കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യൂസിസിയെ ട്രോളിയ വിഷ്ണുനാഥിന് ചുട്ട മറുപടി.. ആൺകൂട്ടത്തിന്റെ കയ്യടി നേടാനുള്ള വിലകുറഞ്ഞ ശ്രമം!

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുരഭിയെ അവഗണിച്ചതുമായി ബന്ധപ്പെട്ട വിവാദം വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ആക്രമിക്കാനും ഉപയോഗിക്കപ്പെടുകയാണ്. സിനിമയില്‍ തലയുയര്‍ത്തി നിന്ന് സ്ത്രീകള്‍ സംസാരിച്ച് തുടങ്ങിയത് ഒട്ടും ഇഷ്ടപ്പെടാത്ത ചില ആണ്‍കൂട്ടങ്ങളാണ് സൈബര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന്റെ യുവ നേതാവ് പിസി വിഷ്ണുനാഥും വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെ രംഗത്ത് വന്നിരുന്നു. സംഘടനയില്‍ സുരഭിക്ക് വേണ്ടി നിന്നില്ലെന്നും വിമന്‍ ഇന്‍ സിനിമ സെലക്ടീവ് ആണെന്നും വിഷ്ണുനാഥ് വിമര്‍ശനം ഉന്നയിച്ചു. വിഷ്ണുനാഥിന് മറുപടി നല്‍കിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയാണ്. ഷാഷിന ഫേസ്ബുക്കിലിട്ട തുറന്ന കത്തിലെ വാക്കുകളിലേക്ക്.

ദിലീപിന് എതിരെ ആളൂരിനെ ഇറക്കിയത് ആര്? കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.. വെളിപ്പെടുത്തൽദിലീപിന് എതിരെ ആളൂരിനെ ഇറക്കിയത് ആര്? കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.. വെളിപ്പെടുത്തൽ

വിഷ്ണുനാഥിന് മറുപടി

വിഷ്ണുനാഥിന് മറുപടി

പ്രിയപ്പെട്ട വിഷ്ണുനാഥ് , താങ്കൾ ഒരു രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും ഞാൻ ഒരു ജേർണലിസ്റ്റ് എന്ന നിലയിലും നമ്മൾ പല വട്ടം കണ്ടിട്ടുണ്ട് .സംസാരിച്ചിട്ടുണ്ട് .പക്ഷേ അതൊന്നും ഓർമയിൽ തങ്ങി നിൽക്കാൻ മാത്രം പ്രധാനമായിരുന്നില്ല .താങ്കളെ കുറിച്ച് എന്റെ മനസ്സിലുള്ള ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഒരു സ്ഥിരം സാന്നിധ്യം എന്ന നിലക്കാണ് . 'കോൺഗ്രസ്സുകാര് സിനിമയൊക്കെ കാണുമോ ' എന്ന എന്റെ 'ഇടതുപക്ഷ വരേണ്യപൊതുബോധ'ത്തെ തിരുത്തിയത് താങ്കളാണ്. അതിന്റെ സ്നേഹവും ബഹുമാനവും എനിക്കെപ്പോഴുമുണ്ട് . വിമെൻ ഇൻ സിനിമ എന്ന കളക്ടീവിനെ കുറിച്ച് താങ്കൾ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ ഈ കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത് .

ഇത് പ്രതികരണം അർഹിക്കുന്നു

ഇത് പ്രതികരണം അർഹിക്കുന്നു

വിമെൻ ഇൻ സിനിമ കളക്ടീവ് അല്ല , സെലക്ടീവ് ആണ് എന്ന ,ആ പ്രാസമൊപ്പിച്ചുള്ള പരിഹാസം ഏറ്റെടുത്തു വൈറൽ ആക്കിയവരിൽ സ്ത്രീകൾ പോലുമുണ്ട് എന്നത് എനിക്ക് വലിയ അത്ഭുതമുണ്ടാക്കി . ആ സംഘടന ഉണ്ടായ കാലം മുതൽ ,അതിന്റെ പ്രവർത്തകരെ മുഖമില്ലാത്ത ആൺകൂട്ടങ്ങൾ അങ്ങേയറ്റം ഹീനമായ ഭാഷയിൽ ആക്രമിക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ .പക്ഷേ അതൊക്കെ അവഗണനയല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ല .എന്നാൽ താങ്കളെപോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ,ഈ ആൺകൂട്ടത്തോടൊപ്പം ചേർന്ന് നിന്ന് കൊണ്ട് ആക്ഷേപമുന്നയിക്കുന്നത് പ്രതികരണം അർഹിക്കുന്നുണ്ട്

ആ പതിവ് മേളയിലില്ല

ആ പതിവ് മേളയിലില്ല

1997 ലെ IFFI മുതൽ ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന ഒരു വ്യക്തിയാണ് ഞാൻ .താങ്കളും അങ്ങനെ തന്നെയാണ് എന്നെനിക്കറിയാം .സുരഭിയെ ആദരിച്ചില്ല എന്നൊക്കെ സോഷ്യൽ മീഡിയയിൽ ആക്ഷേപമുന്നയിക്കുന്ന പലരും ചലച്ചിത്രമേള ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരാണോ എന്ന് സംശയമാണ് .പക്ഷേ ഈ ആക്ഷേപത്തിൽ യാതൊരു കഴമ്പുമില്ല എന്ന് മറ്റാരേക്കാളും നന്നായി താങ്കൾക്കറിയേണ്ടതാണ് . യു ഡി എഫിന്റെ ഉത്തരവാദിത്തപ്പെട്ട പ്രതിനിധി എന്ന നിലയിലും മേളയിലെ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിലും ഒന്ന് ചോദിക്കട്ടെ ? ദേശീയ അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ നേടുന്നവരെ എപ്പോഴെങ്കിലും അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദരിച്ചിട്ടുണ്ടോ ? അങ്ങനെയൊരു പതിവുണ്ടോ ? ഞാൻ ഇത് വരെ കണ്ടിട്ടില്ല .

ആദരിക്കലില്ലാത്തത് മേളയുടെ ഗുണം

ആദരിക്കലില്ലാത്തത് മേളയുടെ ഗുണം

യു ഡി എഫ് സർക്കാരിന്റെ കാലത്തെ ചലച്ചിത്ര മേളകളിൽ എപ്പോഴെങ്കിലും അങ്ങനെ ഒരു ചടങ്ങ് ഉണ്ടായിട്ടുണ്ടോ? അത്തരം പരിപാടികളൊന്നുമില്ല എന്നത് ഈ മേളയുടെ ഒരു വലിയ ഗുണമായാണ് ഞാൻ കാണുന്നത് . സാധാരണക്കാരിയായ ഞാനും എം എൽ എ ആയ നിങ്ങളും സ്‌ക്രീനിൽ നിന്നിറങ്ങി വരുന്ന 'താരങ്ങളും ' ഒക്കെ ഒരു പോലെ ക്യൂ നിന്ന് സിനിമ കാണുന്നയിടമാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദി. IFFK യുടെ പ്രേക്ഷകർ സിനിമ കാണാനാണ് വരുന്നത്. താരാരാധന തലയ്ക്കു പിടിച്ചവരല്ല പൊതുവെ IFFK പ്രേക്ഷകർ .

താരങ്ങളെ കാണാൻ വരുന്നവരല്ല

താരങ്ങളെ കാണാൻ വരുന്നവരല്ല

താരങ്ങളെ ആദരിക്കുന്നത് പോലുള്ള നീണ്ടു നിൽക്കുന്ന മുഷിപ്പൻ ചടങ്ങുകളിൽ വെറും കാഴ്ചക്കാരായി ഇരിക്കാനല്ല IFFK ഡെലിഗേറ്റ്സ് വരുന്നത് എന്നാണ് എന്റെ ബോധ്യം .എന്നിരുന്നാലും ഇത് വരെ ഇല്ലാത്ത ഒരു കാര്യം ഈ വർഷം ചെയ്യണമെന്നുണ്ടെങ്കിൽ താങ്കൾക്ക് നേരത്തെ കൂട്ടി സർക്കാരിനോട് അത് ആവശ്യപ്പെടാമായിരുന്നു . അങ്ങനെ ഒരാവശ്യം താങ്കളെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ഉന്നയിച്ചിരുന്നുവെങ്കിൽ അത്തരത്തിൽ ഒരു ചടങ്ങ് മേളയിൽ ഉൾപ്പെടുത്താൻ സംഘാടകർ തയ്യാറാവുമായിരുന്നു എന്നാണു എന്റെ വിശ്വാസം .

സുരഭിക്ക് അറിയാൻ വഴിയില്ല

സുരഭിക്ക് അറിയാൻ വഴിയില്ല

സുരഭി മികച്ച നടിയാണ് .സുരഭിക്ക് അവാർഡ് കിട്ടിയ ചിത്രം ഞാൻ കണ്ടിട്ടില്ല ,പക്ഷേ അവരുടെ ടെലിവിഷൻ പ്രോഗ്രാമുകൾ തന്നെ മതി അവരിലെ അഭിനയപ്രതിഭയെ മനസ്സിലാക്കാൻ. എന്നിരുന്നാലും സുരഭിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കുറിച്ച് ചിലപ്പോൾ കാര്യമായി അറിയാൻ വഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത് . അവർ മേളക്ക് വരാറില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . അത് കൊണ്ട് തന്നെ , ദേശീയ പുരസ്കാരമോ , മറ്റേതെങ്കിലും പുരസ്കാരമോ കിട്ടിയവരെ ആദരിക്കുന്ന ചടങ്ങൊന്നും മേളയിലുണ്ടാവാറില്ല എന്ന് അവർക്ക് അറിയാനും വഴിയില്ല. അത് ഒരു തെറ്റല്ല.

പാസ്സ് വീട്ടിലെത്തിക്കേണ്ടതില്ല

പാസ്സ് വീട്ടിലെത്തിക്കേണ്ടതില്ല

പക്ഷേ അങ്ങനെ ഒരു പതിവില്ല എന്ന് നന്നായി അറിയാവുന്ന താങ്കൾക്ക് അവരെ ഫോണിൽ വിളിച്ചു അക്കാര്യം പറയാവുന്നതായിരുന്നു. പക്ഷേ താങ്കൾ അതല്ല ചെയ്യുന്നത് എന്നത് നിരാശയുണ്ടാക്കി എന്ന് പറയാതെ വയ്യ. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കണമെങ്കിൽ സുരഭിയെ പോലെ ഒരാൾക്ക് പാസ്സ് നേരത്തെ പ്രിന്റ് ചെയ്ത് വീട്ടിലെത്തിച്ചു കൊടുക്കുകയൊന്നും വേണ്ട എന്നും താങ്കൾക്ക് നന്നായി അറിയാമല്ലോ. മേള കണ്ടിട്ട് പോലുമില്ലാത്ത സോഷ്യൽ മീഡിയ വിമർശകർക്ക് അത് അറിയാതിരിക്കുന്നത് സ്വാഭാവികമാണ്.

വിമർശനം ഡബ്ല്യൂസിസിക്ക്

വിമർശനം ഡബ്ല്യൂസിസിക്ക്

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആരെങ്കിലും പാസ്സ് കിട്ടാത്തത് കൊണ്ട് മേളയിൽ പങ്കെടുക്കാൻ പറ്റാതെ പോയതായി താങ്കൾ കേട്ടിട്ടുണ്ടോ ? ക്യൂ നിന്ന് സീറ്റ് കിട്ടാതെ ചിലപ്പോൾ സിനിമ കാണാൻ പറ്റാതെ പോയിട്ടുണ്ടാവും . സിനിമയിൽ പ്രവർത്തിക്കുന്നവരാരും മേളയിൽ ക്ഷണിതാക്കളായല്ല പങ്കെടുക്കുന്നത് എന്ന് താങ്കൾക്ക് അറിയാതെയല്ലല്ലോ .അതിനേക്കാളേറെ അത്ഭുതമായി തോന്നുന്നത് താങ്കളുടെ വിമർശനവും പരിഹാസവും സർക്കാറിനോടല്ല, മറിച്ചു WCC യോടാണ് എന്നതാണ് . ഒരു പ്രതിപക്ഷ പാർട്ടിയുടെ നേതാവായിട്ടു പോലും . . അതെന്തു കൊണ്ടാണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ വിഷ്ണുനാഥ്.

ട്രോളാനൊരു സംഘടന ഉണ്ടായല്ലോ

ട്രോളാനൊരു സംഘടന ഉണ്ടായല്ലോ

എത്ര വ്യത്യസ്തനായ രാഷ്ട്രീയ പ്രവർത്തകനാണ് എന്ന് ഭാവിച്ചാലും ,എത്ര ലോകോത്തര സിനിമകൾ കണ്ടാലും, ശബ്ദമുയർത്തുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത അറിയാതെ പുറത്തു ചാടും. എത്രയായാലും താങ്കൾ ഒരു ശരാശരി മലയാളി പുരുഷൻ തന്നെയാണല്ലോ. മമ്മൂട്ടിയുടെ ഒരു സിനിമയെ വിമർശിച്ചതിന് പാർവതി എന്ന നടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം താങ്കൾ കണ്ടിട്ടുണ്ടാവാതിരിക്കാൻ വഴിയില്ല. അതേ കുറിച്ച് ഒരു വാക്ക് പോലും പറയാതെയാണ് WCC യോടുള്ള ഈ പരിഹാസം . എന്തായാലും താങ്കൾക്ക് ധൈര്യമായി ട്രോളാൻ സിനിമാമേഖലയിൽ ഒരു സംഘടനയുണ്ടായത് നന്നായി . ''അമ്മ'യെയും മാക്ടയെയും ഒന്നും ഇങ്ങനെ പരിഹസിക്കാൻ പറ്റില്ലല്ലോ, അല്ലേ ?

കയ്യടിക്കുള്ള വില കുറഞ്ഞ ശ്രമം

കയ്യടിക്കുള്ള വില കുറഞ്ഞ ശ്രമം

വുമൺ ഇൻ സെലെക്ടിവ് എന്നൊക്കെ ട്രോളിയതല്ലാതെ എന്താണ് WCC യോടുള്ള വിമർശനം എന്ന് താങ്കൾ കൃത്യമായി പറഞ്ഞില്ല. സുരഭിയെ ആദരിക്കാത്തതിൽ പ്രതിഷേധിച്ചില്ല എന്നതാണോ ? ആണെങ്കിൽ WCC യെ ആക്രമിക്കാൻ താങ്കൾ ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു എന്ന് കരുതേണ്ടി വരും . അങ്ങനെ ഒരു പതിവില്ലെന്നു അറിയാമായിരുന്നിട്ടും സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കയ്യടി നേടാൻ നടത്തിയ വില കുറഞ്ഞ ഒരു ശ്രമമായി പോയി ഇതെന്നേ പറയാൻ കഴിയൂ. സുരഭിക്കു വേണ്ടി സംസാരിക്കുന്നു എന്ന വ്യാജേന സോഷ്യൽ മീഡിയയിലെ ആൾക്കൂട്ടം യഥാർത്ഥത്തിൽ ശ്രമിക്കുന്നത് അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന സ്ത്രീകളെ അതിന്റെ പേരിൽ കല്ലെറിയുക മാത്രമാണ്.

പാർവ്വതിയെ ആദരിച്ചില്ലല്ലോ

പാർവ്വതിയെ ആദരിച്ചില്ലല്ലോ

ഇന്ന് വരെ ഒരു മെഗാ സ്റ്റാറും നേടിയിട്ടില്ലാത്ത അന്താരാഷ്ട്രപുരസ്കാരം നേടിയ പാർവതിയെ ഉൽഘാടന സെഷനിൽ വിളിച്ചു ആദരിച്ചില്ല എന്ന പരാതിയൊന്നും ആർക്കുമില്ലല്ലോ. താങ്കൾക്കുമില്ല. കാരണം ലളിതമാണ്. അവർ ഈ ആങ്ങളമാരുടെ ലാളനക്ക് നിന്ന് തരാൻ തയ്യാറല്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിർഭയമായി അഭിപ്രായം പറയും. അങ്ങനത്തെ പെണ്ണുങ്ങൾ ശരിയല്ല. അത്രയേ ഉള്ളൂ.ഞാൻ എന്തിന് WCC ക്കു വേണ്ടി സംസാരിക്കുന്നു എന്നല്ലേ ? ഉത്തരം വളരെ വ്യക്തിപരമാണ് .അസംഘടിത മേഖലയിലെ ഒരു സ്ത്രീ തൊഴിലാളിയാണ് ഞാൻ . അത് കൊണ്ട് അസംഘടിത മേഖലയിലെ സ്ത്രീകളുടെ ഏതൊരു കൂട്ടായ്മയെയും ആവേശത്തോടെയാണ് ഞാൻ കാണുന്നത് .അവരുടെ ജീവിത സമരങ്ങളോട് ഞാൻ ഐക്യപ്പെടുന്നു .അത് നേഴ്സുമാരായാലും സിനിമാപ്രവർത്തകരായാലും .

മേളയെ വിമർശിക്കൂ

മേളയെ വിമർശിക്കൂ

അതേ സമയം .മേളക്കെതിരെ കാമ്പുള്ള വിമർശനങ്ങൾ പലരും ഉന്നയിച്ചിരുന്നു .മലയാള സിനിമയെ പിന്തുണക്കുന്നതിൽ മേള എത്രത്തോളം വിജയിക്കുന്നുണ്ട് എന്നതടക്കം . ദേശീയ അവാർഡ് ജേതാവായ കെ ആർ മനോജ് അടക്കമുള്ളവർ ഉന്നയിച്ച വിമർശനത്തോടൊപ്പമാണ് ഞാൻ .നമ്മുടെ മേളയെ അത്തരത്തിൽ തിരുത്താനും കൂടുതൽ മികവുറ്റതാക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്നതിന് പകരം ഇത്തരം വില കുറഞ്ഞ പരിഹാസങ്ങൾ ഉന്നയിക്കുന്നത് മോശമാണ് .

പോരാട്ടങ്ങൾക്ക് കരുത്ത് പകരൂ

പോരാട്ടങ്ങൾക്ക് കരുത്ത് പകരൂ

വിമർശനം പറഞ്ഞുവെന്നേയുള്ളൂ .രാജ്യം ആപത്കരമായ ഒരു രാഷ്ട്രീയപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ (മാറ്റി വെച്ചു കൊണ്ടല്ല ) ഒന്നിച്ചു നിൽക്കേണ്ടവരാണ് നമ്മൾ എന്ന ബോധ്യം എനിക്കുണ്ട് . താങ്കളും അതംഗീകരിക്കും എന്ന് കരുതുന്നു. അത് കൊണ്ട് തന്നെ സ്ത്രീകളുടെ പോരാട്ടങ്ങളെ തകർക്കാനല്ല, അവർക്കു കരുത്തു പകരാനാണ് താങ്കളെ പോലെ ഇരുത്തം വന്ന രാഷ്ട്രീയക്കാർ ശ്രമിക്കേണ്ടത് എന്നാണ് ഷാഹിനയുടെ കത്ത് അവസാനിക്കുന്നത്.

തുറന്ന കത്ത്

പിസി വിഷ്ണുനാഥിന് ഷാഫിനയുടെ തുറന്ന കത്ത്

English summary
IFFK controversy: Shahina Nafeesa's reply to congress leader PC Vishnunath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X