ഷിബിന്‍ കൊലപാതകം: പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് അഭിഭാഷകന്‍, യുഡിഎഫ് കാലത്ത് പാളിച്ചകളുണ്ടായി
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവർത്തകന്‍ ഷിബിന്‍ കൊലപാതക കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 15 ഹൈക്കോടതി വിധിക്കാന്‍ പോകുകയാണ്. ഒന്ന് മുതല്‍ 6 വരെയും 15, 16 പ്രതികളും കുറ്റക്കാരാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. വിദേശത്തുള്ള പ്രതികളെ അടക്കം 15 ന് കോടതിയില്‍ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.
കേസിലെ 18 പ്രതികളില്‍ 18 പേരേയും വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവായിരുന്നു എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ സർക്കാർ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

വളരെ കൃത്യമായും അതുപോലെ തന്നെ ലഭ്യമായ തെളിവുകളെല്ലാം തന്നെ കോടതിയില്‍ ഹാജരാക്കിയതുമാണ് പ്രതികളെ ശിക്ഷിക്കുന്നതിലേക്ക് നയിച്ചത്. സംസ്ഥാന സർക്കാർ നിയോഗിച്ച അഭിഭാഷകൻ എസ് യു നാസർ, പി വിശ്വൻ, അരുൺ കുമാർ, പി രാഹുൽ രാജ്, പൂജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമപോരാട്ടം.
പ്രതികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കോടതിയില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അഭിഭാഷക സംഘത്തിലെ ഒരാള്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. യു ഡി എഫ് സർക്കാറിന്റെ കാലത്ത് പ്രതികള്‍ക്ക് അനുകൂലമായ രീതിയിലാണ് പൊലീസ് പ്രവർത്തിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ പോലും കൃത്യമായി എതിർക്കാർ സർക്കാർ ആ സമയത്ത് തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്രയും ക്രൂരമായ കൊലപാതകം ചെയ്ത സംഘത്തിന് 90 ദിവസം കഴിയുന്നതിന് മുമ്പ് തന്നെ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം പറയുന്നു.
യു ഡി എഫ് കാലത്തെ പബ്ലിക്ക് പ്രോസിക്യൂട്ടർ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് നടത്തിയതെന്ന് ഷിബിന്റെ അച്ഛന്‍ തന്നെ കഴിഞ്ഞ ദിവസം ഞങ്ങളോട് പറയുകയുണ്ടായി. അന്വേഷണ ഘട്ടത്തില്‍ തന്നെ ഒരുപാട് പാളിച്ചകളുണ്ടായി. ഷിബിന്റെ കൊലപാതകത്തിന് പിന്നാലെ മേഖലയില്‍ നടന്ന മറ്റ് ആക്രമണങ്ങളിലേക്ക് കേന്ദ്രീകരിച്ച് യു ഡി എഫിന് അനൂകൂലമായ സാഹചര്യം ഉണ്ടാക്കാനാണ് പൊലീസ് ശ്രമിച്ചത്. അതായത് കൊലപാതകത്തേക്കാള്‍ പൊലീസ് അന്ന് പ്രധാന്യം കൊടുത്തത് വീട് ആക്രമിക്കപ്പെട്ടതിനാണ്.
കൊലപാതകം നടന്ന് അധിക സമയം കഴിയുന്നതിന് മുന്നേ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും അപ്പോള്‍ എഫ് ഐ ആർ ഇടാന്‍ പൊലീസ് തയ്യാറായില്ല. പിറ്റേ ദിവസം ദൃക്സാക്ഷിയായ ഒരാള്‍ സ്റ്റേഷനില്‍ പോയി പറഞ്ഞതിന് ശേഷമാണ് എഫ് ഐ ആർ ഇടാന്‍ പൊലീസ് തയ്യാറാവുന്നത്. ഇത്തരത്തിലുള്ള പാളിച്ചകള്‍ കാരണമാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്. എന്നാല്‍ സുപ്രീംകോടതിയിലെ വിവിധ ഉത്തരവുകള്‍ അടക്കം ചൂണ്ടിക്കാട്ടിയും തെളിവുകള്‍ കൃത്യമായി ഹാജരാക്കിയുമാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്തത്. പ്രതികള്‍ക്ക് എല്ലാം തന്നെ കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications