'ഇവിടെ മൊത്തം ദുരൂഹതയാണ്, പലതും ഒളിക്കുന്നു', കോഴിക്കോട്ടെ റെസ്‌ക്യൂ ടീം കണ്ടത്
മംഗലാപുരം: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പോരായ്മകളുണ്ട് എന്ന് കോഴിക്കോട് മുക്കത്ത് നിന്ന് പോയ സന്നദ്ധപ്രവര്‍ത്തകര്‍. എന്റെ മുക്കം, കര്‍മ്മ ഓമശ്ശേരി, പുല്‍പ്പറമ്പ് രക്ഷാ സേന എന്നീ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്നലെ സ്വന്തം നിലക്ക് അര്‍ജുനായുള്ള തിരച്ചിലിനായി ഷിരൂരില്‍ എത്തിയത്. എന്നാല്‍ തങ്ങളെ ക്ഷാപ്രവര്‍ത്തനത്തിന് അധികൃതര്‍ അനുവദിക്കുന്നില്ല എന്ന് സംഘാംഗങ്ങള്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
തങ്ങള്‍ക്കൊപ്പം ആഴങ്ങളില്‍ ചെന്ന് പരിശോധിക്കാന്‍ പരിശീലനം നേടിയവരുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജുന്‍ ലോറിക്കുള്ളില്‍ തന്നെയാണോ അതോ പുറത്തേക്ക് പോയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. പുഴയില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൊണ്ടുള്ള തിരച്ചില്‍ വേണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഇവിടെ വന്നതോടെ തന്നെ കരയില്‍ വണ്ടിയുണ്ടാകാം എന്ന പ്രതീക്ഷയില്ലായിരുന്നു. ഇനി കരയില്‍ ഉണ്ടെങ്കില്‍ തന്നെ താഴെ ഭാഗത്തെ ഉണ്ടാകൂ. സൈന്യത്തിന് അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ മുതല്‍ അവിടെ വരെ നോക്കിയാല്‍ മതി. ഞങ്ങളാണെങ്കില്‍ നീന്തിപ്പോയി പൈപ്പെങ്കിലും താഴ്ത്തി നോക്കിയേനെ. അതല്ലെങ്കില്‍ ഒരു ഏഴ് കിലോമീറ്റര്‍ അപ്പുറത്ത് പോയി നോക്കിയേനെ.
നമ്മുടെ സഹോദരന്‍ ലോറിയില്‍ നിന്ന് പുറത്ത് പോയിട്ടുണ്ടോ എന്ന് അറിയാമായിരുന്നു. ഇതിനൊന്നും ആരും അനുവദിക്കുന്നില്ല. എത്ര വാതിലുകള്‍ മുട്ടി നോക്കി. ഇവിടെ എന്തൊക്കയോ ദുരൂഹതകളാണ്. ആര്‍ക്കും എവിടേക്കും ഇറങ്ങാന്‍ പറ്റില്ല, എന്തൊക്കയോ ഒളിച്ചുവെക്കണം എന്നുണ്ട് എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. നമ്മളുടെ നാട്ടില്‍ അങ്ങനെ അല്ല. ഞങ്ങളുടെ നാട്ടില്‍ ഒരു കുട്ടി പോയിട്ട് 18 ദിവസമാണ് തിരഞ്ഞത്.
എന്‍ഡിആര്‍എഫ് പോയി കഴിഞ്ഞിട്ടും മുക്കം ഫയര്‍ഫോഴ്‌സിനൊപ്പം നിന്ന് ഞങ്ങള്‍ പ്രയത്‌നിച്ചിട്ടുണ്ട്. മലയില്‍ നിന്ന് മണ്ണിടിഞ്ഞത് വെച്ച് നോക്കുമ്പോള്‍ വണ്ടിയുടെ നേരെ മുകളിലേക്കായിരിക്കും മണ്ണ് വന്ന് വീണിട്ടുണ്ടാകുക. അങ്ങനെ വരുമ്പോള്‍ അത് അവിടെ നിന്ന് നീങ്ങി പോകാനുളള സാധ്യത കുറവാണ്. ആ മണ്‍കൂനയിലും പുഴയിലുമൊക്കെ പോയി പരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.
ആഴങ്ങളില്‍ പോയി പരിശോധിച്ച് പരിശീലനം ലഭിച്ചവര്‍ ഞങ്ങള്‍ക്കിടയിലുണ്ട്. ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കമുള്ളവയുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അഞ്ച് ദിവസമാണ് തണുപ്പുള്ള വെള്ളത്തില്‍ മനുഷ്യശരീരം കിടക്കുക. അത് കഴിഞ്ഞാല്‍ ശരീരം വെള്ളത്തില്‍ പൊങ്ങും. ആ സമയത്തൊക്കെ വെള്ളത്തില്‍ തിരച്ചില്‍ നടത്തണമായിരുന്നു. അല്ലെങ്കില്‍ ഈ ശരീരം വീണ്ടും താഴേക്ക് പോകുകയും പിന്നെ പൊങ്ങാതിരിക്കുകയും ചെയ്യും.'












Click it and Unblock the Notifications