• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രീയമായി തകർന്നടിഞ്ഞ ഇടതിനുളള ആയുധം, ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ ഷിബു ബേബി ജോൺ

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയിൽ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് ഇടതുമുന്നണിയുടെ പ്രതികാര നടപടിയാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. പ്രതികരണത്തിന്റെ പൂർണരൂപം: '' യുഡിഎഫ് ഭരണകാലഘട്ടത്തിൽ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ 250 ഓളം പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ പണി പൂർത്തിയാകാത്ത ഒരു പാലമായിരുന്നു പാലാരിവട്ടം പാലം. 70 % UDF കാലത്തും ബാക്കി 30 % LDF കാലത്തുമാണ് അത് പൂർത്തീകരിച്ചത്. അതൊഴികെ മറ്റൊരു പാലത്തിൻ്റെ കാര്യത്തിലും ഇതുവരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ല.

പാലാരിവട്ടം പാലത്തിൻ്റെ നിർമ്മാണത്തിൽ എന്തെങ്കിലും അപാകതയോ അഴിമതിയോ ഉണ്ടെങ്കിൽ അത് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. പക്ഷെ ഇപ്പോഴത്തെ നടപടികൾ, രാഷ്ട്രീയമായി തകർന്നടിഞ്ഞ് നിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു ആയുധമായി കണ്ട് കൈക്കൊള്ളുന്ന പ്രതികാര നടപടികളായെ മനസിലാക്കാൻ കഴിയൂ. ഈ പാലത്തിന് അപാകത ഉണ്ടെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ RDS കമ്പനി തന്നെയാണ്. രണ്ട് മാസം പാലം അടച്ചിട്ടാൽ പ്രശ്നങ്ങൾ പരിഹരിച്ചുതരാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. എന്നാൽ ലോകസഭാ തെരെഞ്ഞെടുപ്പ് സമയമായത് കൊണ്ട് രാഷ്ട്രീയ വിവാദമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സർക്കാർ ശ്രമിച്ചത്.

എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൂടി വന്നതോടെ രംഗം കൊഴുത്തു. അതിൻ്റെ തുടർച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പ് കാലമായ ഇന്ന് നടന്ന അറസ്റ്റും. പാലാരിവട്ടം പാലത്തിൻ്റെ നിർമ്മാണത്തിൽ, അഴിമതി നടന്നിട്ടുണ്ടെങ്കിൽ നിർമാണം നടത്തിയ കമ്പനിയ്ക്ക് കേരളത്തിൽ തുടർന്നും പ്രവർത്തിക്കാൻ സാധിക്കുമോ? നിലവിൽ സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള ആലപ്പുഴ ബൈപ്പാസിൻ്റെ നിർമ്മാണം അവർ നടത്തുകയാണ്. മറ്റ് നിരവധി പ്രവർത്തനങ്ങളും ഈ സർക്കാർ പൂർണമായ വിശ്വാസത്തോടെ അവരെ ഏൽപ്പിച്ചിരിക്കുകയാണ്. പാലം നിർമ്മിച്ച കമ്പനിയുടെ ഭാഗത്ത് കുറ്റമില്ല എന്നാണ് സർക്കാർ കാഴ്ച്ചപ്പാട്. എന്നാൽ മൊബലൈസേഷൻ അഡ്വാൻസ് നൽകാനുള്ള ഫയൽ കണ്ടു എന്ന ഒറ്റകാരണം കൊണ്ട് ഇബ്രാഹിം കുഞ്ഞിനെ വേട്ടയാടുകയും ചെയ്യുകയാണ്. നിർമാണത്തിൽ അഴിമതി ഉണ്ടെങ്കിൽ ആ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയോ വിലക്കുകയോ ചെയ്യണ്ടേ.

നിർമ്മാണത്തിനിടെ തകർന്നുവീണ തലശ്ശേരി- മാഹി പാലത്തിൻ്റെ നിർമ്മാതാക്കളായ ജിഎച്ച്‌വി ഇന്ത്യ, ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളെ കേന്ദ്രസർക്കാർ ഇന്ന് വിലക്കിയിട്ടുണ്ട്. എന്നാൽ അത്തരമൊരു നടപടി പാലാരിവട്ടം പാലത്തിൻ്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. മാത്രമല്ല, കമ്പനി ചൂണ്ടിക്കാണിക്കുന്നത് വരെ പാലത്തിൻ്റെ പ്രശ്നങ്ങൾ മനസിലാക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് എന്തുകൊണ്ട് പറ്റിയില്ല, ഏത് സർക്കാരിൻ്റെ കാലത്ത് നടന്ന നിർമ്മാണപ്രവർത്തനത്തിലാണ് അപാകത ഉണ്ടായത്, കോടതി നിർദ്ദേശിച്ചിട്ടും ഭാരപരിശോധന നടത്താൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ് തുടങ്ങിയ കാര്യങ്ങളിലൊന്നും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തിൽ മോദി എങ്ങനെയാണോ രാഷ്ട്രീയ എതിരാളികളെയും ഒരു സമൂഹത്തെയും ശത്രുവായി കണ്ട് പ്രതികാരനടപടികൾ സ്വീകരിക്കുന്നത്, അതിന് സമാനമായാണ് പിണറായി ലീഗിനെയും മറ്റ് എതിരാളികളെയും വേട്ടയാടുന്നത്. ഉത്തർപ്രദേശിൽ ഡോ. കഫീൽ ഖാനെതിരെ ബിജെപി സർക്കാർ പ്രതികാരനടപടികൾ കൈക്കൊണ്ടത് നമ്മൾ കണ്ടതാണ്.

LDF സർക്കാരിൻ്റെ അഴിമതികൾക്കെതിരെ ശബ്ദമുയർത്തിയ കെ.എം ഷാജിയേയും ഇബ്രാഹിം കുഞ്ഞിനേയും ഒക്കെ സമാനമായാണ് പിണറായി സർക്കാർ വേട്ടയാടുന്നത്. അതേ സമയം RSS നേതാക്കളോട് പ്രീണനനയമാണ് ഈ സർക്കാരിന്. അത് മനസിലാക്കാൻ പാലത്തായിയിലെ ബിജെപി നേതാവായ പ്രതിയോടും മെഡിക്കൽ കോളേജ് കോഴ വാങ്ങിച്ച ബിജെപി നേതാക്കളോടുമുള്ള പിണറായി പോലീസിൻ്റെ നയം പരിശോധിച്ചാൽ മതി. അല്ലെങ്കിൽ ലോക്ക് ഡൗൺ കാലത്ത് യാത്ര ചെയ്ത കോൺഗ്രസ് നേതാവായ ഉസ്മാനോടും BJP നേതാവായ സുരേന്ദ്രനോടുമുള്ള പിണറായിയുടെ സമീപനം പരിശോധിച്ചാലും മനസിലാകും ഈ വ്യത്യാസം. എന്നാൽ ഈ പ്രതികാരനടപടികൾ കൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് പിണറായി കരുതണ്ട. നിങ്ങളുടെ കൊള്ളസംഘത്തിനെതിരെ മുമ്പത്തെക്കാൾ ഊർജവുമായി ഞങ്ങൾ തെരുവിലുണ്ടാകും''.

English summary
Shibu Baby John reacts to VK Ibrahim Kunju's arrest in Palarivattom Scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X