'അമാവാസി നാളില്‍ 3 മണിക്കൂറോളം പുഴയില്‍ വെള്ളം കുറയും'; തിരച്ചിലിന് തയ്യാറെന്ന് മാല്‍പെ
ഷിരൂർ: ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മാൽപെ. അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ ആണ് ഇക്കാര്യം പറഞ്ഞത്.
3 മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണ് കരുതുന്നത്. അർജുന്റെ ബന്ധുക്കൾ ഇന്ന് രാവിലെ ഷിരൂരിൽ എത്തും. ഈശ്വർ മാൽപെ നേരത്തെ പുഴയിലിറങ്ങി തിരഞ്ഞിരുന്നെങ്കിലും അർജുനെ കണ്ടെത്താൻ ആയിരുന്നില്ല. പുഴയിലെ ഒഴുക്ക് തിരച്ചിലിന് വെല്ലുവിളിയായിരുന്നു.

അതേ സമയം ദേശീയപാതയിൽ ഷിരൂരിലൂടെ ഗതാഗതം പുനരാരംഭിച്ചു. ജൂലായ് 16 മുതലാണ് അർജുനെ കാണാതായത്. അർജുൻ അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് നിന്നായിരുന്നു. ഇവിടെ നിന്നാണ് ലോറിയുടെ ജി പി എസ് സിഗ്നൽ ലഭിച്ചതും. മണ്ണ് ഇടിഞ്ഞ് വീഴുമ്പോൾ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും കാറും നിർത്തിയിട്ടിരുന്നു എന്നാണ് വിവരം.
ജൂലായ് 16 ന് അപകടം നടന്നതിന് പിന്നാലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരമാണ് പാതയിലെ ഗതാഗതം നിരോധിച്ചത്. മണ്ണിടിച്ചിൽ അപകടം ഉണ്ടായ പ്രദേശത്ത് ഏതാണ്ട് നാല് കിലോ മീറ്റർ ദൂരത്ത് ദേശീയ പാതയിൽ ഇരുവശത്തേക്കും ബാരിക്കേഡുകൾ വെച്ചായിരുന്നു ഗതാഗതം തടഞ്ഞിരുന്നത്.
നിലവിൽ നിയന്ത്രണങ്ങളോടെയാണ് പാത തുറന്ന് കൊടുത്തത്. 20 കിലോ മീറ്റർ വേഗതയിൽ ആണ് ഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതിനായി സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും ഉൾപ്പെടെ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുന്നിൽ നിന്ന് വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു അറിയിച്ചിട്ടുണ്ട്.
അതേ സമയം, ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ തിരച്ചിലിന് തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട്.
കോഴിക്കോട് പേരാമ്പ്ര മലയിൽ ഇൻഡസ്ട്രീസ് കേരള കാർഷിക സർവകലാശാലയ്ക്ക് നിർമ്മിച്ച് നൽകിയ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് കോൾപ്പടവുകളോട് ചേർന്ന കനാലുകളിലെയും തോടുകളിലേയും ചണ്ടി കോരുന്നതിനാണ് ഉപയോഗിക്കുന്നത്. വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കാം. ആറ് മീറ്റർ വരെ ആഴത്തിൽ ഇരുമ്പ് തൂണുകൾ താഴ്ത്തി പ്രവർത്തിപ്പിക്കാം.












Click it and Unblock the Notifications