ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവെക്കുന്നു?
ദില്ലി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഷീല രാജിവെച്ചേക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു പി എ ഭരണകാലത്ത് നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷീല ദീക്ഷിത് ഇത് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല.
ദില്ലിയില്‍ സന്ദര്‍ശനം നടത്തുന്ന ഷീല ദീക്ഷിത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തുന്നതിന് ഷീല ദീക്ഷിത് സമയം തേടിയിട്ടുണ്ട്. ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാന്‍ വേണ്ടിയാണ് ഷീല ദീക്ഷിത് പ്രസിഡണ്ടിനെ കാണുന്നതെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കാര്യങ്ങളാണ് രാജ്‌നാഥുമായുള്ള കൂടിക്കാഴ്ചയില്‍ ഇവര്‍ സംസാരിച്ചതെന്നും പറയപ്പെടുന്നു.

എന്നാല്‍ താന്‍ രാജിവെക്കുന്നു എന്ന വാര്‍ത്തകളെ ഷീല ദീക്ഷിത് നിഷേധിച്ചു. ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ദില്ലിയില്‍ 15 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് നിയമസഭ തിരഞ്ഞെടുപ്പില്‍ കെജ്രിവാളിനോട് തോറ്റതോടെയാണ് ഗവര്‍ണറായി കേരളത്തിലെത്തിയത്. കോണ്‍ഗ്രസ് നേതാവായ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഞായറാഴ്ച രാജിവെച്ചിരുന്നു.
മിസോറാമിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവെച്ചത്. നേരത്തെ സ്ഥലം മാറ്റപ്പെട്ടതില്‍ പ്രതിഷേധിച്ച് വക്കം പുരുഷോത്തമനും രാജിവെച്ചിരുന്നു. എം കെ നാരായണന്‍, അശ്വനി കുമാര്‍, ബി എല്‍ ജോഷി, ശേഖര്‍ ദത്ത് എന്നിവര്‍ ഹോം സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. എന്നാല്‍ ഷീല ദീക്ഷിത്, ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസിസ് ഖുറേഷി തുടങ്ങിയവര്‍ രാജിക്ക് തയ്യാറായില്ല.












Click it and Unblock the Notifications