മകന്റെ മരണവിവരമറിഞ്ഞത് ഫേസ്ബുക്കിലൂടെ, നെഞ്ചുതകര്‍ന്നു, പിന്നാലെ ജീവനൊടുക്കി അമ്മ
തിരുവനന്തപുരം: മകന്‍ വാഹനാപകടത്തില്‍ മരിച്ചത് അറിഞ്ഞ് മാതാവ് കിണറ്റില്‍ച്ചാടി ജീവനൊടുക്കി. മകന്റെ വിയോഗം ഭര്‍ത്താവും ബന്ധുക്കളും ഇവരെ അറിയിച്ചിരുന്നില്ല. ഫേസ്ബുക്കില്‍ മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ എന്നെഴുതിയ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധ്യാപിക കൂടിയായ ഷീജാ ബീഗം ആത്മഹത്യ ചെയ്തത്. രാത്രി വളരെ വൈകിയായിരുന്നു ഷീജാ ബീഗം ഈ പോസ്റ്റ് കണ്ടത്.
കരയാന്‍ പോലും അവര്‍ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഞെട്ടിവിറച്ച അവര്‍ ആരെയും ഉണര്‍ത്താതെ മരണത്തിലേക്ക് നടന്നു നീങ്ങുകയായിരുന്നു. നാടിനും നാട്ടുകാര്‍ക്കും വരെ ഞെട്ടലുണ്ടാക്കിയ മരണമായിരുന്നു മകന്റെയും അമ്മയുടേയും. നെടുമങ്ങാട് വെള്ളൂര്‍ക്കോണം ഗവ എല്‍പി സ്‌കൂള്‍ അധ്യാപികയാണ് ഷീജാ ബീഗം.

ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിനകത്ത് ഉണ്ടായ വാഹനാപകടത്തില്‍ എംവിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും ഷീജാ ബീഗത്തിന്റെ മകനുമായ സജിന്‍ മുഹമ്മദ് മരിച്ചത്. ബൈക്കിലായിരുന്നു സജിന്‍ സഞ്ചരിച്ചിരുന്നത്. യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞുള്ള റോഡിലെ രണ്ട് വളവുകള്‍ക്കിടയിലായിരുന്നു അപകടം.
എതിരെ വന്ന ജീപ്പില്‍ തട്ടി ബൈക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനം. ഗുരുതരമായ പരിക്കേറ്റ സജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മകന്റെ മരണവിവരമറിഞ്ഞ് സജിന്റെ പിതാവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്ക് തിരിച്ചിരുന്നു. ഷീജാ ബീഗത്തെയും മകള്‍ സിയാനയെയും മരണവിവരം അറിയിച്ചിരുന്നില്ല. ഇരുവരെയും കഴക്കൂട്ടത്തെ കുടുംബ വീട്ടിലാക്കിയ ശേഷമാണ് ബന്ധുക്കള്‍ വയനാട്ടിലേക്ക് പോയത്.
രാത്രിയില്‍ പക്ഷേ ഫേസ്ബുക്കിലെ ഷീജാ ബീഗം മകന്റെ മരണവാര്‍ത്ത അറിയുകയായിരുന്നു. ഇതൊരിക്കലും ഷീജാ ബീഗത്തിന് സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഇളയ മകള്‍ സിയാനയെ പോലും ഉണര്‍ത്താതെയാണ് രാത്രി ഒന്നരയോടെ ഇവര്‍ തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടിയത്. ഷീജാ ബീഗത്തിന്റെ മാതാവ് ആരിഫാ ബീവിയും, സഹോദരന്‍ ഷാജഹാനും കുടുംബവുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
ഉറങ്ങാന്‍ കിടന്ന ഷീജയെ കാണാതായത് ശ്രദ്ധയില്‍പ്പെട്ട ഷാജഹാനും, ബന്ധുക്കളും തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറിന്റെ ഇരുമ്പുമറ മാറ്റിയതായി കണ്ടത്. ഷീജ കിണറ്റില്‍ ചാടിയെന്ന് ഉറപ്പായതോടെ രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് ്തിവേഗം സ്ഥലത്തെത്തി ഷീജയെ പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം മകന്റെ മരണം അറിഞ്ഞ് വയനാട്ടിലേക്ക് തിരിച്ച സുലൈമാനെ തേടി നേരം പുലരും മുമ്പാണ് ഭാര്യയുടെ മരണവാര്‍ത്തയെത്തിയത്. അധ്യാപക ദിനമായിരുന്ന ചൊവ്വാഴ്ച്ച സ്‌കൂളില്‍ നിന്നായിരുന്നു സുലൈമാന്‍ ഭാര്യയെ കൂട്ടിക്കൊണ്ടുവന്നത്. 20 വര്‍ഷമായി ഈ സ്‌കൂളിലെ അധ്യാപികയാണ് ഇവര്‍.












Click it and Unblock the Notifications