Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് എക്‌സൈസിന് മുന്നിലെത്തി ഷൈന്‍ ടോം ചാക്കോ; ശ്രീനാഥ് ഭാസിയുമെത്തി

ആലപ്പുഴ: ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കഞ്ചാവ് കേസില്‍ എക്‌സൈസിന് മുന്നില്‍ ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഇന്നു രാവിലെ 10 മണിക്ക് ഹാജരാകാനാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാവിലെ 7.30-ന് തന്നെ ഷൈന്‍ എക്‌സൈസ് ഓഫീസില്‍ എത്തി. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതെയാണ് ഷൈന്‍ ഓഫീസിലേക്കു കയറിപ്പോയത്. നടന്‍ ശ്രീനാഥ് ഭാസിയും പാലക്കാട് സ്വദേശിയായ മോഡല്‍ സൗമ്യയും ചോദ്യം ചെയ്യലിനായി എക്‌സൈസ് ഓഫീസില്‍ ഹാജരായി. ഇവരും പറഞ്ഞ സമയത്തിലും ഒന്നര മണിക്കൂര്‍ നേരത്തെ എത്തി.

ആലപ്പുഴയില്‍ നിന്ന് രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് ഷൈനെയും ശ്രീനാഥ് ഭാസിയെയും സൗമ്യയെയും ചോദ്യം ചെയ്യുന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുല്‍ത്താന, ഷൈനും ശ്രീനാഥിനുമൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. ഇത് പരിശോധിക്കാനാണ് ഇരുവരെയും വിളിച്ചുവരുത്തിയത്.

shine Tom- Sreenath Bhasi

ആദ്യം ഷൈനെയാണ് ചോദ്യം ചെയ്യുന്നത്. താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും അതിനാല്‍ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈന്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. രാവിലെ വിമാന മാര്‍ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. എന്നാല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മൂന്നു പേരെയും വിട്ടയക്കൂ എന്നാണ് എക്‌സൈസ് നിലപാട്.

പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് എക്‌സൈസ് ചോദ്യം ചെയ്യുന്നത്. തസ്ലീമ സുല്‍ത്താനയില്‍ ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യാവലി തയാറാക്കിട്ടുള്ളത്.

കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമ സുല്‍ത്താനയെ അറിയാമോ എന്ന് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ഷൈന്‍ പ്രതികരിച്ചില്ല. അതേസമയം മാധ്യമങ്ങളുടെ ചോദ്യത്തിന് 'അന്വേഷണ ഉദ്യോഗസ്ഥരോട് പറയട്ടെ' എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ശ്രീനാഥ് ഭാസിക്കൊപ്പം അഭിഭാഷകനും ഉണ്ടായിരുന്നു. തസ്ലീമയെ അറിയാമെന്നും എന്നാല്‍ ലഹരി ഉപയോഗം അറിയില്ലെന്നുമാണ് മോഡലായ സൗമ്യ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മൂന്നു പേരെയും വിട്ടയ്ക്കും. ആദ്യ ഘട്ടത്തില്‍ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യും. പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനു ശേഷം ഇവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും.

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലീമ സുല്‍ത്താന എക്‌സൈസിന് നല്‍കിയ മൊഴി. പിന്നീട് എക്‌സൈസ് തസ്ലീമയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ തമ്മില്‍ വാട്‌സ്ആപ് കോളുകള്‍ നടത്തിയതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. തസ്ലീമയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് നേരത്തെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ ഷൈന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ശ്രീനാഥ് ഭാസിയുമായും തസ്ലീമ സുല്‍ത്താന വാട്‌സ്ആപ് ചാറ്റ് നടത്തിയതായും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകള്‍ നിരത്തയാകും എക്‌സൈസ് ചോദ്യം ചെയ്യുക.

ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ ജിന്റോ, സിനിമാ നിര്‍മാതാവിന്റെ സഹായി ജോഷി എന്നിവര്‍ക്ക് നാളെ മൊഴി നല്‍കാന്‍ എത്താന്‍ എക്‌സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തസ്ലീമ സുല്‍ത്താനയുമായി ഇവരെല്ലാം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. അത് ലഹരി ഇടപാടിനു വേണ്ടിയാണോ എന്നതാണ് ഇനി വ്യക്തമാകാനുള്ളത്.

ഷൂട്ടിങ് സെറ്റില്‍ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരേ അടിയന്തര നടപടികളുമായി പൊലീസും എക്‌സൈസും രംഗത്തുവന്നത്. വിന്‍സി ഔദ്യോഗികമായി നിയമ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കിലും ലഹരി ഉപയോഗത്തിന് നേരത്തെ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഡാന്‍സാഫ് പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഷൈന്‍ ഇറങ്ങിയോടിയതും വലിയ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ ദിവസം, സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ആലപ്പുഴ ജിംഖാന എന്ന സിനിമ തീയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് അതിന്റെ സംവിധായകനായ ഖാലിദ് റഹ്‌മാന്‍ അറസ്റ്റിലാകുന്നത്. ഇരുവര്‍ക്കുമെതിരേ നടപടികള്‍ക്ക് സിനിമാ സംഘടനകളും നടപടികള്‍ക്ക് ഒരുങ്ങുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+