രഞ്ജിത്ത് ദിലീപിനൊപ്പം വേദി പങ്കിട്ടത് തെറ്റ്, ഒഴിവാക്കാമായിരുന്നു; വിമര്‍ശിച്ച് എഐവൈഎഫ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ട ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ നടപടി അപലപിച്ച് സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ്. രഞ്ജിതിന്റെ നടപടിയില്‍ പ്രസ്താവന പുറത്തിറക്കിയാണ് എ ഐ വൈ എഫ് അപലപിച്ചത്. അന്താരാഷ്ട്ര ചലചിത്രമേളയുടെ (ഐ എഫ് എഫ് കെ ) ഉദ്ഘാടന വേളയില്‍ ആക്രമണ വിധേയയായ നടിയെ മുഖ്യാതിഥിയായി കൊണ്ടുവന്നതിലൂടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയം എന്തെന്ന് കൃത്യമായ നിലപാട് പൊതുസമൂഹത്തിന് നല്‍കിയിരുന്നുവെന്ന് എ ഐ വൈ എഫ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം അതേ കേസിലെ മുഖ്യസൂത്രധാരനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ നടന്‍ ദിലീപിനൊപ്പം ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്ത് തന്നെ വേദി പങ്കിടുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കിയത് എന്ന് എ ഐ വൈ എഫ് പറയുന്നു. കേസിലെ പ്രതിയായ ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും എ ഐ വൈ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയിലാണ് നടന്‍ ദിലീപിനൊപ്പം സംവിധായകന്‍ കൂടിയായ രഞ്ജിത്ത് വേദി പങ്കിട്ടത്. ഇത് വലിയ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലില്‍ സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്നും നേരത്തെ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ സന്ദര്‍ശിച്ചതിനേയും രഞ്ജിത് ന്യായീകരിക്കുകയായിരുന്നു ചെയ്തത്.

ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടത് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പമാണ് താന്‍ ദിലീപിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചിരുന്നു. ഐ എഫ് എഫ് കെ വേദിയിലേക്ക് താനാണ് വ്യക്തിപരമായി അതിജീവിതയെ ക്ഷണിച്ചതെന്നും ഉദ്ഘാടന ചടങ്ങില്‍ അതിജീവിതയെ കൊണ്ടുവന്നത് നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിലും വലിയ കാറ്റ് വന്നിട്ട് താന്‍ ആടിയിട്ടില്ലെന്നായിരുന്നു തനിക്കെതിരായ വിമര്‍ശനങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെയാണ് പൊതുവേദിയില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. വേദിയില്‍ വെച്ച് ദിലീപ് രഞ്ജിത്തിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് പറഞ്ഞത്. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രഞ്ജിത് രംഗത്തെത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍ ചായകുടിക്കാനല്ല പോയതെന്നും ഫിയോക്കിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയതെന്നും ആയിരുന്നു രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Recommended Video

ദിലീപുള്ള പരിപാടികളില്‍ നിന്ന് ഓടിയൊളിക്കാനാകില്ലെന്നും സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ തന്റെ മേല്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്നും രഞ്ജിത്ത് ചോദിച്ചിരുന്നു. ഫിയോക്കിന്റെ പരിപാടിയില്‍ പത്ത് മിനിറ്റ് പങ്കെടുത്തു തിരിച്ചു വന്നു. അത്രമാത്രമേ തനിക്ക് പറയാനുള്ളൂവെന്നും അതില്‍ കൂടുതല്‍ ആ വിഷയത്തില്‍ പറയേണ്ട കാര്യവുമില്ലന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.












Click it and Unblock the Notifications