികയായിരിക്കും. അനിവാര്യമായ മാറ്റം കേരളത്തിൽ ഉണ്ടാകും. ഇവരെ മാറ്റാൻ ജനങ്ങൾ തയ്യാറാണ്. ആര് മത്സരിക്കണം മത്സരിക്കേണ്ട എന്നതൊക്കെ പാർട്ടിയാണ് തീരുമാനിക്കുക. വ്യക്തമായ തീരുമാനം പാർട്ടി പറയും',ഷാഫി പറമ്പിൽ പറഞ്ഞു.
മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കെസി വേണുഗോപാൽ
സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്ന് കെസി വേണുഗോപാൽ എംപി. ഐക്യജനാധിപത്യ മുന്നണിയിലും തികഞ്ഞ ഐക്യമാണുള്ളതെന്നും, യാതൊരു തർക്കങ്ങളുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ദേശീയപാത ഉദ്ഘാടന വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു.
'തെരഞ്ഞെടുപ്പ് അടുത്തപ്പോൾ, പൂർത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണ്. ഡിസൈനിലെയും നിർമ്മാണത്തിലെയും ഗുരുതരമായ അപാകതകൾ കാരണം തകർന്നടിഞ്ഞ ഈ റോഡ് മുൻപ് തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ച സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പും നാം കാണേണ്ടതുണ്ട്. ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി സംസ്ഥാനത്തെ മന്ത്രിമാരെ ഒഴിവാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷനെപ്പോലുള്ളവരെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന ഈ പ്രഹസനം കേന്ദ്ര ഗവൺമെന്റിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഉദാഹരണമാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികൾക്ക് മുൻപ് പൂർണ്ണ പിന്തുണ നൽകിയ സംസ്ഥാന സർക്കാരിന് ഇപ്പോൾ ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കാൻ യാതൊരു അർഹതയുമില്ല.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാചകവാതക ക്ഷാമത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത കേന്ദ്ര സർക്കാർ ജനങ്ങളുടെ അന്നം മുട്ടിക്കുകയാണ്. കൊമേഴ്‌സ്യൽ ഗ്യാസ് ഏജൻസികൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം വന്നതിലൂടെ സാധാരണക്കാരുടെ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലാണ്. രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ഇത്തരം ജീവൽപ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് വേണ്ടത്',കെസി വേണുഗോപാൽ കുറിച്ചു.












Click it and Unblock the Notifications