മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണന്‍ അന്തരിച്ചു
മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ ശങ്കരനാരായണന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 75 വയസായിരുന്നു. 2001 ഫെബ്രുവരി 9 നാണ് സ്‌കൂള്‍ വിട്ട് വരുന്ന വഴി മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന്റെ മകള്‍ കൃഷ്ണപ്രിയയെ (13) അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കിയത്.
പിന്നാലെ കൃഷ്ണപ്രിയയെ മുഹമ്മദ് കോയ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു കൃഷ്ണപ്രിയ. ഈ കേസില്‍ അറസ്റ്റിലായ മുഹമ്മദ് കോയ 2002 ല്‍ ജാമ്യത്തിലിറങ്ങി. ജൂലൈ 27 നാണ് മുഹമ്മദ് കോയ കൊല്ലപ്പെടുന്നത്. മുഹമ്മദ് കോയയെ ശങ്കരനാരായണന്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ശങ്കരനാരായണന്‍ പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.

ഈ സംഭവത്തോടെ കേരളമാകെ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു ശങ്കരനാരായണന്റേത്. കേസില്‍ മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ട് പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചു. എന്നാല്‍ 2006 മേയ് മാസത്തില്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ശങ്കരനാരായണനെ വെറുതെ വിടുകയായിരുന്നു.
മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റി ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റ് ശത്രുക്കളും ഉണ്ടാകും എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് കോടതി ശങ്കരനാരായണനെ കുറ്റവിമുക്തനാക്കിയത്.












Click it and Unblock the Notifications