Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഉറപ്പിച്ച് തരൂർ; കടുംവെട്ടിന് കോപ്പ് കൂട്ടി നേതാക്കൾ, വലിയ പൊട്ടിത്തെറിക്ക് സാധ്യത

തിരുവനന്തപുരം: ഒടുവിൽ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ശശി തരൂർ എംപി. തന്നോട് എല്ലാവരും കേരളത്തിൽ പ്രവർത്തിക്കാൻ ആവശ്യപ്പെടുകയാണെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് തരൂർ വ്യക്തമാക്കിയത്. എന്നാൽ തരൂരിന്റെ പരസ്യ പ്രഖ്യാപനം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തിൽ സജീവമാകാൻ തയ്യാറെടുത്ത് തരൂർ


കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ താരമൂല്യമുയർന്ന ശശി തരൂർ കഴിഞ്ഞ കുറച്ച് നാളുകളായി കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ കൂടി ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കേരള പര്യടനം. പരിപാടിയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഘടകക്ഷിയായ മുസ്ലീം ലീഗിന്റേയും എൻ എസ് എസിന്റേയും ക്രൈസ്തവ സഭകളുടേയുമെല്ലാം പിന്തുണ നേടാൻ തരൂരിന് സാധിച്ചിരുന്നു.എന്നാൽ കേരളത്തിൽ ചുവടുറപ്പിക്കാനുള്ള തരൂരിന്റെ മോഹം മനസിലാക്കിയ സംസ്ഥാന നേതാക്കൾ തരൂരിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി തടയിടാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയത്. സമാന്തര പ്രവർത്തനം അനുവദിക്കാനികില്ലെന്നും പ്രഖ്യാപിച്ചു.

സംസ്ഥാന നേതാക്കളെ മെരുക്കാൻ


ഇതിനെല്ലാമിടയിലാണ് കഴിഞ്ഞ ദിവസം തന്റെ മുഖ്യമന്ത്രി മോഹം കൂടി തരൂർ വെളിപ്പെടുത്തിയത്. എൻ എസ് എസിന് പിന്നാലെ ഓർത്തഡോക്സ് സഭ കൂടി പിന്തുണ പ്രഖ്യാപിച്ചതിന്റെ കരുത്തിലാണ് ഇപ്പോൾ തരൂരിന്റെ നീക്കങ്ങൾ. പക്ഷേ സംസ്ഥാന നേതാക്കളെ മെരുക്കി തരൂർ എങ്ങനെ കേരള രാഷ്ട്രീയത്തിൽ സജീവമാകും എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

യുവാക്കളുടേയും അണികളുടേയും പിന്തുണ


നിലവിൽ ഉമ്മൻചാണ്ടിയുടെ പിന്തുണ ഉണ്ടെന്നത് മാത്രമാണ് തരൂരിന് ആശ്വാസം. കെ മുരളീധരൻ, എംകെ രാഘവൻ എംപി എന്നിവരും തരൂരിനെ പിന്തുണയ്ക്കുന്നു. യു ഡി എഫിന് തിരിച്ച് വരണമെങ്കിൽ തരൂരിനെ പോലുള്ള നേതാക്കളെ ഉപയോഗിക്കുകയാണ് നേതൃത്വം ചെയ്യേണ്ടതെന്നും പരസ്യമായ വിഴുപ്പലക്കൽ അല്ല വേണ്ടതെന്നുമായിരുന്നു നേരത്തെ കെ മുരളീധരൻ പറഞ്ഞത്.മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്നവരാണ് തരൂരിനെ തടയാൻ ശ്രമിക്കുന്നതെന്നും മുരളീധരൻ തുറന്നടിച്ചിരുന്നു. യുവാക്കളിൽ വലിയ വിഭാഗത്തിന്റ പിന്തുണയും തരൂരിന് ഉണ്ട്. അണികളുടെ പിന്തുണ നേടിയെടുക്കാനും തരൂരിന് സാധിച്ചിട്ടുണ്ട്.

തരൂരിന് കാര്യങ്ങൾ എളുപ്പമാകില്ലെന്ന്


അതേസമയം തരൂരിന് തടയിടാനുള്ള കരുനീക്കങ്ങൾ വിഡി സതീശന്റെ നേതൃത്വത്തിൽ ആരംഭിച്ച് കഴിഞ്ഞു. കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് കരുനീക്കങ്ങൾ സജീവമാക്കിയിരിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല കടുത്ത നിലപാടിലേക്ക് കടന്നിട്ടില്ല. എൻഎസ്എസുമായുള്ള തർക്കത്തിൽ ചെന്നിത്തല ഇടഞ്ഞാൽ തരൂരിന് കാര്യങ്ങൾ അത്ര കണ്ട് എളുപ്പമാകില്ലെന്ന് തന്നെയാണ് വിലയിരുത്തുന്നത്.

രണ്ടാം ഘട്ട മലബാർ പര്യടനത്തിന്


അതിനിടെ രണ്ടാം ഘട്ട മലബാർ പര്യടനത്തിന് തരൂർ തയ്യാറെടുക്കുകയാണ്.ആദ്യഘട്ട സന്ദർശനത്തിൽ പോകാനാകാത്ത ഇടങ്ങളിലേക്കാണ് പര്യടനം. ഇരുവിഭാഗം സുന്നി നേതാക്കളും തരൂരിന് സ്വീകരണമൊരുക്കിയിട്ടുണ്ട്.. ഇകെ വിഭാഗം സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അത്താഴ വിരുന്നില്‍ ബുധനാഴ്ച രാത്രി തരൂര്‍ പങ്കെടുക്കും. വ്യാഴാഴ്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായാണ് കൂടിക്കാഴ്ച നടത്തുക. എം കെ മുനീറും അദ്ദേഹത്തിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

തരൂരിന് തടയിടാൻ

മലങ്കര ഓര്‍ത്തഡോക്സ് സഭ കുന്നംകുളം ബിഷപ് ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസിനേയും തരൂർ സന്ദർശിക്കും. കണ്ണൂരിൽ മുസ്ലീം ലീഗിന്റേതടക്കം നിരവധി പരിപാടികളിൽ തരൂർ ഈ ദിവസങ്ങളിൽ ഭാഗമാകും. എംകെ രാഘവൻ എംപിയാണ് തരൂരിന്റെ കൂടിക്കാഴ്ചകൾ ഏകോപിപ്പിക്കുന്നത്. അതേസമയം രണ്ടാം ഘട്ടത്തിൽ തരൂരിന് തടയൊരുക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾ എന്തൊക്കെയാകുമെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+