കേരളത്തിലെ കോളേജുകളില്‍ സിപിഎം രാഷ്ട്രീയ ഫാസിസം രൂപപ്പെടുത്തുന്നു; വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍
കൊല്ലം : ശാസ്താംകോട്ട കോളേജിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മറവില്‍ വ്യാപക ആക്രമണമാണ് എസ് എഫ് ഐ വേഷമണിഞ്ഞ ഗുണ്ടകള്‍ അഴിച്ചുവിട്ടതെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ ആരോപിച്ചു. കര്‍ണാടകത്തില്‍ ബിജെപി ഭരണകുടം വര്‍ഗീയ ഫാസിസത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ കേരളത്തിലെ സിപിഎം അത് രാഷ്ട്രീയ ഫാസിസം ആയി രൂപപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കലാലയങ്ങള്‍ സര്‍ഗ്ഗപ്രതിഭകളെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി പണ്ട് മാറിയിരുന്നെങ്കില്‍ ഇന്നത് അക്രമികളെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ ആയി മാറ്റുകയാണ് സംസ്ഥാനം ഭരിയ്ക്കുന്ന ഭരണകൂടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

കലാലയങ്ങളില്‍ രാഷ്ട്രീയം ഇല്ലാത്തതിന്റെ പോരായ്മകള്‍ കര്‍ണാടകയില്‍ ദൃശ്യമാകുമ്പോള്‍, കേരളത്തിലെ കലാലയ രാഷ്ട്രീയത്തിലെ ദൂഷ്യവശങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടത്തെ ക്യാമ്പസുകളില്‍ കാണാന്‍ കഴിയുന്നത്. ജനാധിപത്യ ബോധത്തിന്റെ അവസാനകണിക പോലും നശിച്ച നിലയിലേക്ക് ഇവിടത്തെ കലാലയ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചതാരാണ്?
കഴിഞ്ഞദിവസം ശാസ്താംകോട്ട കോളേജിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മറവില്‍ വ്യാപക ആക്രമണമാണ് എസ് എഫ് ഐ വേഷമണിഞ്ഞ ഗുണ്ടകള്‍ അഴിച്ചുവിട്ടത്. ചവറയില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കോളേജിന്റെ മുന്‍വശത്തെ ഗേറ്റില്‍ പോലീസ് കാവല്‍ നില്‍ക്കുമ്പോള്‍ എം എല്‍ എയുടെ വീടിനോട് ചേര്‍ന്നുള്ള ഗേറ്റ് തുറന്നു കൊടുത്ത് അക്രമികളെ അകത്തേക്ക് കയറ്റി വിട്ട് തങ്ങള്‍ക്കെതിരെ മത്സരിച്ചവരെയെല്ലാം തല്ലിച്ചതക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
കുന്നത്തൂരിലും ചവറയിലും നടന്ന ആക്രമണത്തിനു പിന്നാലെ അന്തരിച്ച മുന്‍ എംഎല്‍എ തോപ്പില്‍ രവിയുടെ കൊല്ലത്തെ സ്മാരക സ്തൂപവും കഴിഞ്ഞ രാത്രി ഇരുട്ടിന്റെ മറവില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. കര്‍ണാടകത്തില്‍ ബിജെപി ഭരണകുടം വര്‍ഗീയ ഫാസിസത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ കേരളത്തിലെ സിപിഎം അത് രാഷ്ട്രീയ ഫാസിസം ആയി രൂപപ്പെടുത്തുന്നു. കലാലയങ്ങള്‍ സര്‍ഗ്ഗപ്രതിഭകളെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി പണ്ട് മാറിയിരുന്നെങ്കില്‍ ഇന്നത് അക്രമികളെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ ആയി മാറ്റുകയാണ് സംസ്ഥാനം ഭരിയ്ക്കുന്ന ഭരണകൂടം- ഷിബു ബേബി ജോണ്‍ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യകേരളത്തിലെ ഹാസ്യ കഥാപാത്രങ്ങളായി മുഖ്യമന്ത്രിയും ഗവര്‍ണറും മാറിയിരിക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഒരു ഗവര്‍ണര്‍ ഇത്തരത്തില്‍ വിലപേശല്‍ നടത്തുന്നത് ജനാധിപത്യത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. എന്നാല്‍ കേട്ടുകേള്‍വിയില്ലാത്ത ഈ അധ:പതനത്തിന് മുന്നില്‍ മുട്ടുമടക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് തെറിച്ചോട്ടെ എന്ന് കരുതുന്നതാണ് ചങ്കൂറ്റം.
Recommended Video
മിടുക്കനും സത്യസന്ധനുമായ ഉദ്യോഗസ്ഥനായ ജ്യോതിലാലിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി ഗവര്‍ണറുടെ വിലപേശല്‍ രാഷ്ട്രീയത്തോട് കോംപ്രമൈസ് ചെയ്ത മുഖ്യമന്ത്രി കേരളജനതയ്ക്ക് തന്നെ അപമാനമായി മാറിയിരിക്കുന്നു. രഹസ്യധാരണകളുടെ പിന്നാമ്പുറങ്ങള്‍ സ്മൂത്ത് ആക്കുന്നതിന് ജനങ്ങളോട് കൂറുള്ള ഉദ്യോഗസ്ഥരെ ബലികൊടുക്കുന്ന ഒരു സര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍ മാറിയെന്ന് പറയാതെ വയ്യ . നയപ്രഖ്യാപനം പോലുള്ള അടിയന്തര ഘട്ടങ്ങളെ സുവര്‍ണാവസരമാക്കി വിലപേശല്‍ നടത്തുന്ന ഗവര്‍ണര്‍ക്കും, അത്തരമാളുകള്‍ക്ക് പാദസേവ ചെയ്ത് സ്വന്തം സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി വാങ്ങിച്ചെടുക്കുന്ന മുഖ്യമന്ത്രിയ്ക്കും നടുവില്‍ ശ്വാസം മുട്ടുകയാണ് ഇന്ന് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .












Click it and Unblock the Notifications