ആ വാക്ക് പാലിച്ച് ഷാജി കൈലാസ്.... സുരേഷ് ഗോപിയെ വേദിയിലിരുത്തി വിളിച്ചു, 'എടാ മന്ത്രി'
ഷാജി കൈലാസ് - സുരേഷ് ഗോപി - രഞ്ജി പണിക്കര്‍ കൂട്ടുകെട്ട് മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ആവേശം പകര്‍ന്നതാണ്. 90 കളിലും 2000 ത്തിലും ഈ കൂട്ടുകെട്ട് സിനിമയില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. സിനിമക്കും അപ്പുറത്താണ് ഷാജി കൈലാസം സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധം. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും വലിയ അടുപ്പമാണ് ഉള്ളത്.
ഇപ്പോഴിതാ ഷാജി കൈലാസും സുരേഷ് ഗോപിയും തമ്മിലുള്ള ആത്മബന്ധം വെളിവാകുന്ന ഒരു സന്ദര്‍ഭം കൂടി ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഫിലിം ഫ്രറ്റേര്‍ണിറ്റി കേന്ദ്ര മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് ആദരം നല്‍കിയിരുന്നു. ഈ ചടങ്ങില്‍ ഷാജി കൈലാസും പങ്കെടുത്തിരുന്നു. ഇതിനിടയിലെ ഒരു രസകരമായ മുഹൂര്‍ത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തനിക്ക് കൂടുതലൊന്നും പറയാനില്ല എന്നും പ്രോട്ടോക്കോള്‍ ലംഘിച്ച് കൊണ്ട് എടാ മന്ത്രി എന്ന് മാത്രം വിളിക്കുന്നു എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്. ''ഞാന്‍ സ്റ്റേജിലൊന്നും കയറി അങ്ങനെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് ഇവിടെ നില്‍ക്കുമ്പോള്‍ എനിക്ക് കൈ വിറയ്ക്കുകയാണ്. എന്തായാലും അധികമൊന്നും ഞാന്‍ സംസാരിക്കുന്നില്ല. എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞു.
പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് 'എടാ മന്ത്രി' എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല,'' എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്. നേരത്തെ അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ജനനായകന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് താനും സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധം ഷാജി കൈലാസ് വെളിപ്പെടുത്തിയിരുന്നു. എം പിയായ ശേഷം സുരേഷ് ഗോപിയെ വിളിച്ച് എടാ എം പീ എന്ന് വിളിച്ചിരുന്നു എന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു.
മിനിസ്റ്ററായാല്‍ എടാ മന്ത്രീ എന്ന് വിളിക്കും എന്നും ആ പരിപാടിയില്‍ ഷാജി കൈലാസ് പറഞ്ഞിരുന്നു. ഷാജി കൈലാസിന്റെ ആദ്യ സിനിമയായ ന്യൂസില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ 13 സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. സൂപ്പര്‍ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപിയും ഷാജി കൈലാസും.
അതേസമയം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഫിലിം ഫ്രറ്റേര്‍ണിറ്റി സുരേഷ് ഗോപിക്ക് നല്‍കിയ ആദരത്തില്‍ മണിയന്‍പിള്ള രാജു, നിര്‍മാതാവും നടനുമായ സുരേഷ് കുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ജയിച്ചാണ് സുരേഷ് ഗോപി എം പിയായത്.












Click it and Unblock the Notifications