അര്‍ജുനെ കാണാതായിട്ട് ഒരുമാസം; ഈശ്വര്‍ മാല്‍പെയും സംഘവും വീണ്ടും തിരച്ചിലിന്
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഇന്ന് ഒരു മാസം. ജൂലൈ 16 നാണ് അര്‍ജുനും ലോറിയുമടക്കം കാണാമറയത്ത് മറഞ്ഞത്. അന്നേ ദിവസം പുലര്‍ച്ചെയാണ് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയെ ഉള്‍പ്പെടെ കവര്‍ന്ന് ദേശീയ പാത 66 ല്‍ ഷിരൂര്‍ വില്ലേജിലെ കാര്‍വാറിന് സമീപം അങ്കോളയില്‍ മണ്ണിടിച്ചില്‍ അപകടം ഉണ്ടായത്.
പിന്നീട് പ്രദേശത്ത് നിന്ന് പത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും അര്‍ജുനും കര്‍ണാടക സ്വദേശികളായ മറ്റ് രണ്ട് പേരും ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ഷിരൂര്‍ കുന്നിടിഞ്ഞ് താഴേയുള്ള ഗംഗാവലി പുഴയിലേക്കാണ് വീണത്. ആ സമയം പുഴയില്‍ അതിശക്തമായ ഒഴുക്കുണ്ടായിരുന്നതും കനത്ത മഴയും എല്ലാം തിരച്ചിലിന് വിലങ്ങുതടിയായി. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ രണ്ടാഴ്ചയോളം തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിരുന്നു.

ഇന്നും ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടക്കും. തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ മുങ്ങല്‍ വിദഗ്ധരായിരിക്കും തെരച്ചില്‍ നടത്തുക. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും കയറും കിട്ടിയിരുന്നു. ഈ ഭാഗത്താണ് ഇന്ന് പരിശോധന നടത്തുക. രാവിലെ ഒമ്പത് മണിക്ക് തിരച്ചില്‍ ആരംഭിക്കും. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘാംഗങ്ങള്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവരാണ് തിരച്ചിലിന് ഉണ്ടാകുക.
ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നല്‍കിയാല്‍ നാവിക സേനയും എത്തും. അതേസമയം ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ട് എന്നാണ് ഈശ്വര്‍ മല്‍പെ പറയുന്നത്. നിലവില്‍ രണ്ട് നോട്‌സ് മാത്രമാണ് പുഴയിലെ ഒഴുക്ക് എന്നും പുഴയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെയിലുള്ള സമയത്ത് രാവിലെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകും.
മണ്‍തിട്ടകള്‍ നീക്കിയുള്ള തിരച്ചിലിലൂടെ മാത്രമേ ദൗത്യം വിജയിക്കൂ എന്നാണ് ഉത്തര കന്നട ജില്ല ഭരണകൂടത്തിന്റെ നിഗമനം. മണ്ണുനീക്കി തിരച്ചില്‍ നടത്താനായി ഗോവ സര്‍ക്കാര്‍ ഡ്രഡ്ജര്‍ ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കിയതായി സതീഷ് കൃഷ്ണ സെയ്ല്‍ എംഎല്‍എ അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ ബോട്ടുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താം എന്നാണ് പ്രതീക്ഷ.
ഡ്രഡ്ജര്‍ എത്തിക്കാന്‍ വരുന്ന ലക്ഷങ്ങളുടെ ചെലവ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വഹിക്കും. അര്‍ജുന് പുറമേ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയാണ് കണ്ടെത്താനുള്ളത്.












Click it and Unblock the Notifications