കേരള ബജറ്റ് 2022: കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം, 'സാമ്പത്തിക മാന്ദ്യം അതിജീവിക്കാന്‍ ഇടപെടുന്നില്ല'
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം. കേന്ദ്രബജറ്റ് വളരെ നിരാശാജനകമായിരുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അസമത്വം ഇത്ര വര്‍ധിച്ചിട്ടും വരുമാന നികുതി, കോര്‍പറേറ്റ് നികുതി, സ്വത്ത് നികുതി എന്നിവ ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായില്ല. എല്‍ഐസി അടക്കമുളള പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കാനും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.
സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല. മാത്രമല്ല ഇടപെടുന്നതില്‍ നിന്ന് സംസ്ഥാനങ്ങളെ വിലക്കുന്നു.വിഭവങ്ങള്‍ കേന്ദ്രത്തിനും വികസന-ക്ഷേമ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കും എന്ന മട്ടിലാണ് കേന്ദ്രം പെരുമാറുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി കുറയ്ക്കുന്നു. ഫെഡറല്‍ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹനിക്കുന്നുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

കൊടിയ പ്രതിസന്ധികളുടെ താഴ്ചകള്‍ കടന്ന് മുന്നേറാന്‍ കേരളം ആരംഭിച്ചിരിക്കുകയാണെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. അതിജീവനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ച് വന്നിരിക്കുന്നു. ഈ മാറ്റം സമ്പത്തുല്‍പാദനത്തില്‍ പ്രതിഫലിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2022-23ല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉദ്പാദനത്തിലും നികുതി വരുമാനത്തിലും തൊഴിലവസരങ്ങളിലും കൂടുതല്‍ വളരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഎസ്ടി വരുമാനത്തില്‍ ശരാശരി 14.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ധനമന്ത്രി സഭയില്‍ അറിയിച്ചു. പ്രതിസന്ധികള്‍ അവസാനിച്ചു എന്ന് പറയുന്നില്ല. കൊവിഡിന്റെ നാലാം തരംഗം ഉണ്ടായേക്കാം. പ്രതിസന്ധികള്‍ വന്നാലും നേരിടാനുളള ആത്മവിശ്വാസം കേരളത്തിനുണ്ട്. കൊവിഡിന് മുന്‍പ് തന്നെ ലോകത്തും രാജ്യത്തും സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. പ്രതിസന്ധിയെ മറികടക്കാനെടുക്കുന്ന നയങ്ങള്‍ കര്‍ഷകരേയും തൊഴിലാളികളേയും കൂടുതല്‍ പാപ്പരാക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൃഷിക്കാരുടേയും തൊഴിലാളികളുടേയും ഐതിഹാസിക സമരം ഇന്ത്യയില്‍ ഉയര്‍ന്ന് വന്നത്.
കൊവിഡ് കാലത്തും കോര്‍പറേറ്റ് പ്രീണനം തുടരാനാണ് ഭരണകൂടങ്ങള്‍ തയ്യാറായത്. സമ്പത്ത്ഘടനയില്‍ തകര്‍ച്ച നേരിട്ട കാലത്ത് കോര്‍പറേറ്റുകളുടെ ലാഭം ഉയര്‍ന്നു. അസമത്വം പെരുകി. സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന ഈ നയങ്ങള്‍ ക്രൂരമായി നടപ്പിലാക്കപ്പെട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ലോകറാങ്കിംഗില്‍ ഇന്ത്യ ലജ്ജാകരമായ അവസ്ഥയിലാണ്. കൊവിഡ് കാലത്ത് സമാനകളില്ലാത്ത തൊഴില്‍ നഷ്ടം രാജ്യത്തുണ്ടായി.












Click it and Unblock the Notifications