ആര്യയ്ക്ക് അഭിനന്ദനവുമായി ശശി തരൂര്‍; രാജ്യത്തെ 51 ശതമാനം പേരുടെ പ്രതിനിധി
തിരുവനന്തപുരം: രാജ്യത്തെ പ്രായം കുറഞ്ഞ മേയറായി എത്തുകയാണ് തിരുവനന്തപുരത്ത്് ആര്യ രാജേന്ദ്രന്‍. 21കാരിയായ ഈ ഡിഗ്രി വിദ്യാര്‍ഥിയാണ് അടുത്ത മേയര്‍. സിപിഎം കുടുംബാംഗമായ ആര്യയുടെ നേതൃപാടവം നേരത്തെ പാര്‍ട്ടി മനസിലാക്കിയിരുന്നു. പുതിയ പദവി ഏറ്റെടുക്കാനിരിക്കുന്ന ആര്യയെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് തിരുവനന്തപുരം എംപിയായ ശശി തരൂര്‍.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആര്യയെ അഭിനന്ദിച്ചത്. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം കോര്‍പറേഷനില്‍ എത്തുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ 51 ശതമാനം 25 വയസിന് താഴെയുള്ളവരാണ്. അവര്‍ക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ ലഭിക്കുന്ന പ്രതിനിധ്യമാണിതെന്നും ശശി തരൂര്‍ കുറിച്ചു.
വളരെ ചെറുപ്പം മുതലേ സിപിഎം പതാകയേന്തിയിരുന്നു ആര്യ. അമ്മ ശ്രീലതയും അച്ഛന്‍ കെ രാജേന്ദ്രനും കറകളഞ്ഞ സിപിഎമ്മുകാരാണ്. ആര്യയുടെ കുടുംബം സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. പ്രായത്തിനപ്പുറമുള്ള പക്വതയാണ് ആര്യയ്ക്ക്. സംഘടനാ തലത്തില്‍ ഏല്‍പ്പിച്ച ചുമതലകളെല്ലാം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് ഇവര്‍. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ആര്യയെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്.
മേയര്‍ പദവിയിലേക്ക് സിപിഎം കരുതിവച്ചവരില്‍ ചിലര്‍ തോറ്റു. ഇതാണ് ആര്യയിലേക്ക് പദവി എത്താന്‍ ഒരു കാരണം. കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹയല്‍ സെക്കന്‍ഡറി സ്‌കൂളിലും കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് വിദ്യാഭ്യാസം. ആള്‍ സെയിന്റ്‌സ് കോളജില്‍ ഡിഗ്രിക്കു പഠിക്കവെയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും ജയിച്ചതും മേയറാകുന്നതും.












Click it and Unblock the Notifications