പിടി തോമസിനോട് കോണ്‍ഗ്രസ് കാണിച്ചത് അന്യായം, സീറ്റ് നിഷേധിച്ചു; വീണ്ടും ശശി തരൂര്‍
2014 ല്‍ പിടി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിലപാടിന്റെ പേരിലായിരുന്നു ഇത്.

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ വീണ്ടും ശശി തരൂര്‍ എം പി. മുന്‍ എം എല്‍ എ പി ടി തോമസിനോട് കോണ്‍ഗ്രസ് അന്യായം കാണിച്ചു എന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സംഭവം മുന്‍നിര്‍ത്തിയായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം.
എം പി സ്ഥാനത്ത് അഞ്ച് വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും കോണ്‍ഗ്രസ് പി ടി തോമസിന് സീറ്റ് കൊടുത്തില്ല. ഇത് അന്യായമാണ് എന്ന് തനിക്ക് തോന്നുന്നു എന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലപാട് എടുത്തതിനാല്‍ മാത്രമാണ് പി ടി തോമസിന് വീണ്ടും കോണ്‍ഗ്രസ് ടിക്കറ്റ് കൊടുക്കാതിരുന്നത് എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഉമാ തോമസ് സാക്ഷി
കൊച്ചിയില്‍ ഫ്രണ്ട്സ് ഓഫ് പി ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ചടങ്ങില്‍ 'ഇവന്‍ എന്റെ പ്രിയ പി ടി' എന്ന സ്മരണികയും ശശി തരൂര്‍ പ്രകാശനം ചെയ്തു. പി ടി തോമസിന്റെ ഭാര്യയും തൃക്കാക്കര എം എല്‍ എയുമായ ഉമാ തോമസ്, വേണു രാജാമണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിനയായി
ഇടുക്കി എം പിയായിരുന്നു പി ടി തോമസ്. 2009 ല്‍ സിറ്റിംഗ് എം എല്‍ എയായി മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും 2014 ല്‍ പി ടി തോമസിന് സീറ്റ് നിഷേധിക്കുകയായിരുന്നു. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് സ്വീകരിച്ച നിലപാടിന്റെ പേരിലായിരുന്നു പി ടി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്.

സഭ കണ്ണുരുട്ടി, കോണ്‍ഗ്രസ് വഴങ്ങി
ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണം എന്ന് പി ടി തോമസ് വാദിച്ചിരുന്നു. എന്നാല്‍ കത്തോലിക്കാ സഭാ ഈ നിലപാടിന് എതിരായിരുന്നു. ഇതോടെ പി ടി തോമസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുത് എന്ന് കത്തോലിക്ക സഭ നിലപാടെടുത്തു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതിന് വഴങ്ങേണ്ടി വരികയും ചെയ്തു.

എംഎല്‍എയായിരിക്കെ അന്ത്യം
ഇത് കൂടാതെ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ പി ടി തോമസിന്റെ നിലപാടിനെതിരെ ഇടുക്കിയില്‍ വലിയ പ്രക്ഷോഭം അരങ്ങേറുകയും ചെയ്തിരുന്നു. നാല് തവണ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ട പി ടി തോമസ് 2021 ല്‍ ആണ് അന്തരിക്കുന്നത്.












Click it and Unblock the Notifications