തുണേരി ഷിബിന്‍ വധക്കേസ്: ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ
കോഴിക്കോട്: നാദാപുരം തൂണേരി സ്വദേശി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. ഒന്ന് മുതല്‍ നാല് വരേയുള്ള പ്രതികള്‍ക്കും 15, 16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഴുവന്‍ പ്രതികള്‍ക്കും ഒരേ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പി വി സുരേഷ് കുമാർ, പി പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ അഞ്ച് ലക്ഷം രൂപ വീതം ഷിബിന്റെ മതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞയാഴ്ച കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണക്കോടതി വെറുതെ വിട്ടതിന് പിന്നാലെ സുരക്ഷാപരമായ കാരണങ്ങളാലടക്കം പ്രതികള്‍ വിദേശത്തേക്കും മറ്റും പോയിരുന്നു. കുറ്റക്കാരാണെന്ന ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും മടങ്ങിയെത്തിയ പ്രതികളെ പൊലീസ് വിമാനത്തവാളത്തില്‍ നിന്നും പിടികൂടി ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
2015 ജനുവരി 22 നാണ് ഷിബിന്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുമ്പോള്‍ 19 വയസ്സായിരുന്നു ഷിബിന്. ആക്രമണത്തില്‍ ആറ് പേർക്ക് ഗുരുതരമായ രീതിയില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധവുമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു കേസ്. ദൃക്സാക്ഷികള്‍ അടക്കം ഉണ്ടായിരുന്നെങ്കിലും മുഴുവന്‍ പ്രതികളേയും വിചാര കോടതി വെറുതെ വിടുകയായിരുന്നു.
ഹൈക്കോടതിയുടെ ശിക്ഷാ വിധി വിധി കുടുംബത്തിനും നാടിനും ആശ്വാസം നല്‍കുന്നതാണെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു. സാമാധാനത്തോടെ പോയിക്കൊണ്ടിരുന്ന വെള്ളൂർ പ്രദേശത്തെ, വർഗ്ഗീയ തീവ്രവാദ പശ്ചാലത്തലമുള്ള ലീഗിന്റെ ഏതാനും പ്രവർത്തകർ ചേർന്ന് ഷിബിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ലക്ഷണമൊത്ത ഗൂഡാലോചന അതിന്റെ പുറകിലുണ്ടായിരുന്നു. ഷിബിന്റെ കൊലപാതകം നാടിനെ നടുക്കിയ സംഭവമായിരുന്നു. അതിനെ തുടർന്ന് ഒരുപാട് അനിഷ്ട സംഭവങ്ങള്‍ മേഖലയിലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തെ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ട അസ്ലം വിദേശത്തേക്ക് പോകാനിരിക്കെ 2016 ലായിരുന്നു അസ്ലം കൊല്ലപ്പെടുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അസ്ലമിനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം ഇടിപ്പിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications