'എനിക്കിനി അവളെ വേണ്ടെന്ന് പറഞ്ഞു, മാറി നിന്നിട്ടും അവൾ വിളിച്ച് അടുപ്പിച്ചു, ഗ്രീഷ്മക്കെതിരെ ഷാരോണിന്റെ അച്ഛൻ
തിരുവനന്തപുരം: ഷാരോൺ രാജ് കൊലപാതകത്തിന് ഒക്ടോബർ 25ന് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. ഷാരോണിനെ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കേസ്. 11 മാസത്തോളം ജയിലിൽ കഴിഞ്ഞ ഗ്രീഷ്മ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. മകന്റെ മരണത്തിന് ഒരാണ്ട് തികയുമ്പോൾ നീതി തേടിയുളള പോരാട്ടത്തെ കുറിച്ച് വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചിരിക്കുകയാണ് ഷാരോണിന്റെ അച്ഛൻ ജയരാജ്.
ജയരാജിന്റെ വാക്കുകൾ ഇങ്ങനെ: '' നീതിക്ക് വേണ്ടി ഇപ്പോഴും അലയുകയാണ്. സുപ്രീം കോടതി വരെ പോയി. ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യും. അവള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കാനാണ് ഇനിയുളള ജീവിതം. അല്ലെങ്കില്‍ ഇതിന് മുന്‍പേ കുടുംബമായി ആത്മഹത്യ ചെയ്‌തേനെ. നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും. പൈസ കൊടുത്താണ് അവര്‍ വിധി അട്ടിമറിച്ചത്. തെളിവൊക്കെ ഉണ്ട്, അവള്‍ക്ക് ശിക്ഷ കിട്ടും.

വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ മകന്‍ ഒരു മാസത്തോളം അവളുടെ അടുത്ത് നിന്ന് മാറി നിന്നതാണ്. പക്ഷേ വീണ്ടും അവനെ വിളിച്ച് സംസാരിച്ച് അവളിലേക്ക് അടുപ്പിച്ചു. കൊല്ലുക എന്ന ലക്ഷ്യം മാത്രമേ അവള്‍ക്കുണ്ടായിരുന്നുളളൂ. മകന് നീതി കിട്ടണം. സുപ്രീം കോടതിയില്‍ പോയപ്പോള്‍ അനുകൂല തീരുമാനമുണ്ടായി. മൂന്നാം തിയ്യതി വിചാരണ തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ ഹര്‍ജി കൊടുക്കാന്‍ നിയമോപദേശം തേടിയിരുന്നു. അവര്‍ കന്യാകുമാരി ജില്ല വിട്ട് പോകരുത് എന്നേ ഉളളൂ. അവര്‍ ജില്ലയില്‍ തന്നെ ഉണ്ട്. ഹൈക്കോടതിയില്‍ പോയപ്പോള്‍ കേസ് അട്ടിമറിക്കപ്പെട്ടു. കല്യാണം കഴിച്ചാല്‍ ആദ്യത്തെ ഭര്‍ത്താവ് മരിക്കും എന്ന് ജ്യോത്സന്‍ പറഞ്ഞുവെന്നതൊക്കെ ഗ്രീഷ്മ ഉണ്ടാക്കിയതാണ്.. അയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ഒരു വര്‍ഷം പ്ലാന്‍ ചെയ്തിട്ടാണ് മകനെ കൊന്നു കളഞ്ഞത്. അവളെ കുറിച്ച് മകന്‍ പരാതിയൊന്നും പറഞ്ഞിട്ടില്ല. വിവാഹനിശ്ചയമായിരുന്നു, ഞാന്‍ വിട്ടു എന്ന് പറഞ്ഞു. ഒരു മാസം മകന്‍ വളരെ ടെന്‍ഷനിലായിരുന്നു. പിന്നെ ഞങ്ങളത് മാറ്റിയെടുത്തു. പറഞ്ഞാല്‍ കേള്‍ക്കുമായിരുന്നു അവന്‍.
ആശുപത്രിയിലെത്തിച്ചപ്പോള്‍ കഷായം കുടിച്ചെന്നും അതില്‍ എന്താണെന്ന് അറിയില്ലെന്നും അവന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ വെച്ച് എട്ടാമത്തെ ദിവസം 'എനിക്കിനി അവളെ വേണ്ട' എന്ന് മകന്‍ പറഞ്ഞിരുന്നു. അതൊക്കെ പിന്നെ സംസാരിക്കാം എന്ന് താന്‍ പറഞ്ഞു. മകന്റെ ഫോണ്‍ ഓപണ്‍ ചെയ്യാന്‍ പറ്റിയതോടെയാണ് കൊലപാതകമാണ് എന്ന് അറിഞ്ഞത്. പാറശ്ശാല സിഐ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഞങ്ങള്‍ കൊടുത്തില്ല. കോടതിയില്‍ ഹാജരാക്കാമെന്ന് പറഞ്ഞു. സിഐ ഭീഷണിപ്പെടുത്തിയിരുന്നു.
അവള്‍ക്ക് ഷാരോണിനെ കൊന്നത്തില്‍ ഒരു കുറ്റബോധവും ഇല്ല. ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ വളരെ കൂളായി സംസാരിക്കുന്നത് കണ്ടു. അവരുടെ കയ്യില്‍ പണമുണ്ട്. അതുകൊണ്ട് എന്തും ചെയ്യാം. നിയമം അട്ടിമറിക്കാം. മരണം വരെ അവള്‍ ജയിലില്‍ കിടക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ചട്ടപ്രകാരം പോയാല്‍ അതിലും കൂടുതല്‍ കിട്ടും''.












Click it and Unblock the Notifications