'അന്ന് ബോബി ചെമ്മണ്ണൂര്‍ ഓടി കോടികള്‍ പിരിച്ചു.. എല്ലാവരും കൈയടിച്ചു; ഗ്രീഷ്മയ്‌ക്കെന്തിന് വധശിക്ഷ'? ശ്രീലേഖ
കോഴിക്കോട്: പ്രമാദമായ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഗ്രീഷ്മ ചെയ്തത് ക്രൂരമായ കുറ്റകൃത്യമാണെങ്കിലും വധശിക്ഷ അംഗീകരിക്കുന്നില്ല എന്ന് ശ്രീലേഖ പറഞ്ഞു. സസ്‌നേഹം ശ്രീലേഖ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ പ്രതികരണം. ശ്രീലേഖയുടെ പ്രതികരണം ഇങ്ങനെയാണ്...
ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്ക് ലഭിച്ച വധശിക്ഷ അംഗീകരിക്കുന്നില്ല. ഇതിനേക്കാളും ആര്‍ജി കാര്‍ ആശുപത്രിയില്‍ നടന്ന ക്രൂരമായ കൊലപാതകവും ബലാത്സംഗവും നടത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ മാത്രമെ കൊടുത്തുള്ളൂ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസൊന്നുമല്ല എന്ന് പറഞ്ഞ് ആ ക്രൂരമായ സംഭവത്തില്‍ ജീവപര്യന്തം തടവ് മാത്രം വിധിച്ചു.

എന്നാല്‍ അതേദിവസമിറങ്ങിയ മറ്റൊരു വിധി പ്രസ്താവത്തില്‍ കേരളത്തിലുള്ള കോടതി കാമുകനെ വിഷം കൊടുത്ത് കൊന്നു എന്ന കാരണത്തില്‍ 23 വയസുള്ള പെണ്‍കുട്ടിക്ക് തൂക്കുകയര്‍ വിധിച്ചത് ഒട്ടും ന്യായീകരിക്കാനാകില്ല. കൂടാതെ ഞാന്‍ മലയാളികളുടെ ചില ഇരട്ടത്താപ്പ് നയത്തെ കുറിച്ചും സംസാരിച്ചു. കേരളത്തില്‍ ഇതുപോലുള്ള കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും കൂടി വലിയ സംഭവമാണ്, ആ പെണ്ണിനൊരു കഷായം ഗ്രീഷ്മ എന്നൊരു പേരൊക്കെയിട്ടു.
ഈ കേസ് എനിക്ക് അറിയില്ല. ഈ കേസിന്റെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഞാന്‍ പഠിച്ചിട്ടില്ല. കോടതി വിധിയെ മാനിക്കുന്നെങ്കിലും ഇത് കുറച്ച് കടുത്തുപോയി എന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം കേരളത്തിലെ ജനങ്ങള്‍ വളരെയധികം ഇരട്ടത്താപ്പ് കാണിക്കുന്നവരാണ്. യെമനിലെ നഴ്‌സ് നിമിഷപ്രിയ ഒരാളെ ഓവര്‍ഡോസ് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ സംഭവമുണ്ട്.
അവിടെ തൂക്കുകയര്‍ വിധിക്കപ്പെട്ട് കിടക്കുന്ന ഒരു സ്ത്രീയെ ഇറക്കി കൊണ്ടുവരാന്‍ ഇവിടത്തെ മാധ്യമപ്രവര്‍ത്തകരുടെ പരാക്രമം കണ്ട് ഞാന്‍ അന്ധാളിച്ച് പോയിട്ടുണ്ട്. എല്ലാവരും കൂടെ ചേര്‍ന്ന് ക്രൗഡ് ഫണ്ടിംഗ് നടത്തി കോടിക്കണക്കിന് രൂപ പിരിച്ച ബ്ലഡ് മണി കൊടുത്ത് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ ദയയില്‍ ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കാന്‍ ശ്രമിക്കുകയാണ്. കൊലപാതകിയായ സ്ത്രീയെ തിരികെ കൊണ്ടുവരാനായി ആക്രാന്തം കാണിച്ചല്ലോ.
അതിന് മുന്‍പ് അബ്ദുള്‍ റഹ്‌മാന്‍ എന്നോ മറ്റോ പേരുള്ള ആളെ (റഹീം) സൗദി അറേബ്യയില്‍ ശിക്ഷിച്ചിരിക്കുകയാണ്. സുഖമില്ലാത്ത ഒരു കുട്ടിയെ കൊലപ്പെടുത്തി എന്നാണ് ആ കേസ്. ആ ശിക്ഷയില്‍ നിന്ന് അയാളേയും ഒഴിവാക്കി തിരിച്ച് നാട്ടിലെത്തിക്കാനായി ബോബി ചെമ്മണ്ണൂര്‍ കൂട്ടയോട്ടം നടത്തി 36 കോടി രൂപയെങ്ങാനും പിരിച്ചുകൊടുത്തു. അതും ഒരു കൊലയാളിയാണ്. ഈ രണ്ട് സംഭവങ്ങളും വെച്ച് നോക്കുമ്പോള്‍ വിദേശത്ത് വെച്ച് നടന്നതൊന്നും കുഴപ്പമില്ല, ഇവിടെ നടന്നത് കൊലയാളി പെണ്ണാണെങ്കില്‍ പോലും അവളെ തൂക്കിലേറ്റണം എന്ന് പറഞ്ഞ് എഡിറ്റോറിയല്‍ എഴുതാന്‍ വരെ ഇവിടെ ആളുകള്‍ ഉണ്ടായി.
ആ ഒരു ഇരട്ടത്താപ്പ് നമുക്ക് ചേര്‍ന്നതാണോ? വധശിക്ഷ വിധിക്കുന്നത് അതീവശ്രദ്ധയോടെ വേണം എന്നാണ് നിയമപുസ്തകങ്ങളിലെല്ലാം പറഞ്ഞിരിക്കുന്നത്. ഗ്രീഷ്മ ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കില്‍ തന്നെ ഒരു പയ്യനുമായിട്ട് സ്‌നേഹമായി 21-ാം വയസിലാണ് ഈ കുട്ടി കുറ്റകൃത്യം ചെയ്യുന്നത്. അതിന് ഒരു വര്‍ഷം മുന്‍പ് തന്നെ ഈ കുട്ടിക്ക് പയ്യനുമായി സ്‌നേഹത്തിലാണ്. കുട്ടി നായര്‍ കുടുംബത്തിലുള്ളത്.
പയ്യന്‍ നാടാര്‍ ക്രിസ്ത്യന്‍. അതുകൊണ്ട് അത് തന്നെ ഒരു വലിയ സാമൂഹ്യതിന്മയാണ്. വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ പ്രണയിക്കുമ്പോള്‍ കുടുംബക്കാരുടെ എതിര്‍പ്പ് വരുന്നത് വലിയ സാമൂഹ്യ പ്രശ്‌നമാണ്. ഗ്രീഷ്മയുടെ അച്ഛനമ്മമാര്‍ അത് എതിര്‍ത്തിരുന്നില്ലെങ്കില്‍ ഈ കുറ്റം നടക്കില്ലായിരുന്നു എന്ന് എനിക്ക് തോന്നുന്നു. പയ്യന്‍ ഗ്രീഷ്മയെ വളരെയധികം സ്‌നേഹിച്ചു എന്നൊക്കെയാണ് പറയുന്നത്. വ
ീട്ടുകാര്‍ ആര്‍മി ഓഫീസറുമായി വിവാഹം ഉറപ്പിച്ചപ്പോള്‍ അവന്‍ അത് വിസമ്മതിക്കുകയും രഹസ്യമായിട്ട് കല്യാണം കഴിക്കാം എന്ന് പറയുകയും ചെയ്തു. അങ്ങനെ ഷാരോണിന്റെ വീട്ടില്‍ വെച്ച് താലി കെട്ടി എന്നോ അതിന് ശേഷം വെട്ടുകാട്ട് പള്ളിയില്‍ പോയി കല്യാണം നടത്തി. അതിന് ശേഷം ആര്‍മിക്കാരനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായം കൊടുക്കന്നത്.
കഷായം ചലഞ്ച് എന്ന് പറഞ്ഞാണ് കൊടുക്കുന്നത്. അല്ലാതെ എന്തെങ്കിലും അസുഖമുണ്ടായിട്ടൊന്നുമല്ല. ഗ്രീഷ്മ ചെയ്ത കുറ്റം എന്ന് പറയുന്നത് ക്രൂരമാണ് എന്നതില്‍ സംശയമൊന്നുമില്ല. പക്ഷെ അതിനുള്ള ശിക്ഷ തൂക്കുകയറാണോ? കാരണം പല പുരുഷന്‍മാരും പബ്ലിക്കായിട്ട് തുരുതുരാ കത്തിയെടുത്ത് കുത്തിയിട്ടും വാളെടുത്ത് വെട്ടിയിട്ടും എന്ത് ശിക്ഷയാണ് കൊടുക്കുന്നത്. രണ്ട് പയ്യന്‍മാരെ പബ്ലിക്കായിട്ട് വളഞ്ഞിട്ട് കുറെ പേര്‍ വെട്ടിക്കൊന്നല്ലോ.
പെരിയ ഇരട്ടക്കൊലക്കേസ്. അതിനകത്ത് ജീവപര്യന്തം ശിക്ഷയല്ലേ വിധിച്ചുള്ളൂ. അതിലൊന്നും പ്രതികള്‍ക്ക് വധശിക്ഷ കൊടുത്തിട്ടില്ല. അതൊക്കെ സാധാരണമാകുകയും കാമുകന് കാമുകി വിഷം കൊടുത്ത് കൊലപ്പെടുത്തുന്നത് അസാധാരണങ്ങളില്‍ അസാധാരണമാകുന്നതെങ്ങനെയാണ്.












Click it and Unblock the Notifications