രാജിവെപ്പിക്കും മുന്‍പ് ഷീലാ ദീക്ഷിതിന്റെ ഉല്ലാസയാത്ര
ആലപ്പുഴ: കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് രാജിവെപ്പിക്കും മുന്‍പേ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ കണ്ടു തീര്‍ക്കുന്ന തിരക്കിലാണ്. കഴിഞ്ഞദിവസം കുടുംബാംഗങ്ങളോടൊപ്പം ആലപ്പുഴയിലെത്തിയ ഗവര്‍ണര്‍. ഇനിയുള്ള ദിവസം മൂന്നാറിലായിരിക്കും കാഴ്ചകാണാനെത്തുക. കേരളത്തിലെത്തി കുറച്ചുകാലം ജീവിക്കണമെന്ന് നേരത്തെ ഷീലാ ദീക്ഷിത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു യുപിഎ സര്‍ക്കാര്‍ കേരളത്തിലെ ഗവര്‍ണര്‍ ചുമതല നല്‍കിയത്.
കഴിഞ്ഞദിവസം ആലപ്പുഴയിലെത്തിയ ഗവര്‍ണര്‍ ഹൗസ് ബോട്ടിലാണ് തങ്ങിയത്. ആര്‍.ബ്ലോക്ക്, വേമ്പനാട് കായല്‍ എന്നിവ ഗവര്‍ണര്‍ ചുറ്റിക്കണ്ടു. മകള്‍ ലതിക, ചെറുമകള്‍ അസിയ എന്നിവരും ഷീലാ ദീക്ഷിതിന്റെ ഒപ്പം ഉണ്ടായിരുന്നു. അപ്പവും ചിക്കനും കരിമീനും കൊഞ്ചുമായിരുന്നു ഉച്ചയ്ക്കുള്ള ആഹാരം. വൈകുന്നേരത്തോടെ കെടിഡിസിയുടെ ഹോട്ടലില്‍ എത്തി ചായയും കഴിച്ചു മടങ്ങി.

അടുത്ത ദിവസം മൂന്നാര്‍ തേക്കടി യാത്രയാണ് ഗവര്‍ണര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിനായി ദേവികുളത്തെ ആഡംബര റിസോര്‍ട്ടില്‍ താമസമൊരുക്കും. ഒരാഴ്ചമുന്‍പും ഷീലാ ദീക്ഷിത് തേക്കടിയിലെത്തിയിരുന്നെങ്കിലും കൂടുതല്‍ കാഴ്ചകള്‍ കാണാനാണ് ഇത്തവണത്തെ വരവ്. ഔദ്യോഗിക സ്ഥാനം ഉപയോഗിച്ചുള്ള യാത്രയായതിനാല്‍ സര്‍ക്കാര്‍ ചിലവിലാണ് യാത്ര.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഷീലാ ദീക്ഷിതിനെ കേരള ഗവര്‍ണര്‍ ആക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ആരോപണ വിധേയയുമായ ഷീലാ ദീക്ഷിതിന്റെ നിയമനം ഏറെ വിവാദമാകുകയും ചെയ്തിരുന്നു. എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതോടെ ഷീലാ ദീക്ഷിത് അടക്കമുള്ളവരോട് രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും രാജി വെയ്ക്കില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.












Click it and Unblock the Notifications