ഉമ്മന്‍ചാണ്ടിക്ക് പകരം ശശി തരൂരോ..? എങ്കില്‍ ചെന്നിത്തലയും ഇറങ്ങും; ചരടുവലികള്‍ ശക്തം
ശശി തരൂരിനായി ഇതിനോടകം എംപിമാര്‍ ഖാര്‍ഗെയെ കണ്ട് സംസാരിച്ചിട്ടുണ്ട്. ചെന്നിത്തല കൂടി കളത്തിലിറങ്ങിയാല്‍ പൊടിപാറുമെന്നുറപ്പാണ്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പിന് സാധ്യത. ഭാരത് ജോഡോ യാത്ര അവസാനിച്ചതോടെ ചിന്തന്‍ ശിബിറിലെ മറ്റ് തീരുമാനങ്ങള്‍ കൂടി നടപ്പാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംഘടനാപരമായി ശക്തി പ്രാപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പ്രവര്‍ത്തക സമിതി പുനസംഘടനയിലും ശശി തരൂര്‍ തന്നെയായിരിക്കും ശ്രദ്ധാ കേന്ദ്രം.
പ്ലീനറി സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് കടക്കാനിരിക്കെ സംഘടനാതലത്തിലെ അഴിച്ചുപണിയുള്‍പ്പെടെ പാര്‍ട്ടിയെ അടിമുടി ഉടച്ചുവാര്‍ക്കാനാണ് ഉന്നത നേതൃത്വം ലക്ഷ്യമിടുന്നത്. ഭാരത് ജോഡോ യാത്ര നല്‍കിയ ഊര്‍ജം കൈമുതലാക്കി അണികളെ ആവേശഭരിതരാക്കുന്ന സംഘടനാ നേതൃത്വം കൂടി വരണം എന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ തന്നെ ശശി തരൂരിനായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ചരട് വലി ആരംഭിച്ചിട്ടുണ്ട്.

ശശി തരൂരിന് പിന്തുണ
അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം ലക്ഷ്യമാക്കി ശശി തരൂര്‍ നടത്തിയ നീക്കങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടാക്കിയെങ്കിലും അണികളുടെ ഭാഗത്ത് നിന്ന് വലിയ പ്രശ്‌നങ്ങളില്ല എന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ശശി തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് എം പിമാര്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.

മാന്യമായ സ്ഥാനം നല്‍കണം
പ്രവര്‍ത്തക സമിതിയിലേക്ക് ശശി തരൂരിന് തഴയരുത് എന്ന ആവശ്യം എം പിമാരായ കെ മുരളീധരന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍ എന്നിവര്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് മുന്‍പില്‍ ഉന്നയിച്ചിട്ടുണ്ട് എന്നാണ് വിവരം. ജനങ്ങള്‍ക്കിടയില്‍ ശശി തരൂരിന് സ്വീകാര്യതയുണ്ട് എന്നാണ് മൂന്ന് എം പിമാരും പറയുന്നത്. ശശി തരൂരിനെ മാന്യമായ സ്ഥാനം നല്‍കി പരിഗണിക്കണം എന്നാണ് ആവശ്യം.

ഉമ്മന്‍ചാണ്ടിക്ക് പകരം തരൂര്‍?
ശശി തരൂരിന് എ ഐ സി സി പ്രവര്‍ത്തക സമിതി അംഗത്വമോ സംഘടനാതലത്തില്‍ പ്രധാന ചുമതലയോ നല്‍കണം എന്നാണ് എം കെ രാഘവന്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഉന്നത നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കാം എന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അറിയിച്ചിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ ആണ് ഉള്ളത്.

വീണ്ടും ഗ്രൂപ്പ്?
ഇതില്‍ അനാരോഗ്യം മൂലം ഉമ്മന്‍ചാണ്ടി പ്രവര്‍ത്തക സമിതിയില്‍ നിന്ന് മാറാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. അങ്ങനെ എങ്കില്‍ ശശി തരൂരിനെ പരിഗണിക്കണം എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. ഉമ്മന്‍ചാണ്ടിക്കും ശശി തരൂര്‍ വരുന്നതിനോട് വിയോജിപ്പുണ്ടായിരിക്കില്ല. കേരളത്തിലെ ശശി തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ മൗനാനുവാദം ഉണ്ട് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

തടയിടാന്‍ ചെന്നിത്തല
എന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവര്‍ത്തക സമിതിയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയെ ദേശീയ തലത്തിലേക്ക് നേതൃത്വം ക്ഷണിച്ചിട്ടുണ്ട് എന്നാണ് വിവരം. അങ്ങനെയെങ്കില്‍ പ്രവര്‍ത്തക സമിതിയിലേക്ക് ശശി തരൂര്‍, രമേശ് ചെന്നിത്തല പോരാട്ടത്തിനും സാക്ഷ്യം വഹിച്ചേക്കും. എന്നാല്‍ മത്സരമെങ്കില്‍ തരൂര്‍ പിന്‍വാങ്ങിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്

നറുക്ക് ചെന്നിത്തലക്കാകുമോ
എന്‍ എസ് യു, യൂത്ത് കോണ്‍ഗ്രസ് കാലം മുതല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചതും യുവാവായിരിക്കെ തന്നെ എം പിയായി പ്രവര്‍ത്തിച്ചതും രമേശ് ചെന്നിത്തലക്ക് മുതല്‍ക്കൂട്ടാവും. ദേശീയ നേതൃത്വവുമായി രമേശ് ചെന്നിത്തലക്ക് അടുത്ത ബന്ധവും ഉണ്ട്. 1997 ല്‍ കൊല്‍ക്കത്തയില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഏറ്റവും അവസാനമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പു നടന്നത്.












Click it and Unblock the Notifications