ലോറി കരക്കെത്തിച്ചു; മൃതദേഹഭാഗങ്ങൾ തുടർനടപടികൾക്ക് കൊണ്ടുപോയി, ഡിഎൻഎ പരിശോധന നടത്തും
ഷീരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിക്കകത്ത് ഉണ്ടായിരുന്ന മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് തുടർനടപടികൾക്ക് കൊണ്ടുപോയി. ഡി എൻ എ പരിശോധന നടത്തും. പരിശോധന ഫലം സ്ഥിരീകരിച്ച ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. ലോറിയുടെ കാബിനകത്ത് കണ്ടെത്തിയ മൃതദേഹം എസ് ഡി ആർ എഫ് ഉദ്യോഗസ്ഥന്ഡ പരിശോധന നടത്തിയ ശേഷമാണ് പുറത്തെടുത്തത്.
ക്രെയിൻ അടക്കമുള്ള യന്ത്ര സഹായത്തോടെയായിരുന്നു ലോറിയുടെ ഭാഗങ്ങൾ കരയ്ക്കെത്തിച്ചത്. കരയിൽ നിന്ന് 65 മിറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. ലോഹ ഭാഗത്തിന്റെ സിഗ്നൽ ലഭിച്ച സി പി രണ്ട് പോയിന്റിൽ നടത്തിയ തിരച്ചിലിലാണ് 12 മീറ്റർ ആഴത്തിൽ നിന്നും ലോറിയുയർത്തിയത്. അപകടം നടന്ന് 71 ാം ദിവസമാണ് ലോറി കണ്ടെത്തിയത്.

റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്ന് നടത്തിയത്. ഐ ബോഡ് പരിശോധനയിൽ ജി പി എസ് സംവിധാനം ഉപയോഗിച്ച് അടയാളപ്പെടുത്തിയ ഭാഗമാണ്. നാവിക സേനയുടെ സംഘം അടക്കമാണ് തിരച്ചിലിന് ഉണ്ടായിരുന്നത്.
രാവിലെ മുങ്ങൽ വിദഗ്ധർ പുഴയിൽ പരിശോധന നടത്തിയപ്പോൾ വലിയ വാഹന ഭാഗം കണ്ടെത്തിയിരുന്നു. പിന്നാലെ അണ്ടർ വാട്ടർ കാമറയുടെ സഹായത്തോടെ ചിത്രം പകർത്തി ലോറി ആണെന്ന് ഉറപ്പ് വരുത്തി. വീണ്ടും കൂടുതൽ മുങ്ങൽ വിദഗ്ധർ ഇവിടം പരിശോധിച്ചു. പിന്നാലെയാണ് ലോറി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്.
ജൂലായ് 16 നാണ് രാവിലെയാണ് ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണ് ഇടിഞ്ഞത് അർജുൻ ഉൾപ്പെടെ ഉള്ള 11 പേരെ കാണാതായി. 8 പേരുടെ മൃതദേഹം ലഭിച്ചു. എന്നാൽ അർജുന്റേയും ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയായിരുന്നു രക്ഷാപ്രവർത്തനത്തിന് തടസമായത്. മഴ കാരണം രക്ഷാദൗത്യം തടസ്സപ്പെട്ടും ദിവസങ്ങളോളം തിരച്ചിൽ നിർത്തി വെച്ചു.
ഓഗസ്റ്റ് 16 നാണ് തിരച്ചിൽ നിർത്തിയത്. പിന്നീട് അർജുന്റെ കുടുംബം കർടാക മുഖ്യമന്ത്രിയെ കണ്ട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് വീണ്ടും തിരച്ചിൽ തുടർന്നത്. ഡ്രഡ്ജറെത്തിച്ചാണ് തിരച്ചിൽ വീണ്ടും ആരംഭിച്ചത്. അതേ സമയം, കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിൽ തുടരും എന്ന് എം എൽ എ അറിയിച്ചു.












Click it and Unblock the Notifications