മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിച്ചു, ഹൈബ്രിഡ് കേസ് പ്രതി തസ്ലീമയെ അറിയാമെന്നും ഷൈൻ
നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. താൻ രാസലഹരി ഉപയോഗിച്ചെന്ന് ഷൈൻ പോലീസിനോട് കുറ്റസമ്മതം നടത്തി. രാസലഹരിലായ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഷൈനിന്റെ മൊഴി. എന്നാൽ ഡാൻസാഫ് സംഘം കൊച്ചിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ദിവസം താൻ ലഹരിയൊന്നും ഉപയോഗിച്ചിരുന്നില്ലെന്നും നടൻ പോലീസിനോട് പറഞ്ഞു.
നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് ഷൈൻ ടോം ചാക്കോ കുറ്റസമ്മതം നടത്തിയത്. മൂന്ന് സിഐമാർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഷൈനിനെ ചോദ്യം ചെയ്തത്. തുടക്കത്തിൽ ഒറ്റവാക്കിലായിരുന്നു ഷൈനിന്റെ പല മറുപടികളും. എന്നാൽ തുടർച്ചയായുള്ള ചോദ്യം ചെയ്യലിൽ ഷൈൻ പതറി. ഇതോടെയാണ് കുറ്റസമ്മതം നടത്തിയത്.

മുൻപ് ലഹരി ഉപയോഗിച്ചതിന് തന്നെ ഡീ അഡിക്ഷൻ സെന്ററിൽ ആക്കിയിരുന്നതായി ഷൈൻ പോലീസിനോട് പറഞ്ഞു. പിതാവിായിരുന്നു തന്നെ കൂത്താട്ടുകുളത്തുള്ള സെന്ററിലെത്തിച്ചത്. എന്നാൽ 12 ദിവസത്തെ ചികിത്സയ്ക്ക് ശേഷം അവിടെ നിന്ന് മടങ്ങിയെന്നും ഷൈനിന്റെ മൊഴിയിൽ പറയുന്നു. ഉപയോഗിക്കാൻ ആവശ്യമായ ലഹരി സിനിമയിലെ അസിസ്റ്റന്റാണ് എത്തിച്ചിരുന്നതെന്നും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ തനിക്ക് അറിയാമെന്നും ഷൈൻ ടോം ചാക്കോ സമ്മതിച്ചു.
നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ വലിയ വെല്ലുവിളി ഉയർത്തിയായിരുന്നു ഷൈൻ പ്രതികരിച്ചിരുന്നത്. ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത് സംബന്ധിച്ച വാർത്ത വന്നപ്പോഴും പിന്നീട് നടനെതിരെ അന്വേഷണം ആരംഭിച്ചപ്പോഴുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പരിഹാസത്തോടെ ഷൈൻ പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി എത്തിയപ്പോഴും വലിയ ആത്മവിശ്വാസമാണ് ഷൈൻ പ്രകടിപ്പിച്ചത്. 10.30 ഹാജരാകാനാണ് പോലീസ് നോട്ടീസ് നൽകിയതെങ്കിലും 10 മണിയോടെ തന്നെ നടൻ എറണാകുളം നോർത്ത് സ്റ്റേഷനിലെത്തി. പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ എത്തിയത്.
നിലവിൽ എൻഡിപിഎസ് ആക്ടിലെ വകുപ്പ് 27,29 അനുസരിച്ചാണ് ഷൈനിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത. കുറ്റകൃത്യം നടത്താൻ ഗൂഢാലോചന നടത്തി എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ആറ് മാസം മുതൽ ഒരു വർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇത്. അതേസമയം ഉടൻ തന്നെ ഷൈനിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചായിരിക്കും പരിശോധന. ഷൈനിന്റെ നഖത്തിന്റേയും മുടിയുടേയും അടക്കമുള്ള സാമ്പിളുകൾ പരിശോധിക്കും.
ഇതാദ്യമല്ല ഷൈൻ ടോം ചാക്കോ ലഹരിക്കേസിൽ അറസ്റ്റിലാകുന്നത്. നേരത്തേ 2012 ലും ഷൈൻ പിടിലായിരുന്നു. അന്ന് കൊക്കൈൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനായിരുന്നു കേസ്. എന്നാൽ കേസിൽ മതിയായ തെളിവ് ഇല്ലാത്തതിനാൽ ഷൈനിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. അന്ന് പോലീസ് വീഴ്ചയ്ക്കെതിരെ വലിയ തോതിലുള്ള ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇത്തവണ പഴുതടച്ചുള്ള അന്വേഷണമായിരിക്കും പോലീസ് സ്വീകരിക്കുക.
അതേസമയം ലഹരി ഉപയോഗിച്ചതിന് അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ ഇനി താരസംഘടന നടനെ പുറത്താക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. നടി വിൻസിയുടെ പരാതിയിൽ ഷൈനിനെതിരെ സംഘടന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിനു മോഹൻ അടക്കമുള്ള താരങ്ങളാണ് പരാതി അന്വേഷിക്കുന്നത്. സംഘടന വിൻസിക്കൊപ്പമാണെന്നും ഷൈൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് തന്നോട് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെയാണ് നടനെതിരെ അന്വേഷണം നടന്നത്. തുടക്കത്തിൽ കേസെടുക്കാൻ തക്ക പരാതികൾ ഇല്ലെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ഇറങ്ങിയോടിയതോടെയാണ് നടനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications