'ഷൈന്‍ സെറ്റില്‍ സൂപ്പര്‍'; ഇനി വിന്‍സിയുടെ പരാതിയുടെ ഭാവി?; തള്ളാനും കൊള്ളാനും വയ്യാതെ സിനിമാ സംഘടനകള്‍
ഷൂട്ടിങ് സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടി വിന്‍സി അലോഷ്യസ് പൊട്ടിച്ച വിവാദ ബോംബിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റോടെ ഇനിയും ഏറെനാള്‍ ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ തുടരും എന്ന് ഉറപ്പായി. ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്ന് ആശയക്കുഴപ്പത്തിലാണ് മലയാള സിനിമാ മേഖല. പ്രത്യേകിച്ച് ചലച്ചിത്ര സംഘടനകള്‍.
സമൂഹ മാധ്യമത്തിലൂടെയായിരുന്നു നടി വിന്‍സി അലോഷ്യസ് ആദ്യം ആരോപണം ഉന്നയിച്ചത്. തന്റെ സിനിമയുടെ സെറ്റില്‍ വച്ച് അതിലെ ഒരു നടന് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. നടന്റെയും സിനിമയുടെയും പേര് തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ചലച്ചിത്ര സംഘടനകള്‍ക്ക് നല്കിയ പരാതിയിലാണ് അത് ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തിയത്. സിനിമ സൂത്രവാക്യമാണെന്നും.

ചലച്ചിത്ര സംഘടനയായ ഫിലിം ചേംബറിനും താരസംഘടന അമ്മയ്ക്കുമാണ് നടി ഇതുവരെ പരാതി നല്‍കിയത്. താരസംഘടനയായ അമ്മ മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ സരയൂ, അന്‍സിബ, വിനു മോഹന്‍ എന്നിവരായിരുന്നു അന്വേഷണ കമ്മിറ്റി. ഇവര്‍ വിന്‍സിയോട് വിവരങ്ങളും തിരക്കി.
ഫിലിം ചേംബറിന് നല്കിയ പരാതിയില്‍ തിങ്കളാഴ്ച തീരുമാനം ഉണ്ടായേക്കും. ചേംബറിന്റെ പ്രത്യേക യോഗം ഇതിനായി ചേരുന്നുണ്ട്. ടോം ചാക്കോയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് അടക്കം ആലോചനയില്‍ ഉണ്ടെന്നാണ് സൂചന.
എന്നാല്‍ ചേംബറിന് നല്കിയ പരാതി ചോര്‍ന്നത് ചോദ്യം ചെയ്ത് നടി വിന്‍സി അലോഷ്യസ് രംഗത്ത് എത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയുടെ പേരും സൂത്രവാക്യം സിനിമയുടെ പേരും മാധ്യമങ്ങളോട് പറഞ്ഞതിലായിരുന്നു നടിയുടെ അതൃപ്തി. ഇടഞ്ഞു നില്ക്കുന്ന വിന്‍സിയെ എങ്ങനെ അനുനയിപ്പിക്കും എന്നുള്ളതാണ് ചേംബറിനു മുന്നിലുള്ള പ്രധാന ചോദ്യം. താന്‍ നല്കിയ പരാതി അതേപടി ചോര്‍ത്തിയ ചേംബര്‍ നിലപാട് ചോദ്യം ചെയ്തുകൊണ്ട് നടി പരസ്യമായി രംഗത്തെത്തുകയും ചെയ്തു.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും എല്ലാത്തിനും തുടക്കമിട്ട വിന്‍സി അലോഷ്യസിന്റെ ആരോപണത്തില്‍ നടപടി ഒന്നുമായിട്ടില്ല. അതിന് കാരണം നടി പരാതി നല്‍കാത്തതാണ്. പൊലീസിന്റെയും എക്സൈസിന്റെ അന്വേഷണത്തോട് സഹകരിക്കാന്‍ താല്പര്യമില്ലെന്ന് നടി പരസ്യമായി അറിയിക്കുകയും ചെയ്തു.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും അന്വേഷണ സാധ്യത പരിശോധിച്ചിരുന്നു. എന്നാല്‍ പരാതിയുമായി രംഗത്ത് വരാന്‍ താല്പര്യമില്ലെന്ന മറുപടിയാണ് നടി അവരോടും പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ അപമര്യാദയായി പെരുമാറി എന്ന ആരോപണത്തില്‍ ഔദ്യോഗിക തലത്തില്‍ അന്വേഷണങ്ങള്‍ ഉണ്ടാകാത്തത്.
അതേസമയം, ലഭിച്ച പരാതിയില്‍ അന്വേഷണം തുടരുമെന്നാണ് ചലച്ചിത്ര സംഘടനകളുടെ നിലപാട്. അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം ഷൈനെതിരേ എന്ത് നടപടി വേണമെന്ന് താരസംഘടനയായ അമ്മ തീരുമാനിക്കും. ആരോപണത്തില്‍ നടി ഉറച്ചുനിന്നാല്‍ താര സംഘടനയായ അമ്മയില്‍ നിന്ന് ഷൈനെ സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ട്. സംഘടനയില്‍ നിന്ന് പുറത്താക്കണമെങ്കില്‍ അത് ജനറല്‍ ബോഡിക്ക് മാത്രമേ കഴിയൂ. ഇത്തരം പരാതികളോ കേസുകളോ ഉണ്ടായാല്‍ അത്തരക്കാരെ സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നതാണ് സമീപകാല രീതി. അമ്മ ഭാരവാഹിയായിരുന്ന നടന് സിദ്ദിഖിന്റെ കാര്യത്തില്‍ അടക്കം ഇതാണ് സംഭവിച്ചത്.
ഇപ്പോഴത്തെ നിലയില്‍ നടി വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ പരാതിയുമായി എത്രകണ്ടു മുന്നോട്ടു പോകും എന്നതില്‍ സിനിമ സംഘടനകള്‍ക്കിടയിലും സംശയങ്ങളുണ്ട്. പ്രത്യേകിച്ചും ആദ്യ ആരോപണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് നടി നിലപാട് മയപ്പെടുത്തിയ സാഹചര്യത്തില്‍.
ആക്ടിവിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ വിന്‍സി അലോഷ്യസിന്റെ നിലപാട് മാറ്റത്തില്‍ കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ചലച്ചിത്ര സംഘടനകള്‍ക്കിടയിലും ഇതേ അതൃപ്തി ഉണ്ടെന്നാണ് മനസിലാക്കുന്നത്. മാല പാര്‍വതി, സ്വാസിക അടക്കമുള്ള ചില സഹപ്രവര്‍ത്തകരാകട്ടെ ഷൈന്‍ സെറ്റില്‍ അച്ചടക്കമുള്ള നടനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ഏതാനും ചിത്രങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച നടി എന്ന നിലയില്‍ വിന്‍സി അലോഷ്യസ് കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയിരുന്നു. കച്ചവട സിനിമകള്‍ക്കൊപ്പം സമാന്തര സിനിമകളിലും സജീവമായി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം അടക്കം നേടി. മലയാളത്തിലെ പ്രമുഖനായ നടനെതിരെ ശക്തമായ ആരോപണം ഉന്നയിച്ചിട്ടും നിയമ നടപടികളുമായി മുന്നോട്ടുപോകാത്ത നടിയുടെ നിലപാടാണ് പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഒരു ഘട്ടത്തില്‍ ഇത് സൂത്രവാക്യം സിനിമയുടെ പ്രമോഷന് ആണോ എന്നു പോലും സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതിന് മറുപടിയുമായി സൂത്രവാക്യം സിനിമയുടെ അണിയറ പ്രവര്‍ത്തകരും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തി രംഗത്തെത്തി. രാവും പകലും ഇല്ലാതെ 40 ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയാണ് ഇതെന്നും നടിയുടെ പരാതി തങ്ങളുടെ മുമ്പില്‍ എത്തിയിരുന്നില്ല എന്നുമാണ് സംവിധായകന് അടക്കമുള്ളവര്‍ പറഞ്ഞത്. ഇത്തരമൊരു പരാതിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സംവിധായകന് യൂജിന്‍ ജോസ് ചിറമ്മേലും വ്യക്തമാക്കിയത്.
സിനിമാ സെറ്റില്‍വെച്ച് വിന്‍സി അലോഷ്യസ് തങ്ങളോട് ഇത്തരം ഒരു ആരോപണം ഷൈന്‍ ടോം ചാക്കോയെ കുറിച്ച് പറഞ്ഞിരുന്നില്ല. 25 ദിവസത്തെ ഷൂട്ട് ആയിരുന്നു ഷൈന്‍ ടോം ചാക്കോയ്ക്ക് ഉണ്ടായിരുന്നത്. കൃത്യസമയത്ത് ഷൂട്ടിങ് സെറ്റില്‍ എത്തിയിരുന്ന നടന് ചിത്രീകരണത്തോട് പൂര്‍ണമായും സഹകരിച്ചിരുന്നു.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാതി ഉന്നയിച്ച നടി അന്ന് ഒരു ആരോപണവും ഈ കമ്മിറ്റിയില്‍ അറിയിച്ചിട്ടില്ല. അറിയിച്ചിരുന്നെങ്കില്‍ സ്വാഭാവികമായും അന്വേഷണം ഉണ്ടാകുമായിരുന്നു. ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി സിനിമാ സെറ്റില്‍ ഇല്ലായിരുന്നു എന്ന ആരോപണം ശരിയല്ല. അത്തരം ഒരു പരാതി തങ്ങളുടെ ശ്രദ്ധയില്‍ വരാത്തതുകൊണ്ടും ഔദ്യോഗികമായി അറിയിക്കാതിരുന്നത് കൊണ്ടുമാണ് പരിശോധിക്കാതിരുന്നത്.
നടി വിന്‍സി അലോഷ്യസിന്റെ മലയാള സിനിമയിലെ തുടര്ഭാവിയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. പ്രത്യേകിച്ച് സെറ്റുകളിലെ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ നടിമാര്‍ അടക്കമുള്ളവര്‍ക്ക് മുന്‍ കാലങ്ങളില്‍ അപ്രഖ്യാപിത വിലക്ക് നേരിട്ടിട്ടുള്ള സാഹചര്യത്തില്‍ വിന്‍സിയും ഭാവിയും കാത്തിരുന്ന് കാണേണ്ടതുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍വതി തെരുവോത്ത് അടക്കമുള്ള നടിമാര്‍ രംഗത്ത് എത്തിയിരുന്നു. സിനിമാ മേഖലയിലെ ദുഷ്പ്രവണതകളെ കുറിച്ച് പൊതു സമൂഹത്തോട് തുറന്നു പറഞ്ഞതിന്റെ പേരില്‍ തങ്ങള്‍ക്ക് പിന്നീട് സിനിമകളില്ലാതായെന്ന് പാര്‍വതി അടക്കമുള്ളവര്‍ വെളിപ്പെടുത്തുകയും ചെയ്തു. ഈ അപ്രഖ്യാപിത വിലക്ക് വിന്‍സി അലോഷ്യസിനെയും തേടിയെത്തുമോ എന്നാണ് പലരും സംശയിക്കുന്നത്.
ഇന്നലെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ഷൈന്‍ അറസ്റ്റിലാകുന്നത്. ശ്രീനാഥ് ഭാസി അടക്കമുള്ളവരുടെ പേരുകളും ആരോപണ നിഴലിലുണ്ട്. ഷൈന്റെ അറസ്റ്റും വിന്‍സിയും പരാതിയും സിനിമാ സെറ്റുകളില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരുമോ എന്ന ആകാംക്ഷ എല്ലാവരിലും ഉണ്ട്. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിട്ടു കണ്ടവര്‍ പോലും മൗനം പാലിക്കുമ്പോഴാണ് വിന്‍സിയുടെ പരാതി പൊതുസമൂഹത്തില്‍ ശ്രദ്ധേയമാകുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications